ജ്ഞാനപീഠ പുരസ്കാരം നേടിയ കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആര്. വൈരമുത്തുവിനെ അഭിനന്ദിച്ച രജനികാന്തിനെതിരെ ഗായിക ചിന്മയി ശ്രീപദ. വൈരമുത്തുവിനെ പ്രശംസിക്കുന്ന രജനികാന്തിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ചിന്മയി. ഇന്ത്യയുടെ അഭിമാനമായ ജ്ഞാനപീഠ പുരസ്കാരം നേടിയ എന്റെ പ്രിയ സുഹൃത്ത്, കവി പേരരശ് വൈരമുത്തുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നായിരുന്നു രജനികാന്തിന്റെ ട്വീറ്റ്. 'അയ്യോ നിങ്ങള്‍ക്കൊന്നും പറഞ്ഞാല്‍ മനസിലാകില്ലേ' എന്നായിരുന്നു ചിന്മയിയുടെ പ്രതികരണം.
'കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയക്കാരും സിനിമാ മേഖലയിലെ ഭൂരിപക്ഷവും ഒരു നിരന്തര ലൈംഗികാതിക്രമിയുടെ കൂടെയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു എന്നതൊഴിച്ച് എനിക്ക് മറ്റൊന്നും പറയാനില്ല. ലജ്ജ തോന്നുന്നു എല്ലാവരോടും. ജീവിതം, സ്വപ്നങ്ങള്‍, കരിയര്‍, ജീവിതം എന്നിവ നശിപ്പിക്കപ്പെട്ട സ്ത്രീകളുടെ രോഷം നിങ്ങളുടെ മേല്‍ ഉണ്ടാകും.' എന്നായിരുന്നു ചിന്മയിയുടെ പ്രതികരണം.
വൈരമുത്തുവിനെ പ്രശംസിച്ചതിന് കമല്‍ഹാസനെതിരെയും ചിന്മയി രംഗത്തെത്തിയിരുന്നു.കാല്‍നൂറ്റാണ്ടിന് ശേഷമാണ് തമിഴ് സാഹിത്യത്തെ തേടി ഈ പുരസ്കാരമെത്തുന്നതെന്ന് കമല്ഹാസന് എക്സില്‍ കുറിച്ചു. കവികളിലെ ചക്രവര്‍ത്തി എന്നാണ് അദ്ദേഹം വൈരമുത്തുവിനെ കുറിപ്പില്‍ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ കമല്‍ ഹാസനെ വിമര്‍ശിച്ച് ചിന്മയി രംഗത്തെത്തി.
'സിനിമയില്‍ അധികാരം കയ്യാളുന്ന പുരുഷന്മാര് രാഷ്ട്രീയത്തിലേക്ക് ചുവടുമാറുമ്പോള്‍, തന്റെ ഉപദേഷ്ടാവ് തങ്ങളെ പീഡിപ്പിച്ചുവെന്ന് പറയുന്ന സ്ത്രീകളെ കേള്‍ക്കാതെ പോകുന്നു. വോട്ട് ചെയ്യുന്ന സ്ത്രീകള്‍ ഓര്‍മിക്കണം, പുരുഷന്മാര് ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല. ഏറ്റവും വിചിത്രമായ കാര്യം സ്വന്തം പാര്‍ട്ടിയിലെതന്നെ ഒരു സ്ത്രീ പരസ്യമായി ആ കവിയുടെ പേര് പറഞ്ഞതാണ് എന്നതാണ്. എന്തൊക്കെയായാലും, പുരുഷന്മാര് അവരുടെ സഹോദരന്മാര്, അമ്മാവന്മാര്, അച്ഛന്മാര്, സുഹൃത്തുക്കള്‍, ഉപദേഷ്ടാക്കള്‍ എന്നിവര്‍ക്കൊപ്പം നില്ക്കും. എത്ര സ്ത്രീകള്‍ക്ക് മാനസികാഘാതം സംഭവിച്ചാലും ആര്‍ക്കാണ് വിഷമം?', ചിന്മയി എക്സിലൂടെ കുറിച്ചു.
Ashapoorna Devi was the first woman writer to be honored by India with the Jnanpith Award. Reading Chinmayi on X brought back memories of her. These were the questions Ashapoorna Devi raised while accepting the Jnanpith:"Why does this society tolerate so many unjustifiable…
വൈരമുത്തുവിനെതിരെ 2018ല്‍ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു. 2005-ല്‍ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി പറഞ്ഞിരുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വൈരമുത്തു നിഷേധിച്ചു. സിനിമാ ലോകത്ത് മീ ടൂ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന തുടക്കകാല വ്യക്തികളിലൊരാളായിരുന്നു ചിന്മയി. തമിഴ് സാഹിത്യത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. പുരസ്കാരത്തിന് അര്‍ഹനാകുന്ന തമിഴ്നാട്ടില്‍ നിന്നുള്ള മൂന്നാമത്തെ സാഹിത്യകാരനാണ് വൈരമുത്തു. മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാര്‍ഡ് ഏഴ് പ്രാവശ്യവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Singer Chinmayi Sripada responds to Rajinikanth praising Vairamuthu