വിജയ് വീണ്ടും പാട്ട് ഹിറ്റാക്കി, അന്ന് ആ ഗാന രംഗം ചിത്രീകരിക്കുമ്പോൾ കയർ കുടുങ്ങി പുറം പൊട്ടി ചോര വന്നു; റോജ

ഇന്ന് ഞാൻ ആ പാട്ട് കാണുമ്പോഴെല്ലാം, എന്റെ പുറത്തെ ആ മുറിവും ചോര വന്നതുമൊക്കെ ഞാൻ ഓർക്കും.

തമിഴ് സിനിമയിലെ ആരാധകർ ഏറെയുള്ള നടിയാണ് റോജ. 'മലയാളി മാമ്മന് വണക്കം' എന്ന സിനിമയിലൂടെ മലയാളികൾക്കും റോജ സുപരിചിതയാണ്. പ്രഭുദേവയ്ക്കൊപ്പം റോജ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കെ സുബാഷ് സംവിധാനം ചെയ്ത് 2000-ത്തിൽ പുറത്തിറങ്ങിയ 'ഈഴൈയിൻ സിരിപ്പിൽ'. ഈ ചിത്രത്തിലെ 'കറു കറു കറുപ്പായി…' എന്ന ഗാനം അടുത്തിടെ ഹിറ്റായിരുന്നു. വിജയ് ചിത്രം ലിയോയിൽ വിജയ് ഈ ഗാനത്തിന് ഡാൻസ് ചെയ്തിരുന്നു.

ഇപ്പോഴിതാ ഈ ഗാനരംഗം ചിത്രീകരിക്കുമ്പോൾ നേരിട്ട ബുദ്ധിമുട്ടുകൾ പറയുകയാണ് റോജ. കയർ ദേഹത്ത് വലിച്ചാണ് പാട്ട് സീനിൽ ഡാൻസ് കളിച്ചിരുന്നതെന്നും കയർ ബ്ലൗസ് സ്ട്രാപ്പിൽ കുടുങ്ങി പുറം പൊട്ടി ചോര വന്നതിനെക്കുറിച്ചും റോജ പറഞ്ഞു. സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'വിജയ് സാർ അത് ലിയോ സിനിമയിൽ ആ പാട്ടിന് ഡാൻസ് കളിച്ചതുകൊണ്ട് കൊണ്ട് ഇത്രയും വർഷങ്ങൾക്ക് ശേഷവും എന്റെ പാട്ട് വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ആ സമയത്തും ആ പാട്ട് സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോൾ അത് വീണ്ടും ട്രെൻഡിങ്ങായി.എനിക്ക് ആ പാട്ടിന്റെ മ്യൂസിക് ഒരുപാട് ഇഷ്ടമാണ്. പ്രഭുദേവ സാർ അതിൽ ഡാൻസ് ചെയ്യുമ്പോൾ ഭയങ്കര ക്യൂട്ട് ആയിട്ടാണ് എനിക്ക് തോന്നിയത്. ഞാൻ നന്നായി ആസ്വദിച്ച് ചെയ്ത പാട്ടാണത്. ആ പാട്ടിന്റെ അർഥത്തെക്കുറിച്ചൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. പ്രഭുദേവയുടെ കൂടെ ഡാൻസ് ഉണ്ടെങ്കിൽ ഞാൻ ഭയങ്കര സന്തോഷത്തോടെ അത് ചെയ്യും.

എനിക്ക് എന്ത് സ്റ്റൈൽ ആണോ ഇഷ്ടം അത് അ​ദ്ദേഹം ചെയ്യും. എനിക്ക് ഡാൻസ് അറിയില്ല. പ്രഭുദേവയുടെ കൂടെ തുടരെ തുടരെ ചെയ്തപ്പോൾ എനിക്ക് അദ്ദേഹത്തിന്റെ സ്റ്റൈൽ മനസിലായി. ആ പാട്ടിൽ എന്റെ തോളിൽ കയറിട്ട് വലിക്കുന്ന ഒരു രം​ഗമുണ്ട്. കയർ വലിച്ചു കൊണ്ടാണ് ഡാൻസ് കളിക്കുന്നത്. ബ്ലൗസിന്റെ സ്ട്രാപ് കഴുത്തിൽ ചുറ്റുന്ന തരത്തിലുള്ളതായിരുന്നു. കയർ ബ്ലൗസ് സ്ട്രാപ്പിൽ കുടുങ്ങി എന്റെ പുറം പൊട്ടി ചോര വന്നു. അങ്ങനെയായിരുന്നെങ്കിലും എനിക്ക് ആ ഷോട്ട് നന്നാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. കാരണം, ഒരു രംഗം ചിത്രീകരിച്ചാൽ, 100 അല്ലെങ്കിൽ 200 വർഷങ്ങൾക്ക് ശേഷവും അത് സ്‌ക്രീനിൽ മായ്‌ക്കപ്പെടില്ല.

അതുകൊണ്ട് തന്നെ എനിക്ക് പരിക്കുണ്ടായാലും പനി വന്നാലും എന്ത് സംഭവിച്ചാലും ഷൂട്ടിന് വന്ന് കഴിഞ്ഞാൽ ഓൺ സ്ക്രീനിൽ ഏറ്റവും നന്നായി ഇരിക്കണമെന്ന് എനിക്കുണ്ട്. ഇന്ന് ഞാൻ ആ പാട്ട് കാണുമ്പോഴെല്ലാം, എന്റെ പുറത്തെ ആ മുറിവും ചോര വന്നതുമൊക്കെ ഞാൻ ഓർക്കും. ഓരോ സിനിമയിലും ഓരോ സീനിലും പിന്നിൽ നടന്ന കഥ ഞാനിങ്ങനെ ഇടയ്ക്ക് ഓർക്കാറുണ്ട്. ആ സമയത്ത് ഞാൻ എന്താണ് ചെയ്തത്. എന്തൊക്കെയാണ് സംഭവിച്ചത് എന്നൊക്കെ ഞാനോർക്കാറുണ്ട്,' റോജ പറഞ്ഞു.

Content Highlights:  Actress Roja has shared nostalgic memories from the filming of the popular song sequence "Karu Karu Karuppayi…". Reflecting on the shoot, she recalled memorable experiences and moments associated with one of the most recognizable songs of her career, delighting fans with a glimpse into the making of the iconic sequence.

To advertise here,contact us