സൂര്യയെ നായകനാക്കി ആർ ജെ ബാലാജി ഒരുക്കുന്ന സിനിമയാണ് കറുപ്പ്. ഒരു ആക്ഷൻ ഡ്രാമ സിനിമയായി ഒരുങ്ങുന്ന കറുപ്പിൽ തൃഷയാണ് നായികയായി എത്തുന്നത്. സിനിമയുടെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങിൽ തൃഷ പങ്കെടുത്തിരുന്നില്ല. ഇപ്പോഴിതാ തൃഷ വരാത്തതിനെക്കുറിച്ച് മനസുതുറക്കുകയാണ് ആർ ജെ ബാലാജി.
'തൃഷയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല, ഇതെല്ലാം എങ്ങനെയാണ് മാനേജ് ചെയ്യുന്നത് എന്ന് തൃഷയ്ക്ക് മാത്രമേ അറിയാവൂ. അത്രയധികം പ്രശ്നങ്ങള്‍ തൃഷ നേരിടുന്നു. അതുകൊണ്ട് തന്നെ ഇന്ന് ഈ പരിപാടിയ്ക്ക് തൃഷയ്ക്ക് വരാന്‍ സാധിച്ചില്ല. 23 വര്‍ഷങ്ങള്‍ ഒരു നായിക ടോപ് വണ്ണായി തന്നെ ഇരിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. അതിനിടയില്‍ പലതും അവര്‍ക്ക് നേരിടേണ്ടതായി വന്നു. എല്ലാത്തിനെയും അതിജീവിച്ച് ഇത്രയും വര്‍ഷങ്ങള്‍ നില നിന്നു എന്നത് തൃഷയെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം തന്നെയാണ്. സൂര്യ സാറിനൊപ്പം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷ വീണ്ടും അഭിനയിക്കുന്നത്. താങ്ക്യു തൃഷ, നിങ്ങള്‍ ഞങ്ങളെ എല്ലാവരെയും വളരെ അധികം കംഫര്‍ട്ടാക്കി', ബാലാജിയുടെ വാക്കുകൾ.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. സീ തമിഴ് ആണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമ മെയ് 14 ന് പുറത്തിറങ്ങും.
Content Highlights: It's not easy being Trisha, she faces a lot of problems says RJ Balaji