മമ്മൂക്കയുടെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം ഒന്നും മിണ്ടാതെ പോയി, അതിന്റെ കാരണം അറിഞ്ഞ് ഞാൻ ഞെട്ടി: ശിവദാസ് കണ്ണൂർ

'വിളക്ക് കത്തിച്ച ശേഷം ഞാന്‍ ഓടി മമ്മൂക്കയുടെ അടുത്ത് പോയി, തൊണ്ടിമുതലിന് ശേഷം വേറേയും സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണെന്ന് പറഞ്ഞു. ഒന്ന് നോക്കിയ ശേഷം ഒന്നും മിണ്ടാതെ അദ്ദേഹം പോയി'

നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടൻ ആണ് ശിവദാസ് കണ്ണൂർ. ഇപ്പോഴിതാ ദി പ്രീസ്റ്റ് എന്ന സിനിമയിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ശിവദാസ്. മൂവി വേള്‍ഡ് ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മമ്മൂട്ടിയെക്കുറിച്ച് മനസുതുറന്നത്‌.

'അവിചാരിതമായി ഒരു സിനിമയിലേക്കുള്ള അവസരം വന്നു. ഒന്നാം തീയതി മുതല്‍ ഷൂട്ടുണ്ട്, എറണാകുളം ആണെന്ന് പറഞ്ഞു. വരാം ആരെല്ലാമുണ്ടെന്ന് ചോദിച്ചു. മമ്മൂക്കയും മഞ്ജു വാര്യരുമൊക്കെയുണ്ടെന്ന് പറഞ്ഞ്. അങ്ങനെ അവിടേക്ക് പോയി. പൂജ സമയത്ത് മമ്മൂക്ക ഇറങ്ങി വന്നതും മൊത്തം നിശ്ചലമായി. അഞ്ച് തിരിയുള്ള വിളക്കാണ് കത്തിക്കുന്നത്. ജഗദീഷ് സാറൊക്കെയുണ്ട്. അവസാനം ഒരു തിരി മാത്രം ആയപ്പോള്‍ മമ്മൂക്ക എന്നെ നോക്കുന്നത് കണ്ടു. ഞാന്‍ കരുതി പിന്നിലുള്ള ആരെയെങ്കിലും ആകുമെന്ന്. അപ്പോള്‍ മമ്മൂക്ക ആന്റോ ജോസഫിനോട് വടക്കോട്ടൊന്നും വിളക്ക് കത്തിക്കുന്ന പരിപാടി ഇല്ലെന്ന് തോന്നുന്നു എന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് മനസിലായി എന്നെ ഉദ്ദേശിച്ചാണെന്ന്.

അങ്ങനെ വിളക്ക് എടുത്ത് കത്തിച്ചു. അതിന് ശേഷം 26 ദിവസം മമ്മൂക്കയുടെ കൂടെ ഷൂട്ട് ചെയ്തു. എങ്ങനെയാണ് ഈ സിനിമയിലെത്തിയതെന്ന് എനിക്ക് അറിയില്ല. വിളക്ക് കത്തിച്ച ശേഷം ഞാന്‍ ഓടി മമ്മൂക്കയുടെ അടുത്ത് പോയി, തൊണ്ടിമുതലിന് ശേഷം വേറേയും സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണെന്ന് പറഞ്ഞു. ഒന്ന് നോക്കിയ ശേഷം ഒന്നും മിണ്ടാതെ അദ്ദേഹം പോയി. പിന്നീട് സംവിധായകന്‍ കഥ പറയുമ്പോള്‍ എങ്ങനെയാണ് ഞാന്‍ ഇതിലേക്ക് വന്നതെന്ന് ചോദിച്ചു.

അപ്പോഴാണ് പറയുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലെ കോമഡി സീന്‍ കണ്ടിട്ട് മമ്മൂക്കയാണ് എന്നെ കാസ്റ്റ് ചെയ്തത്. അത് കേട്ട് ഞാന്‍ ഞെട്ടി. മമ്മൂക്ക കാസ്റ്റ് ചെയ്ത ഞാന്‍ അങ്ങോട്ട് പോയി ഇന്ന സിനിമയില്‍ അഭിനയിച്ചുവെന്ന് പറയുമ്പോള്‍ അദ്ദേഹം പ്രതികരിക്കാതിരിക്കുന്നതില്‍ അതിശയമില്ല. അതോടെ മനസിലായി മമ്മൂക്ക എല്ലാ സിനിമയും കാണാറുണ്ടെന്ന്', ശിവദാസിന്റെ വാക്കുകൾ.

Content Highlights: Shivadas Kannur shared an interesting incident about meeting actor Mammootty. He said Mammootty did not respond initially, and the reason behind the moment left him surprised.

To advertise here,contact us