ഈ വർഷം നിവിൻ എടുത്തു, അടുത്ത ചിത്രം മാർച്ചിൽ, ട്രെയ്‌ലർ ഉടൻ; അപ്ഡേറ്റ് പങ്കുവെച്ച് ബി ഉണ്ണികൃഷ്ണൻ

നിവിൻ പോളിയുമായി ബി ഉണ്ണികൃഷ്ണന്റെ സിനിമ ഒരുക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ച് സംവിധായകൻ. സിനിമയുടെ ട്രെയ്ലർ ഉടൻ പുറത്തിറക്കുമെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ഈ മാർച്ചിൽ സിനിമയുടെ റീലീസ് ഉണ്ടാകുമെന്നും സിനിമയുടെ ട്രെയ്ലർ മൂന്നു ദിവസം കൊണ്ട് അതിഗംഭീരമായി ഡോൺ ചെയ്തു തന്നതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. നിരവധി സൂപ്പർഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആദ്യമായി നിവിനെ നായകനാക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഇതുവരെ ടൈറ്റിൽ നൽകാത്ത ചിത്രം ഒരു ത്രില്ലർ ആയിരിക്കുമെന്നാണ് അഭ്യൂഹം. കേരളത്തിൽ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഏറെ നാളുകൾക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ തന്നെ തിരക്കഥ രചിക്കുന്ന ചിത്രമെന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ ക്രിസ്റ്റഫറാണ് ഉണ്ണികൃഷ്ണന്റെ അവസാനത്തെ ചിത്രം.

ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. നിവിൻ പോളിയുമായി ബി ഉണ്ണികൃഷ്ണന്റെ സിനിമ ഒരുക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂർത്തിയായത്. ശ്രീ ​ഗോകുലം മൂവീസ്, ആർഡി ഇലുമിനേഷൻസ് എൽഎൽപി എന്നീ ബാനറുകളാണ് ചിത്രം നിർമ്മിക്കുന്നത്. ഷറഫുദ്ധീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അ​ഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അ​ഗസ്ത്യ, നിശാന്ത് സാ​ഗർ, ആർ.ജെ. വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാ​ഗ് ജാനി, അനീന, നന്ദിനി ​ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് വിവരം.

അതേസമയം, സർവ്വം മായ എന്ന സിനിമയിലൂടെ വമ്പൻ വിജയ തിളത്തിലാണ് നിവിൻ ഇപ്പോൾ. നടന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ബേബി ഗേൾ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയായ ഈ ചിത്രം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നടക്കുന്ന ഒരു കഥയാണ്. ഒരു നവജാത ശിശുവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ബോബി സഞ്ജയ്, അരുൺ വർമ്മ ഈ വിജയകൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്.

നിവിൻ പോളിയുടേതായി അണിയറയിൽ നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. ലോകേഷ് കനകരാജ് തിരക്കഥയിൽ രാഘവ ലോറന്‍സ് പ്രധാന വേഷത്തിലെത്തുന്ന ബെൻസിൽ നിവിൻ പോളിയാണ് വില്ലനായി എത്തുന്നത്. നയൻ‌താര-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഡിയർ സ്റ്റുഡന്റ്സും ആരാധകർ കാത്തിരിക്കുന്ന സിനിമയാണ്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്.

പ്രേമലു എന്ന വമ്പൻ ഹിറ്റിന് ശേഷം ഗിരീഷ് എഡി ഒരുക്കുന്ന ബത്‌ലഹേം കുടുംബ യൂണിറ്റിൽ നിവിൻ ആണ് നായകൻ. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ചിത്രം 2026 ഓണത്തിന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മമിത ബൈജു ആണ് സിനിമയിലെ നായിക. പ്രേമലുവിന് തിരക്കഥയൊരുക്കിയ ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെയും രചന നിര്‍വഹിക്കുന്നത്.

Content Highlights:  Director B. Unnikrishnan revealed fresh details about his next film. The project stars actor Nivin Pauly in the lead role. The update has generated interest among Malayalam cinema audiences.

To advertise here,contact us