സിനിമകളിൽ ആക്ഷൻ രംഗങ്ങളിൽ വിഎഫ്എക്സും എഐയും ഉപയോഗിക്കുന്നതിനെതിരെ നടൻ അക്ഷയ് കുമാർ. ഇന്ന് എല്ലാം വിഎഫ്എക്സ് ഉപയോഗിച്ചാണ് ചെയ്യുന്നതെന്നും ഇത്തരം സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ തനിക്ക് ഒരു ആക്ഷൻ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു.
'ഇന്നത്തെ കാലത്ത് ആക്ഷൻ സിനിമകൾ നിർമിക്കുന്ന രീതിയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. പണ്ട് ആക്ഷൻ രംഗങ്ങൾ റിയൽ ആയിരുന്നു, എന്നാൽ ഇന്ന് എല്ലാം വിഎഫ്എക്സ് ഉപയോഗിച്ചാണ് ചെയ്യുന്നത്. അത് വ്യാജമായി തോന്നും. ഒരു ചാട്ടമോ ചവിട്ടോ ആണെങ്കിൽ അത് സാങ്കേതികവിദ്യയുടെ സഹായമില്ലാതെ നേരിട്ട് ചെയ്യാനാണ് എനിക്കിഷ്ടം. വിഎഫ്എക്സ് ഇല്ലാതെ ഒരു ആക്ഷൻ സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്', അക്ഷയ് കുമാറിന്റെ വാക്കുകൾ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഭൂത് ബംഗ്ല' ആണ് അക്ഷയ്യുടെ വരാനിരിക്കുന്ന പ്രധാന ചിത്രം. പരേഷ് റാവൽ, വാമിഖ ഗബ്ബി എന്നിവരും ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം.
ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള കൂട്ടുകെട്ടാണ് പ്രിയദർശൻ - അക്ഷയ് കുമാർ. നിരവധി ഹിറ്റ് കോമഡി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പുറത്തുവന്നിട്ടുള്ളത്. ഏറെ കാലത്തിന് വേഷം വീണ്ടും അക്ഷയ് കുമാറുമായി പ്രിയദർശൻ ഒന്നിക്കുമ്പോൾ ഒരു വമ്പൻ ഹിറ്റ് തന്നെയാണ് താരത്തിന്റെ ആരാധകരും ബോളിവുഡ് സിനിമാപ്രേമികളും പ്രതീക്ഷിക്കുന്നത്.
Content Highlights: Akshay Kumar talks about the overuse of VFX in action scenes