നടനെന്ന പോലെ തന്നെ രാഷ്ടീയ കാര്യത്തിലും ഇടപെടലുകള്‍ നടത്തുന്ന ആളാണ് ജഗദീഷ്. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായും ജഗദീഷ് മത്സരിച്ചിരുന്നു. മെയ് 5ന് ഇലക്ഷന് റിസള്‍ട്ട് വരാനിരിക്കെ മുഖ്യമന്ത്രി ആരാകും എന്നതിനെ സംബന്ധിച്ച ചര്‍ച്ചകളിലെ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് ജഗദീഷ്. കാട്ടാളന് സിനിമയുടെ പ്രമോഷന് അഭിമുഖത്തിനിടയിലാണ് ജഗദീഷ് ഇക്കാര്യം സംസാരിച്ചത്.
'ഭരണമാറ്റമോ തുടര്‍ച്ചയോ എന്നൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം രണ്ടു മുന്നണികളും മുഖ്യമന്ത്രിമാര്‍ക്കുള്ള ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ഇരു മുന്നണികളിലും ചര്‍ച്ച നടക്കുകയാണ്. കോണ്‍ഗ്രസില്‍ 3 പേരാണ് മുഖ്യമന്ത്രി കസേരയ്ക്കായുള്ള ഫൈറ്റ് നടത്തുന്നത്. ഈ മൂന്നു പേരില്‍ ആരാണെങ്കിലും നമ്മളെ സംബന്ധിച്ചിടത്തോളം ഓകെയാണ്. മുഖ്യമന്ത്രി സ്ഥാനത്തുള്ള തര്‍ക്കമൊക്കെ എല്ലാകാലത്തും എല്ലാ പാര്‍ട്ടിയിലും ഉണ്ടായിട്ടുണ്ട്. അന്ന് സഖാവ് വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രി ആകാന്‍ ആഗ്രഹമുണ്ടായിരുന്നു സഖാവ് പിണറായി വിജയനും ആകാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അവര്‍ തമ്മില്‍ ഓപ്പണ്‍ ഫൈറ്റൊന്നും ഉണ്ടായിരുന്നില്ല.
കോണ്‍ഗ്രസിലായിരുന്നെങ്കില്‍ കരുണാകരന് സാറിനും എ കെ ആന്റണി സാറിനും ആഗ്രഹമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി സാറിനും രമേശ് ചെന്നിത്തലയ്ക്കും ആഗ്രഹമുണ്ടായിരുന്നു. അതുപോലെ തന്നെ സഖാവ് വിഎ എസ് അച്യുതാനന്ദന് പരാജയപ്പെട്ടപ്പോള്‍ എല്ലാവരും വിചാരിച്ചത് സുശീല ഗോപാലന് മുഖ്യമന്ത്രിയാകുമെന്നായിരുന്നു. പക്ഷെ വി എസിനെ പിന്തുണച്ചത് നിയമസഭാ അംഗമല്ലാതിരുന്ന സഖാവ് ഇ കെ നായനാരാണ്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയാകാനുള്ള മത്സരം എല്ലാ കാലത്തുമുണ്ട്. അവര്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്?
കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും മനസു കൊണ്ട് ആഗ്രഹിക്കുന്നു തങ്ങള്‍ക്ക് മുഖ്യമന്ത്രിയാകണമെന്ന് അങ്ങനെ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്. അവരുടെ സ്ഥാനത്തായിരുന്നെങ്കില്‍ ഞാന്‍ ആണെങ്കിലും ആഗ്രഹിക്കും. പിന്നെ ആരാണ് ആകുന്നതെന്ന് അവരുടെ ഭാഗ്യം പോലെയിരിക്കും. ഇനി ഇവര്‍ക്ക് ഭാഗ്യമില്ലെങ്കില്‍ വീണ്ടും എല്‍ഡിഎഫ് വന്നാല്‍ സഖാവ് പിണറായി ആയിരിക്കും മുഖ്യമന്ത്രി. അവിടെ എതിരൊന്നും പറയുന്ന കേട്ടില്ല, പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് മുഖ്യമന്ത്രിയാകാന്‍ താല്പര്യമുണ്ടെന്ന് തോന്നുന്നില്ല, അദ്ദേഹം നിയമസഭയില്‍ മത്സരിച്ചിട്ടുമില്ല.
എല്ലാവര്ക്കും സ്വപ്നങ്ങളുണ്ട്. നടന് സ്വപ്നമുള്ളതുപോലെ നിര്‍മാതാവിന് സ്വപ്നമുള്ളതുപോലെ സംവിധായകന് സ്വപ്നമുള്ളതു പോലെ ഈ രാഷ്ട്രീയ നേതാക്കള്‍ക്കും സ്വപ്നമുണ്ട്. എല്ലാവരുടെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കട്ടെ, ആര് മുഖ്യമന്ത്രിയായാലും ഒരു ദിവസം കാട്ടാളന് സിനിമ കാണാന്‍ വരണം'-ജഗദീഷ് പറഞ്ഞു.
മാര്‍ക്കോ എന്ന സിനിമയ്ക്ക് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് ഒരുക്കുന്ന ചിത്രമാണ് കാട്ടാളന്. സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പോള്‍ ജോര്‍ജ്, ജോബി വര്‍ഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. പോള്‍ ജോര്‍ജ് തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്.
Content Highlights: Jagadish says three people in Congress are dreaming of Chief Minister position. He also points out how V S Achuthanandhan and Pinarayi Vijayan also wanted to become the CM at a point of time.