ശിവനും ശക്തിയും ചേർന്നാൽ മാസ്സ് ഡാ..! വീണ്ടും റിലീസിനൊരുങ്ങി ജില്ല

ജനനായകൻ ഇല്ല, വിജയ്‌യുടെ പിറന്നാളിന് തിയേറ്ററിലേക്ക് എത്തുന്നത് ജില്ല, നിരാശയിൽ ആരാധകർ

ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള നടന്മാരാണ് വിജയിയും മോഹൻലാലും. ഒരാൾ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ആണെങ്കിൽ മറ്റേയാൾ തമിഴകത്തിന്റെ സ്വന്തം ദളപതിയാണ്. ഈ രണ്ട് സൂപ്പർ താരങ്ങളും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ജില്ല. 2014 ൽ ആയിരുന്നു മോഹൻലാലും വിജയിയും ആദ്യമായി ബിഗ് സ്ക്രീനിൽ ഒന്നിച്ചെത്തുന്നത്. ഇപ്പോഴിതാ ചിത്രം വീണ്ടും തിയേറ്ററിൽ എത്തുകയാണ്. വിജയ്‌യുടെ പിറന്നാളിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ജൂൺ 19-ന് തന്നെ 'ജില്ല' തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. തമിഴ്‌നാടിന് പുറമെ കേരളത്തിലും ചിത്രത്തിന് വമ്പൻ റീ-റിലീസ് ആണ് ഒരുക്കിയിരിക്കുന്നത്. ജനനായകന് പകരമാണ് ജില്ല തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇത് ആരാധകരിൽ വലിയ നിരാശയാണ് ഉണ്ടാക്കിയിരുന്നത്. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല.

അതേസമയം, ആർ. ടി. നേസൻ സംവിധാനം ചെയ്ത ജില്ല സൂപ്പർഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി. ചൗധരിയാണ് നിർമ്മിച്ചത്. ചിത്രം ബോക്സോഫീസിലും വിജയിച്ചിരുന്നു. ശിവൻ, ശക്തി എന്നീ കഥാപാത്രങ്ങളായാണ് മോഹൻലാലും വിജയിയും ചിത്രത്തിലെത്തിയത്. മോഹൻലാലും വിജയിയും ഒന്നിച്ചുള്ള കോമ്പിനേഷൻ രംഗങ്ങളൊക്കെ പ്രേക്ഷകരെ ഹരം കൊള്ളിച്ചിരുന്നു. വിജയ്‌യുടെ 'ഗില്ലി', 'പോക്കിരി' എന്നിവയുടെ റീ-റിലീസുകൾ മുൻപ് ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടി വലിയ നേട്ടമുണ്ടാക്കിയിരുന്നു. അതിനാൽ തന്നെ 'ജില്ല'യ്ക്കും സമാന രീതിയിലുള്ള വരവേൽപ്പ് ലഭിക്കുമോ എന്നാണ് സിനിമാ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.

Content Highlights: The 2014 action entertainer Jilla, featuring Mohanlal and Vijay in lead roles, is reportedly preparing for a theatrical re-release.

To advertise here,contact us