ജയസൂര്യയുടെ പാന്‍-ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലര്‍ 'ഓപ്പറേഷന്‍ ത്രാള്‍' ടീസര്‍ പുറത്തിറങ്ങി

ജയസൂര്യയുടെ അന്വേഷണവും ആക്ഷനും നിറഞ്ഞ എന്‍ഐഎ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാന്‍-ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലര്‍ 'ഓപ്പറേഷന്‍ ത്രാള്‍'ന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് 'ഓപ്പറേഷന്‍ ത്രാള്‍'. എന്‍.ഐ.എ ഓഫീസറായാണ് ജയസൂര്യ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സായുധ സേനയും തീവ്രവാദികളും തമ്മില്‍ നടന ശ്രദ്ധേയമായ ഏറ്റുമുട്ടലുകളും തുടര്‍ന്നുള്ള രഹസ്യാന്വേഷണങ്ങളിലേക്കും സൂചന നല്‍കുന്നതാണ് ടീസര്‍. ചിത്രത്തിന്റെ വിശാലമായ ലോകവും സംഘര്‍ഷഭരിതമായ അന്തരീക്ഷവും ടീസറില്‍ കാണാം. കഥയിലെ നിര്‍ണായക വിവരങ്ങളൊന്നും വെളിപ്പെടുത്താതെയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. സംഭവത്തിന്റെ യാഥാര്‍ഥ്യം, അന്വേഷണം എങ്ങോട്ടാണ് നീളുന്നത്, അതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന സത്യമെന്താണ് തുടങ്ങി നിരവധി ചോദ്യങ്ങള്‍ പ്രേക്ഷകരില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്.

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന സിനിമയാണ് 'ഓപ്പറേഷന്‍ ത്രാള്‍'. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന ഓഫീസറിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് എന്‍.ഐ.എ ഓപ്പറേഷനുകളുടെ സങ്കീര്‍ണതകളും അപകടങ്ങളും ചിത്രം അവതരിപ്പിക്കുന്നു. സത്യത്തിലേക്കുള്ള അന്വേഷണം അപകടം നിറഞ്ഞ ദൗത്യമായി മാറുന്ന കഥയാണ് 'ഓപ്പറേഷന്‍ ത്രാള്‍' അവതരിപ്പിക്കുന്നത്.

തീവ്രമായ അന്വേഷണ രംഗങ്ങള്‍ക്കൊപ്പം ആക്ഷന്‍ മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ജയസൂര്യയുടെ വേറിട്ടൊരു ആക്ഷന്‍ അവതാരമാണ് കാണാനാകുക. എന്‍.ഐ.എ ഓപ്പറേഷനും അന്വേഷണവും ഹൈ-സ്റ്റേക്‌സ് ആക്ഷനും ഒരുമിക്കുന്ന കഥയുടെ കേന്ദ്രബിന്ദുവായി ജയസൂര്യയുടെ കഥാപാത്രം മാറുന്നു.

കേരളം, കോയമ്പത്തൂര്‍, ന്യൂഡല്‍ഹി, കുളു, മണാലി, മുസ്സൂറി, ലഡാക്ക് എന്നിവിടങ്ങളിലായാണ് 'ഓപ്പറേഷന്‍ ത്രാള്‍' വിപുലമായി ചിത്രീകരിച്ചിരിക്കുന്നത്. പാന്‍-ഇന്ത്യന്‍ തലത്തില്‍ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുകയാണ്. രചനയും സംവിധാനവും നിര്‍വഹിക്കുന്നതിനൊപ്പം ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് രതീഷ് വേഗ തന്നെയാണ്.

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മുരളി ശര്‍മ്മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാര്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, റിതിക സിംഗ്, കാവ്യ ഷെട്ടി, ആന്‍സണ്‍ പോള്‍, സിറാജുദ്ദീന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ പാന്‍-ഇന്ത്യന്‍ താരനിരയുടെ ഭാഗമായി ബോളിവുഡ് താരങ്ങളായ വിക്രം കൊച്ചാര്‍, യഷ് പാല്‍ ഗേര, മിര്‍ സര്‍വര്‍, ചന്ദന്‍ ബിഷ്ത്, ഹന്‍സിക ജംഗിദ്, വാണി ദോഗ്ര, ജയ് താക്കൂര്‍, വിജയ് ത്രിവേദി, മന്‍ഹര്‍ സിംഗ് ട്രിവിയ എന്നിവരും ചിത്രത്തിലുണ്ട്.

'കിഷ്‌കിന്ധാ കാണ്ഡം', 'രോമാഞ്ചം', 'കസബ', 'അബ്രഹാമിന്റെ സന്തതികള്‍' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തിലാണ് 'ഓപ്പറേഷന്‍ ത്രാള്‍' നിര്‍മ്മിക്കുന്നത്. സുനിമോള്‍ ജോബി സഹനിര്‍മ്മാതാവാണ്. നജോസ് ആണ് ഛായാഗ്രഹണം. ഷഫീഖ് വി.ബി. എഡിറ്റിംഗും, നോബിള്‍ ജേക്കബ് പ്രോജക്ട് ഡിസൈനും, സജീഷ് താമരശ്ശേരി പ്രൊഡക്ഷന്‍ ഡിസൈനും, സുനീഷ് സോദരന്‍ ആര്‍ട്ട് ഡയറക്ഷനും നിര്‍വഹിക്കുന്നു. സമീറ സനീഷ്, സരിത ജയസൂര്യ എന്നിവര്‍ വസ്ത്രാലങ്കാരവും റോണക്‌സ് സേവ്യര്‍ മേക്കപ്പും കൈകാര്യം ചെയ്യുന്നു.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പുറത്തിറങ്ങിയ ടീസറിലൂടെ, 'ഓപ്പറേഷന്‍ ത്രാള്‍' വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലറെന്ന നിലയില്‍ ആകാംക്ഷയുണര്‍ത്തുകയാണ്. കഥയിലെ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്താതെ, അന്വേഷണത്തിന്റെ തുടക്കത്തിലേക്കാണ് ടീസര്‍ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഓരോ സൂചനയും സത്യത്തിലേക്ക് അടുപ്പിക്കുന്നതിനൊപ്പം കൂടുതല്‍ അപകടത്തിലേക്കും നയിക്കുന്ന ഒരു ലോകമാണ് ചിത്രത്തിലൂടെ തുറന്നുകാട്ടുന്നത്.

പാന്‍-ഇന്ത്യന്‍ റിലീസിനായി ഒരുങ്ങുന്ന 'ഓപ്പറേഷന്‍ ത്രാള്‍'ന്റെ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ് അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ടീസര്‍. ഒരു ത്രില്ലിംഗ് സിനിമാറ്റിക് അനുഭവമാണ് ചിത്രം പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

Content Highlights: The teaser for Jayasurya's pan-Indian investigative action thriller 'Operation Thrall' has been released.

To advertise here,contact us