ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന, രണ്‍വീര്‍ സിംഗ് നായകനായ 'ധുരന്ധര്‍ 2' നാളെ ആഗോള റിലീസായി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കുള്ള സന്ദേശവും അവരോടുള്ള അഭ്യര്‍ത്ഥനയുമായി സംവിധായകന് ആദിത്യ ധര്. ആദിത്യ ധര് സംവിധാനം ചെയ്ത ധുരന്ധര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് 'ധുരന്ധര്‍ പ്രതികാരം' പുറത്തു വരുന്നത്. ചിത്രത്തിന്റെ വമ്പന്‍ റിലീസിന് മുന്നോടിയായി, സംവിധായകന് പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നത്, ഈ സ്പൈ ആക്ഷന്‍ ത്രില്ലര്‍ കണ്ടതിന് ശേഷം ചിത്രത്തിന്റെ സ്പോയിലറുകള് ചിത്രം കാണാത്ത മറ്റു പ്രേക്ഷകരുമായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പബ്ലിക് ആയി പങ്കിടരുതെന്നാണ്.
തങ്ങള്‍ ഹൃദയം കൊണ്ട് ഒരുക്കിയ ചിത്രമാണ് ഇതെന്നും, അതിനാല്‍ പ്രേക്ഷകര്‍ക്ക് ചിത്രത്തിലെ എല്ലാ ട്വിസ്റ്റുകളും, എല്ലാ വികാരങ്ങളും, അത് അനുഭവിക്കേണ്ട രീതിയില്‍ തന്നെ അനുഭവിക്കാന്‍ കഴിയും എന്നും അദ്ദേഹം സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ അറിയിച്ചു. സിനിമകള്‍ അങ്ങനെയാണ് അനുഭവിക്കേണ്ടത് എന്നും, മങ്ങിയ ഇമേജില്‍ ആരുടെയും ഫോണിലല്ല അത് കാണേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ഓരോ ആരാധകനും ഒന്നും അറിയാതെ, എന്നാല്‍ ജിജ്ഞാസയോടെ ചിത്രം കാണാനുള്ള അവസരം, ചിത്രം കണ്ടവര്‍ ഒരുക്കി കൊടുക്കുക എന്നും അവര്‍ അവരുടെ വ്യക്തിപരമായ അഭിപ്രായവും ആസ്വാദനവും ആയി നമുക്കൊപ്പം ചേരട്ടെ എന്നും അദ്ദേഹം കുറിച്ചു.
അതോടൊപ്പം തന്നെ, പ്രേക്ഷകരുടെ ആവേശം ഉയര്‍ത്തിക്കൊണ്ട് മറ്റൊന്ന് കൂടി അദ്ദേഹം അടിക്കുറിപ്പായി ചേര്‍ത്തു. ചിത്രത്തിന്റെ അവസാനം ക്രെഡിറ്റുകള്‍ റോളിംഗ് അവസാനിക്കുന്നത് വരെ പ്രേക്ഷകര്‍ അവരുടെ സീറ്റുകള്‍ വിട്ടുപോകരുത് എന്നാണ് സംവിധായകന് കൂട്ടിച്ചേര്‍ത്തത്.
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനില്‍ ഒന്നായിരിക്കും ചിത്രം നേടുക എന്നുറപ്പായി കഴിഞ്ഞു. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന 'ധുരന്ധര്‍ പ്രതികാരം' ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്.
രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്ന ജസ്കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. എന്തൊക്കെ സംഭവ വികാസങ്ങളാണ് ജസ്കീരത് സിംഗ് എന്ന ഈ കഥാപാത്രത്തെ ഹംസ അലി മസാരി ആകാന്‍ നിര്ബന്ധിതനാക്കുന്നത് എന്നും, അദ്ദേഹം പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ചാരനായി പ്രവര്‍ത്തിക്കുമ്പോള്‍ അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ചകളുമാണ് ഈ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. തന്ത്രപ്രധാനനായ അജയ് സന്യാലിന്റെ വേഷത്തില്‍ ആര് മാധവന്, ഐഎസ്ഐ മേജര്‍ ഇഖ്ബാലിന്റെ വേഷത്തില്‍ അര്ജുന് രാംപാല്‍, എസ്പി ചൌധരി അസ്ലാമിന്റെ വേഷത്തില്‍ സഞ്ജയ് ദത്ത് എന്നിവര്‍ ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്‍വീര്‍ സിംഗിനൊപ്പം അര്ജുന് രാംപാല്‍, സഞ്ജയ് ദത്ത്, മാധവന്, അക്ഷയ് ഖന്ന, സാറ അര്ജുന്, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബി62 സ്റ്റുഡിയോ നിര്‍മ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന 'ധുരന്ധര്‍ പ്രതികാരം', ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ ആണ് ആഗോള റിലീസായി എത്തുന്നത്. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകന് ആദിത്യ ധര് തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേര്‍ന്നാണ് ഈ മെഗാ മാസ്സ് ആക്ഷന്‍ സ്പൈ ത്രില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2026 മാര്‍ച്ച് 19 ന് ലോകമെമ്പാടുമുള്ള സിനിമാശാലകളില്‍ അജ്ഞാതരായ പുരുഷന്മാരുടെ കഥയുടെ ചുരുളഴിയുന്നു. പിആര്‍ഒ - ശബരി.
Content Highlights: Don't release spoilers Dhurandhar 2 director Aditya Dhar requests