ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് ഒരുക്കിയ മലയാളം വാമ്പയര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഹാഫ്' പ്രീമിയര്‍ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍. സെപ്റ്റംബറില്‍ ആണ് ചിത്രത്തിന്റെ പ്രീമിയര്‍ അരങ്ങേറുന്നത്. ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും എക്സല്‍ എന്റര്ടൈന്മെന്റും AA ഫിലിംസും ചേര്‍ന്നാണ്.
ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ മിഡ്നൈറ്റ് മാഡ്നെസ്സ് എന്ന വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംജാദ് ആണ്. ആന്‍ സജീവും സജീവ് P.K. യും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം, രണ്ട് ഹാഫ് ബ്ലഡ് വാമ്പയറുകളെ കേന്ദ്രീകരിച്ചുള്ള കഥയില്‍, റോഡ് ആക്ഷന്‍, റിവെഞ്ച്, വാമ്പയര്‍ ആശയങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയിരിക്കുന്നു. പ്രവീണ്‍ വിശ്വനാഥ് ആണ് ചിത്രം രചിച്ചിരിക്കുന്നത്.
എഎ ഫിലിംസിന്റെ സഹകരണത്തോടെ എക്സല്‍ എന്റര്ടെയ്ന്മെന്റ് ഉത്തരേന്ത്യയിലുടനീളം ഹിന്ദിയില്‍ ചിത്രം അവതരിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. മലയാള ചലച്ചിത്രമേഖലയുമായുള്ള എക്സല്‍ എന്റര്ടെയ്ന്മെന്റിന്റെ ആദ്യ സഹകരണമാണിത്. എക്സല്‍ എന്റര്ടെയ്ന്മെന്റിന്റെ സഹസ്ഥാപകനായ റിതേഷ് സിധ്വാനി 'ഹാഫ്' എന്ന ചിത്രത്തെ കുറിച്ച് പറയുന്നത്, വ്യത്യസ്തമാകാന്‍ ധൈര്യപ്പെടുന്ന സിനിമകളില്‍ താന്‍ എപ്പോഴും ആവേശഭരിതനാണ് എന്നാണ്.
ആദ്യ കാഴ്ചയില്‍ തന്നെ ഹാഫ് വേറിട്ടുനില്ക്കുന്നു എന്നും, ഇതിന് സവിശേഷമായ സിനിമാറ്റിക് ശബ്ദവും ശക്തമായ സൃഷ്ടിപരമായ കാഴ്ചപ്പാടും ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതിന്റെ മുന്നോട്ടുള്ള യാത്രയെ പിന്തുണയ്ക്കുന്നതില്‍ താന്‍ സന്തുഷ്ടനാണ് എന്നും, ഈ ശ്രദ്ധേയമായ ചിത്രം വലിയ സ്ക്രീനില്‍ കാണാനെത്തുന്ന പ്രേക്ഷകര്‍ക്കായി താന്‍ കാത്തിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എക്സല്‍ എന്റര്ടെയ്ന്മെന്റിന്റെ സഹസ്ഥാപകന്‍ ഫര്ഹാന് അക്തര്‍ പറയുന്നത് സംജാദിന്റെ അവതരണത്തിലെ വളരെ പച്ചയായതും വൈകാരികവുമായ എന്തോ ഒന്ന് തന്റെ ശ്രദ്ധ ആകര്‍ഷിച്ചു എന്നാണ്. അത് നിങ്ങളെ ഏറെ ആകര്‍ഷിക്കുകയും മനസ്സില്‍ നിന്ന് മാഞ്ഞു പോകാതെ പിന്തുടരുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തിലേക്ക് എത്താന്‍ സാധിച്ചതിലും അത് പ്രേക്ഷകരിലേക്ക് കൊണ്ട് പോകാന്‍ സാധിക്കുന്നതിലും തനിക്ക് വലിയ ആവേശമുണ്ട് എന്നും അദ്ദേഹം പറയുന്നു.
രഞ്ജിത് സജീവ്, ദിലീഷ് പോത്തന് എന്നിവര്‍ അഭിനയിച്ച 2024 ലെ മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ ഗോളത്തിനു ശേഷം, ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ്, സംജാദ്, പ്രവീണ്‍ വിശ്വനാഥ് എന്നിവരുടെ രണ്ടാമത്തെ സഹകരണമാണ് ഹാഫ് എന്ന ചിത്രം. ചിത്രത്തിന്റെ ആഗോള റിലീസ് തീയതി ഉടന്‍ അറിയിക്കുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
ദി റെയ്ഡ് 2, ദി നൈറ്റ് കംസ് ഫോര്‍ അസ് എന്നിവ ഉള്‍പ്പെടെ അന്താരാഷ്ട്രതലത്തില്‍ പ്രശംസ നേടിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍ വെരി ട്രൈ യുലിസ്മാന്‍ ആണ് ഈ ചിത്രത്തിനും ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. രഞ്ജിത് സജീവിനെയും ഐശ്വര്യ രാജിനെയും ചിത്രത്തിനായി യുലിസ്മാന്‍ നിരവധി മാസങ്ങള്‍ പരിശീലിപ്പിക്കുകയും അഭിനേതാക്കളെ അവരുടെ സ്വന്തം സ്റ്റണ്ടുകളും ആക്ഷന്‍ സീക്വന്‍സുകളും അവതരിപ്പിക്കാന്‍ തയ്യാറാക്കുകയും ചെയ്തു. യുലിസ്മന്റെ ടീമിലെ അംഗങ്ങള്‍ അടുത്തിടെ ഹിറ്റായ ആക്ഷന്‍ ത്രില്ലറായ ദി ഫ്യൂരിയസില്‍ ഉള്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ആക്ഷന്‍ സിനിമകളുടെ സാധാരണ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി, ഹാഫില്‍ സീറോ സ്ലോ-മോഷന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്.
ദേശീയ അവാര്‍ഡ് ജേതാവായ എഡിറ്റര്‍ മഹേഷ് ഭുവനേന്ദ്, ദേശീയ അവാര്‍ഡ് ജേതാവായ പ്രൊഡക്ഷന്‍ ഡിസൈനര്‍ മോഹന്‍ദാസ്, ഛായാഗ്രാഹകന്‍ പാപ്പിനു, സംഗീതസംവിധായകന് മിഥുന് മുകുന്ദന്, ദേശീയ അവാര്‍ഡ് ജേതാവായ സൌണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക സംഘത്തിലുള്ളത്.
രാജസ്ഥാനിലെ മരുഭൂമികള്‍, കേരളത്തിലെ ഹില്‍ സ്റ്റേഷനുകള്‍, കസാക്കിസ്ഥാനിലെ മഞ്ഞുമൂടിയ ഭൂപ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ 117 ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ ചിത്രീകരിച്ച ഹാഫ്, ഒരു വിശാലമായ ഒരു ലോകം ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ സൃഷ്ടിക്കുന്നത്. ഒരു പാന്‍-ഇന്ത്യന്‍ സിനിമാ അനുഭവമായി വിഭാവനം ചെയ്ത ഈ ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പുറത്തിറങ്ങും.
നേച്ചര്‍ ഫിലിം ക്രിയേഷന്‍സിനെ സംബന്ധിച്ചിടത്തോളം, വ്യത്യസ്ത തരത്തിലുള്ള വലിയ ചിത്രങ്ങളിലേക്കുള്ള ചുവടു വെപ്പാണ് 'ഹാഫ്' എന്ന ചിത്രം. മോഹന്‍ലാല്‍ നായകനായ പ്രണയം എന്ന ചിത്രത്തിലൂടെയാണ് ഈ നിര്‍മ്മാണ കമ്പനി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2026 സണ്‍ഡാന്‍സ് ജേതാവ് ജോസഫൈന്, ഓസ്കാര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ലിറ്റില്‍ അമേലി ഓര് ദി ക്യാരക്ടര്‍ ഓഫ് റെയിന്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള അന്താരാഷ്ട്ര ഏറ്റെടുക്കലുകളിലേക്കും ഈ നിര്‍മ്മാണ കമ്പനിയുടെ സമീപകാല പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്. പിആര്‍ഒ- ശബരി.
Content Highlights: Fragrant Nature Film Creations' film 'Half' to premiere at the Toronto International Film Festival