വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ഞെട്ടിക്കാൻ ദിലീഷ് പോത്തൻ; 'ചെവിട്ടോർമ്മ' ബുസാൻ ചലച്ചിത്ര മേളയിലേക്ക്

ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു

സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍ എന്നീ വിവിധ തലങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ദിലീഷ് പോത്തന്‍ നായകനായ ഏറ്റവും പുതിയ ചിത്രം പ്രശസ്തമായ ബുസാന്‍ ചലച്ചിത്ര മേളയിലേക്ക്. എഴുത്തുകാരനും സംവിധായകനുമായ ലിയോ തദ്ദേവൂസ് ഒരുക്കിയിരിക്കുന്ന 'ചെവിട്ടോര്‍മ്മ' ഒക്ടോബറില്‍ നടക്കുന്ന കൊറിയയിലെ ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഔദ്യോഗി എന്‍ട്രിയായാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിന്‍ഡോ റ്റു ഏഷ്യന്‍ സിനിമ എന്ന വിഭാഗത്തിലാണ് ചിത്രം അവിടെ പ്രദര്‍ശിപ്പിക്കുന്നത്. ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

'രക്ഷാധികാരി ബൈജു ഒപ്പ്', 'ഈ.മാ.യൗ', 'ജോസഫ്', 'ട്രാന്‍സ്', 'ഓ ബേബി', 'റൈഫിള്‍ ക്ലബ്ബ്', 'റോന്ത്', 'ഒരു ദുരൂഹ സാഹചര്യത്തില്‍' തുടങ്ങി നൂറിലേറെ സിനിമകളില്‍ ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങളിലെത്തിയിട്ടുള്ള ദിലീഷ് പോത്തന്റെ മറ്റൊരു വേറിട്ട കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് സിനിമയുടേതായിറങ്ങിയ പോസ്റ്ററില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്. ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ മരണകിടക്കയില്‍ കിടക്കുന്നവര്‍ക്ക് അന്ത്യപ്രാര്‍ഥനകള്‍ ചൊല്ലി അവരെ എല്ലാ കെട്ടുപാടുകളില്‍നിന്നും വിടുവിച്ച് ഒരു സമാധാന മരണത്തിന് സഹായിക്കുന്ന ത്രേസ്യയും പ്രമാണിയായ പായമ്മല്‍ വര്‍ക്കിച്ചനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് സിനിമയുടെ ഇതിവൃത്തം.

ഓസ്‌ട്രേലിയന്‍ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്‌ലി ഫ്രെയിംസ്, അണ്‍കോംബ്ഡ് ബുദ്ധ, എസ് ഫോര്‍ സിനിമാസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസറും സ്‌ക്രിപ്റ്റ് എഡിറ്ററുമായ സ്റ്റീഫന്‍ സക്കറിയാസിന്റെ നേതൃത്വത്തില്‍ ലോകന്‍ രവി, ജേക്കബ് സക്കറിയാസ്, ആദിത്യ ഗ്രോവര്‍, ഹര്‍ഷ് അഗര്‍വാള്‍, സാജന്‍ ബാലന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. എയ്റ്റ്ത് ഡേ പ്രൊഡക്ഷന്‍സ്, ഗിറെല്ലി പ്രൊഡക്ഷന്‍സ്, വെരിറ്റേ പിക്‌ചേഴ്‌സ്, ടൂര്‍നാഗ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളാണ് സഹനിര്‍മ്മാതാക്കളായുള്ളത്.

എന്‍എഫ്ഡിസി കോ- പ്രൊഡക്ഷന്‍ മാര്‍ക്കറ്റ്, കാന്‍സ് കോ- പ്രൊഡക്ഷന്‍ ഡേ, എന്‍.എഫ്.ഡി.സി. വര്‍ക്കിങ് പ്രോഗ്രസ്സ് ലാബ് എന്നിവയിലും ചിത്രം പ്രദര്‍ശിപ്പിക്കുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധ നേടിയ എഡിറ്റര്‍ കാര്‍ലോ ഫ്രാന്‍സിസ്‌കോ മനടാഡ് (ഫ്രാന്‍സ്), സംഗീത സംവിധായകന്‍ മിലാദ് മോവഹെദി (ഇറാന്‍) തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: സ്വരൂപ് ശോഭ ശങ്കര്‍, എഡിറ്റര്‍: കാര്‍ലോ ഫ്രാന്‍സിസ്‌കോ മനടാഡ് (ഫ്രാന്‍സ്), പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോസഫ് നെല്ലിക്കല്‍, സംഗീത സംവിധാനം: മിലാദ് മോവഹെദി (ഇറാന്‍), മേക്കപ്പ്: റൊണക്സ് സേവ്യര്‍, സിങ്ക് സൗണ്ട്, സൗണ്ട് ഡിസൈന്‍: രാജേഷ് ശശീന്ദ്രന്‍, സൗണ്ട് മിക്സിങ്: തപസ് നായക്, വസ്ത്രാലങ്കാരം: രഞ്ജിനി മേരി റെജി, കലാസംവിധാനം: റോസ്മി അനുമോദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നോബിന്‍ കുര്യന്‍, കളറിസ്റ്റ്: റോബര്‍ട്ട് ലാങ്, ട്രെയിലര്‍ കട്ട്: ഡോണ്‍ മാക്‌സ്, അസ്സോ.ഡയറക്ടര്‍: അമൃത പാലശ്ശേരി, ഗ്രാഫിക്‌സ്: ബിനോയ് സൈമണ്‍, പബ്ലിസിറ്റി ഡിസൈന്‍: യദു മുരുകന്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Dileesh Pothan stuns with an amazing performance; 'Chevittormma' heads to the Busan International Film Festival.

To advertise here,contact us