അഭിനയം കണ്ട് ഡയലോഗ് മറന്ന് പോയി, ഒരിക്കൽ കൂടി എടുക്കാമെന്ന് തിലകൻ ചേട്ടനോട് പറയും; മനസുതുറന്ന് ജയറാം

'കമൽ സാറിന്റെ കൂടെ ഞാനൊരുപാട് സിനിമ ചെയ്തിട്ടുണ്ട്. കമൽ ഹാസൻ സാറിനൊപ്പം അഭിനയിക്കുമ്പോൾ പല ഷോട്ടുകളിലും ഞാൻ എന്റെ ഡയലോ​ഗ് മറന്നു പോകും'

കമൽ ഹാസനൊപ്പവും തിലകനൊപ്പവും അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെച്ച് നടൻ ജയറാം. ഇരുവർക്കൊപ്പം അഭിനയിച്ചപ്പോഴും അവരുടെ അഭിനയം കണ്ട് താൻ ഡയലോഗുകൾ മറന്നു പോയിട്ടുണ്ടെന്ന് ജയറാം പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ പരിമള ആൻഡ് കോയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.

'കമൽ സാറിന്റെ കൂടെ ഞാനൊരുപാട് സിനിമ ചെയ്തിട്ടുണ്ട്. കമൽ ഹാസൻ സാറിനൊപ്പം അഭിനയിക്കുമ്പോൾ പല ഷോട്ടുകളിലും ഞാൻ എന്റെ ഡയലോ​ഗ് മറന്നു പോകും. കാരണം കുട്ടിക്കാലം മുതലേ നമ്മൾ ഇവരെയൊക്കെ സ്ക്രീനിൽ കാണുന്നതല്ലേ. അപ്പോൾ‌ ഞാൻ ഒരു അതിശയം പോലെ നോക്കിയിരിക്കും. അങ്ങനെ മലയാളത്തിൽ തന്നെ എത്രയോ പേരുടെ കൂടെ എനിക്ക് അഭിനയിക്കാൻ അവസരം കിട്ടി. തിലകൻ ചേട്ടനൊപ്പം 'വീണ്ടും ചില വീട്ടുകാര്യങ്ങളിൽ' അഭിനയിക്കുമ്പോൾ ഞാൻ എന്റെ ഡയലോ​ഗ് മറന്നു പോകും. ചേട്ടാ, സോറി ഒരു പ്രാവശ്യം കൂടി എടുക്കാം എന്ന് ഞാൻ പറയും. ആ മുഖത്ത് നോക്കിയിരിക്കുമ്പോൾ എന്റെ ഡയലോ​ഗേ ഞാൻ മറന്നു പോകും. അത്രയും ബ്രില്യന്റ് ആയിട്ടുള്ള ആൾക്കാർ അല്ലേ അവരൊക്കെ. ഈ കാലഘട്ടത്തിൽ അവരുടെയൊക്കെ കൂടെ അഭിനയിക്കാൻ പറ്റിയതാണ് ഏറ്റവും വലിയ സന്തോഷം. ഓരോന്നും ആസ്വദിക്കുന്നു', ജയറാമിന്റെ വാക്കുകൾ.

ജൂൺ 5 ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്ന പരിമള ആൻഡ് കോ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. പ്രശസ്ത തമിഴ് സംവിധായകൻ പാണ്ഡിരാജ്‌ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തമിഴ് കുമരൻ പ്രൊഡക്ഷൻസ് ബാനറിൽ ജി കെ എം തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ്‌ എന്നിവർ ചേർന്നാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ജയറാം - ഉർവശി ടീം ഒരു വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു പക്കാ ഫൺ എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്.

Content Highlights: Actor Jayaram shared an emotional memory about working with legendary actor Thilakan. He revealed that he was so captivated by Thilakan’s acting during a scene that he forgot his own dialogue and later requested an additional take, highlighting the veteran actor’s extraordinary screen presence.

To advertise here,contact us