സിനിമയിലേത് പോലെ നടന്മാരുടെ ഓഫ് സ്ക്രീൻ വീഡിയോകൾക്കും ആരാധകർ ഏറെയാണ്. പലപ്പോഴും നടൻ മമ്മൂട്ടിയുടെ തഗ് ഡയലോഗുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ കയ്യടി ലഭിക്കാറുണ്ട്. ഇപ്പോഴിതാ പ്രശസ്ത തെലുങ്ക് നിർമാതാവും നടൻ അല്ലു അർജുന്റെ പിതാവുമായ അല്ലു അരവിന്ദിനോട് മമ്മൂക്ക പറഞ്ഞ മറുപടിയാണ് വീണ്ടും വൈറലാകുന്നത്.
പവൻ കല്യാൺ ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കാൻ തങ്ങൾ മമ്മൂട്ടിയെ സമീപിച്ചെന്നും എന്നാൽ അദ്ദേഹത്തതിന്റെ മറുപടി ചിരിപ്പിച്ചെന്നുമാണ് അല്ലു അരവിന്ദ് പറയുന്നത്. 'പത്ത് വർഷം മുൻപ് ഒരു സിനിമയിൽ ഒരു വേഷം ചെയ്യാനായി ഞാൻ മമ്മൂട്ടിയെ സമീപിച്ചിരുന്നു. എന്ത് കഥാപാത്രം എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. പവൻ കല്യാണിന്റെ സിനിമയിൽ വില്ലൻ വേഷമാണ് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഈ കഥാപാത്രം ചെയ്യാൻ നിങ്ങൾ ചിരഞ്ജീവിയെ സമീപിച്ചിരുന്നോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഇല്ല ഞങ്ങൾ ചിരഞ്ജീവിയുടെ പക്കൽ പോയില്ല എന്ന് ഞാൻ പറഞ്ഞു. പിന്നെ എന്തിനാണ് എന്റെ പക്കൽ വന്നതെന്ന് മമ്മൂട്ടി സാർ ഞങ്ങളോട് പറഞ്ഞു', അല്ലു അരവിന്ദിന്റെ വാക്കുകൾ. മാമാങ്കം എന്ന സിനിമയുടെ തെലുങ്ക് പ്രെസ്സ് മീറ്റിനിടെയാണ് അല്ലു അരവിന്ദ് ഇക്കാര്യം പറഞ്ഞത്.
Mammootty 😎 pic.twitter.com/m2CuHjh0kM
കഴിഞ്ഞ ദിവസം രാജ്യം മമ്മൂട്ടിയെ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ഒപ്പം കഴിഞ്ഞ ദിവസം മികച്ച നടനുള്ള സംസ്ഥാന അവാർഡും മമ്മൂട്ടി ഏറ്റുവാങ്ങിയിരുന്നു. ആസിഫ് അലിക്കും ടൊവിനോ തോമസിനും പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. പുരസ്കാരം കിട്ടുന്നത് പ്രോത്സാഹനം ആണെന്നും ഒപ്പം അവാർഡ് നേടിയ ആസിഫും ടൊവിനോയും തന്നെക്കാൾ ഒട്ടും താഴെയല്ലെന്നും പ്രായത്തിൽ മൂത്തത് ആയതിനാൽ തനിക്ക് അവാർഡ് കിട്ടിയതാകാം എന്നും മമ്മൂട്ടി പറഞ്ഞിരുന്നു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണിത്. കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ട് കഥാപാത്രങ്ങളെ ഏക ശരീരത്തിലേക്ക് ആവാഹിച്ച് അഭിനയിച്ചതിനാണ് മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് മികച്ച നടന് ലഭിക്കുക.
Content Highlights: Allu Aravind talks about Mammootty's reply when he was asked to play the role of villan to pawan kalyan