ഒരുപാട് സർപ്രൈസുകൾ ഒളിപ്പിച്ചിട്ടുണ്ട്, സൂര്യ സാറിന്റെ ഫീമെയിൽ ഫാൻസിന് പടം ഇഷ്ടമാകും: ജി വി പ്രകാശ് കുമാർ

ഒരു പക്കാ ഫാമിലി ഡ്രാമയാകും സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്

പ്രേക്ഷകർ എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന തിരിച്ചുവരവാണ് സൂര്യയുടേത്. മോശം സിനിമകളിലൂടെയും ബോക്സ് ഓഫീസ് പരാജയങ്ങളിലൂടെയും കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല സമയമല്ല സൂര്യക്ക്. നടന്റേതായി അവസാനമിറങ്ങിയ റെട്രോയും കങ്കുവയും ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. വെങ്കി അറ്റ്ലൂരി ഒരുക്കുന്ന വിശ്വനാഥ് ആൻഡ് സൺസിലാണ് ഇനി സൂര്യ ആരാധകരുടെ മുഴുവൻ പ്രതീക്ഷയും. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ.

'വിശ്വനാഥൻ ആൻഡ് സൺസിൽ ഒരുപാട് സർപ്രൈസുകൾ ഉണ്ട്. ടീസറിൽ പകുതി മാത്രമേ ഞങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളൂ. വാസ്തവത്തിൽ, ലക്കി ഭാസ്കറിന് ശേഷം ഞാൻ സൂര്യ സാറിനെ വിളിച്ച് വെങ്കി അറ്റ്ലൂരിക്കൊപ്പം ഒരു സിനിമ ചെയ്യാൻ ആവശ്യപ്പെട്ടു. സിനിമയുടെ ഔട്ട്‌പുട്ട് വളരെ നല്ല നിലവാരത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. സംഗീതത്തിന് ധാരാളം സ്കോപ്പ് ഉണ്ട്. സൂര്യ സാറിന്റെ സ്ത്രീ പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഗജിനി ആസ്വദിച്ചിരുന്നു. പക്ഷേ ഇപ്പോഴും അദ്ദേഹം അതേ ചാം നിലനിർത്തുന്നു', ജി വി പ്രകാശിന്റെ വാക്കുകൾ.

ഒരു പക്കാ ഫാമിലി ഡ്രാമയാകും സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്. 40 വയസുള്ള നായകനെ പ്രണയിക്കുന്ന 20 വയസുള്ള നായികയുടെ കഥയാണ് സിനിമ പറയുന്നത്. മമിത ബൈജു ആണ് സിനിമയിൽ നായികയായി എത്തുന്നത്. മമിതയുടെ ഗംഭീര പെർഫോമൻസ് തന്നെ സിനിമയിൽ നിന്ന് പ്രതീക്ഷിക്കാം എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. ജൂലൈയിൽ സിനിമ പുറത്തുവരും. 'ലക്കി ഭാസ്കർ' എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് വിശ്വനാഥ് ആൻഡ് സൺസ്. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

#GVPrakaksh:"There are a lot of surprises in #VishwanathAndSons, we have revealed only half in the Teaser😄. In fact, after LuckyBhaskar I have called #Suriya sir & asked to do a film with #VenkiAtluri🤝. Output has came out in very good quality💯. It has a lot of scope for… pic.twitter.com/C9pAOWWGsM

രാധിക ശരത്കുമാർ, രവീണ ടണ്ഠൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 'സൂര്യ-വെങ്കി അറ്റ്ലൂരി ചിത്രം ഒരു ഫാമിലി എന്റർടൈനർ ആണ്. ആ സിനിമ നന്നായി തന്നെ വന്നിട്ടുണ്ട്. അല്ലു അർജുൻ ചിത്രം 'അല വൈകുണ്ഠപുരമുലൂ' (അങ്ങ് വൈകുണ്ഠപുരത്ത്) പോലെയുള്ള ഒരു സിനിമയാകും അത്', എന്നാണ് സിനിമയെക്കുറിച്ച് നേരത്തെ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ പറഞ്ഞത്. ചിത്രം സിതാര എന്റർടൈൻമെന്റ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുകയും ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുകയും ചെയ്യുന്നു. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നിമിഷ് രവി കൈകാര്യം ചെയ്യുന്നു. നവീൻ നൂലി എഡിറ്റിംഗ് ചെയ്യുന്നു. പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ.

Content Highlights: GV Prakash Kumar talks about suriya film vishwanath and sons

To advertise here,contact us