കോവിലകം വാങ്ങാന്‍ വന്ന ആളാണോ? ഏതാ ഈ ഏഴാം തമ്പുരാന്‍? മോഹൻലാലിന്റെ പുത്തൻ ചിത്രം ആഘോഷമാക്കി ആരാധകർ

മോഹൻലാലിന്റെ പുത്തൻ ചിത്രം ആഘോഷമാക്കി ആരാധകർ

മോഹൻലാലിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താടി വടിച്ചാൽ ലാലേട്ടൻ ഒന്നുകൂടി സുന്ദരനാകും എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ ലാലേട്ടന്റെ അടുത്ത ചിത്രവും ആരാധകരെ കോരിത്തരിപ്പിക്കുകയാണ്. മോഹൻലാലിന്റെ പുതിയ ലുക്ക് നിമിഷനേരം കൊണ്ടാണ് വൈറലായത്. നടൻ തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രവും മാറ്റിയിട്ടുണ്ട്.

സോഷ്യൽ മീഡിയക്ക് ലാലേട്ടൻ തീയിട്ടു എന്നാണ് കമന്റുകൾ. 'കോവിലകം വാങ്ങാന്‍ വന്ന ആളാണോ?' , 'ഏതാ ഈ ഏഴാം തമ്പുരാന്‍', എന്തിന്‍റെ സൂചനയാണീ പോക്കറ്റിലെ പൂച്ച, പൂവള്ളി ഇന്ദുചൂഢന്‍ ഈസ് ബാക്ക് തുടങ്ങി നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തുടരുമിന് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രത്തിനായുള്ള ലുക്ക് ആണിത്. L366 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തിൽ മോഹൻലാൽ പൊലീസ് വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

മോഹൻലാലിന്റെ ഈ ലുക്ക് കാണാൻ വേണ്ടി മാത്രം സിനിമയ്ക്ക് ടിക്കറ്റ് എടുക്കാം എന്ന് പറയുന്നവർ പോലുമുണ്ട്. തുടരുമിലൂടെ വിന്റേജ് ലാലേട്ടന്റെ കളിയും ചിരിയും കുസൃതികളും തിരിച്ചുതന്ന തരുൺ മൂർത്തി തന്നെ ഇപ്പോൾ നടന്റെ പഴയ ലുക്കും തിരിച്ചുകൊണ്ടുവന്നു എന്ന് പറയുന്നവരും ഏറെയാണ്. ഇക്കഴിഞ്ഞ നാളുകളിൽ പല വിധത്തിലുള്ള വേഷങ്ങളിൽ മോഹൻലാൽ എത്തിയപ്പോഴും താടി മാത്രം ചെറിയ മാറ്റങ്ങളോടെ അവിടെ തുടരുകയായിരുന്നു. ഇതിൽ പ്രേക്ഷകർക്ക് ചെറിയ നിരാശയുണ്ടായിരുന്നു. താടിവെച്ചാലും താടിയെടുത്താലും അഭിനയത്തിൽ ലാലേട്ടൻ മിന്നുമെന്ന് ഉറപ്പാണെങ്കിലും കഥാപാത്രങ്ങൾക്കായി വ്യത്യസ്ത ലുക്കുകൾ കൂടി പരീക്ഷിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാകില്ലേ എന്നായിരുന്നു കമന്റുകൾ.

അതേസമയം, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് L366. നേരത്തെ ഓസ്റ്റിൻ ഡാൻ തോമസിന്റെ സംവിധാനത്തിൽ രതീഷ് രവിയുടെ തിരക്കഥയിൽ L365 അനൗൺസ് ചെയ്തിരുന്നു. പൊലീസ് യൂണിഫോമിന്റെ ചിത്രവുമായാണ് ഇതിന്റെ പോസ്റ്റർ എത്തിയിരുന്നത്. പിന്നീട് ഓസ്റ്റിൻ ഈ ചിത്രത്തിൽ നിന്ന് മാറുകയും തരുൺ മൂർത്തിയുടെ സംവിധാനത്തിൽ L366 പ്രഖ്യാപിക്കപ്പെടുകയും ആയിരുന്നു.

രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇത് പുതിയ കഥയാണെന്നും അല്ലെന്നും റിപ്പോർട്ടുകളുണ്ട്. ദൃശ്യം 3 യ്ക്ക് ശേഷം മോഹൻലാൽ ഭാഗമാകുന്ന മലയാള സിനിമാ ഷൂട്ടിംഗാണ് ആണ് ഈ ചിത്രത്തിന്റേത്. ചിത്രം ഈ വർഷമോ അടുത്ത വർഷം തുടക്കത്തിലോ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിക്കൊപ്പം എത്തുന്ന പാട്രിയറ്റ്, കാമിയോ വേഷത്തിലെത്തുന്ന ഖലീഫ എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ.

Content Highlights: Fans celebrate Mohanlal's new look with great enthusiasm.

To advertise here,contact us