അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയെങ്കിലും പ്രണവിന്റെ ലോകം എപ്പോഴും വേറിട്ടതാണ്. യാത്രകളും എഴുത്തും സംഗീതവും സാഹസികതയുമൊക്കെയായി ആർക്കും പിടികൊടുക്കാതെ നടക്കുകയാണ് പ്രണവ്. സിനിമയുടെ താരപ്പൊലിമയിൽ ഒരിക്കലും പ്രണവിനെ മലയാളികൾ കണ്ടിട്ടില്ല. വർഷത്തിൽ ഒരു സിനിമ ചെയ്യും, അത് സൂപ്പർ ഹിറ്റുമായിരിക്കും എന്നാണ് പ്രണവിനേക്കുറിച്ച് പൊതുവേ സിനിമാ പ്രേമികൾ പറയാറ്. ഇപ്പോഴിതാ പ്രണവിനെക്കുറിച്ച് സംഗീത സംവിധായകൻ അനിൽ ജോൺസൺ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'എനിക്ക് മനസിലായിട്ടുള്ളത് പുള്ളി ഭയങ്കര പ്രൈവറ്റ് പേഴ്സണ്‍ ആണെന്നാണ്. പുള്ളിയുടെ ചിന്തകള്‍ ലോകത്തിന് കൊടുക്കേണ്ടതാണെങ്കില്‍ കൊടുത്താല്‍ മതി എന്ന ലൈനില്‍ ചിന്തിക്കുന്ന ആള്. ആദ്യമായിട്ട് ഇവിടെ വന്നിട്ട് ഞങ്ങള്‍ ചായ കുടിക്കാന്‍ പോയപ്പോള്‍ നമുക്ക് ഷെയര്‍ ചെയ്യാമെന്ന് പറഞ്ഞുകേട്ട ഒരു മനുഷ്യനാണ് അത്. അതിനകത്തുനിന്ന് എനിക്ക് എല്ലാം മനസിലായിരുന്നു. പല സ്ഥലത്തും ഞങ്ങള്‍ ഭക്ഷണം കഴിക്കാനൊക്കെ പോകുമ്പോള്‍ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് ആളുകള്‍ വരും. പുള്ളി അതൃപ്തി ഒന്നും കാണിക്കില്ല. ചുമ്മാ അവിടെ നിന്നു കൊടുക്കും.
ബോറടിക്കില്ലേ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാനത് ചോദിക്കുകയും ചെയ്തു. ചേട്ടാ, നാലഞ്ച് ദിവസമായിട്ട് ഇത് തന്നെയാണ് അവസ്ഥ എന്നായിരുന്നു മറുപടി. എന്റെ ഒരു സ്റ്റൈല്‍ ഓഫ് ലൈഫ് ഇങ്ങനെയാണ്. ഞാന്‍ ഒന്നിനോടും അറ്റാച്ച്ഡ് അല്ല എന്ന രീതി. സൗഹൃദവും അങ്ങനെയാണ്. ഇപ്പോള്‍ കണ്ടാല്‍ അന്ന് കണ്ടപ്പോഴത്തെ അതേ സ്നേഹം ഉണ്ടാവും. അതിനുവേണ്ടി വിളിക്കുകയോ ഒന്നുമില്ല. ഭയങ്കര രസമുള്ള ഒരാളാണ്.
ഒരു സെക്കന്റ് ഹാന്‍ഡ് പോളോയോ മറ്റോ ഉണ്ടായിരുന്നു പുള്ളിക്ക്. എന്തോ കാര്യം പറഞ്ഞപ്പോള്‍ പുള്ളി പറഞ്ഞു, ചേട്ടാ ടയറിനൊക്കെ ഇത്ര വിലയാണെന്ന് മനസിലായത് ഈയിടെ ടയര്‍ ഒരെണ്ണം പൊട്ടി മാറ്റിയപ്പോഴാണെന്ന്. ചെന്നപ്പോള്‍ 12,000 രൂപ ആണെന്ന് പറഞ്ഞുവെന്ന്. നമ്മളിങ്ങനെ ചിരിക്കുകയാണ്. പക്ഷേ അതാണ് അയാള്‍. അയാള്‍ സ്വന്തം എഫര്‍ട്ട് കൊണ്ട് കാര്യങ്ങള്‍ ചെയ്യുക എന്നൊരു ലെവലിലാണ്. അതൊരു വലിയ ക്വാളിറ്റിയാണ്. എന്ത് ചോദിച്ചാലും കിട്ടാവുന്ന ഒരു സ്ഥലത്ത് ഇങ്ങനെ ചിന്തിക്കുക എന്ന് പറയുന്നത്. അതില്‍ സുചി ചേച്ചിയുടെയും എല്ലാവരുടെയും ഒരു മോള്‍ഡിംഗ് ഉണ്ട്. അവര്‍ ഒന്നിനോടും അറ്റാച്ച്ഡ് അല്ല. അതിപ്പൊ ലാലേട്ടനായാലും അങ്ങനെയല്ലേ. ഒന്നിനോടും അറ്റാച്ച്ഡ് അല്ല”, അനിലിന്റെ വാക്കുകള്‍. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
Content Highlights: Music director Anil Johnson has spoken warmly about Pranav Mohanlal, describing him as a grounded and sincere individual. He noted that Pranav's simple lifestyle and genuine personality make him stand out in the film industry, earning admiration from colleagues and audiences alike.