മലയാളത്തിൽ നിന്ന് നിരവധി കഥകൾ കേൾക്കുന്നുണ്ട്, പക്ഷേ അവയിൽ ഒന്നും ഇഷ്ടമായില്ല; വിജയ് സേതുപതി

'മലയാളം, തെലുങ്ക്, ഹിന്ദി എന്നിവിടങ്ങളിൽ നിന്ന് നിരവധി കഥകൾ വരാറുണ്ട്. എന്നാൽ എനിക്ക് ഇഷ്ടപ്പെടുന്ന കഥകൾ ഇതുവരെ കിട്ടിയിട്ടില്ല'

തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും ആരാധകർ ഏറെയുള്ള നടനാണ് വിജയ് സേതുപതി. തമിഴിനൊപ്പം മറ്റു ഭാഷാ ചിത്രങ്ങളിലും നടൻ അഭിനയിച്ചിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ മാർക്കോണി മത്തായി ആണ് ഒടുവിൽ വിജയ് അഭിനയിച്ച മലയാള സിനിമ. ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ അതിന് ശേഷം മലയാളം സിനിമകളിൽ അഭിനയിക്കാത്തതെന്ന് പറയുകയാണ് നടൻ. രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘മാർക്കോണി മത്തായി കഴിഞ്ഞ് മലയാളത്തിൽ നിന്ന് നിരവധി കഥകൾ കേട്ടു. പക്ഷേ അവയിൽ ഒന്നും ഇഷ്ടമായില്ല. പലരുടെയും അടുത്ത് നിന്ന് കഥ കേൾക്കും, ചിലപ്പോൾ ഞാൻ ഒക്കെ പറയും. എന്നാൽ പിന്നീട് അവർ വീണ്ടും വരാറില്ല. എന്തുകൊണ്ടാണെന്ന് അറിയില്ല. മലയാളം, തെലുങ്ക്, ഹിന്ദി എന്നിവിടങ്ങളിൽ നിന്ന് നിരവധി കഥകൾ വരാറുണ്ട്. എന്നാൽ എനിക്ക് ഇഷ്ടപ്പെടുന്ന കഥകൾ ഇതുവരെ കിട്ടിയിട്ടില്ല,’ വിജയ് സേതുപതി പറഞ്ഞു. മലയാള സിനിമകൾ തനിക്ക് വളരെ ഇഷ്ടമാണെന്നും ‘തുടരും എന്ന സിനിമ കണ്ടിരുന്നതായും വളരെ ഇഷ്ടമായി എന്നും വിജയ് സേതുപതി പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച കളങ്കാവൽ സിനിമയും വളരെ നന്നായിട്ടുണ്ടെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു.

വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി മണികണ്ഠൻ ഒരുക്കുന്ന തമിഴ് വെബ് സീരീസ് 'കാട്ടാൻ' റിലീസിന് തയ്യാറെടുക്കുകയാണ്. 'ഫർസി' എന്ന സൂപ്പർഹിറ്റ് ഹിന്ദി പരമ്പരയ്ക്ക് ശേഷം വെബ് സീരീസ് ലോകത്തേക്ക് വിജയ് സേതുപതി മടങ്ങിയെത്തുന്ന ഈ പ്രൊജക്റ്റ് മാർച്ച് അവസാനവാരം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ഏറ്റവും സങ്കീർണ്ണവും സവിശേഷവുമായ വേഷങ്ങളിൽ ഒന്നായിരിക്കും 'കാട്ടാൻ' എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Content Highlights:  Popular actor Vijay Sethupathi revealed that he has been hearing multiple story narrations from the Malayalam film industry but has not liked any of them enough to take up a project. The actor said he is still open to acting in a Malayalam film and is waiting for a script that truly excites him.

To advertise here,contact us