ഒരു 'വിജയ് ദേവരകൊണ്ട' എല്ലാവരുടെയും ജീവിതത്തിൽ വേണം, അതൊരു അനുഗ്രഹമായിരിക്കും: രശ്മിക മന്ദാന

രശ്മിക മന്ദാന വിജയ് ദേവരകൊണ്ടയെ കുറിച്ച് സംസാരിക്കുന്നതിന്‍റെ വീഡിയോ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

നടൻ വിജയ് ദേവരകൊണ്ടയെ കുറിച്ച് നടി രശ്മിക മന്ദാന പറഞ്ഞ വാക്കുകൾ ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. വിജയ് ദേവരകൊണ്ട ഒരു അനുഗ്രഹമാണ് എന്നാണ് രശ്മിക മന്ദാന പറഞ്ഞത്. 'ദ ഗേൾഫ്രണ്ട്' എന്ന സിനിമയുടെ വിജയാഘോഷ പരിപാടിയിൽ വെച്ച് സംസാരിക്കുന്നതിനിടെ ആയിരുന്നു വിജയ് ദേവരകൊണ്ടയെ കുറിച്ച് രശ്മിക സംസാരിച്ചത്.

ഇരുവരും ഏറെ നാളായി പ്രണയത്തിലാണെന്നും അടുത്തിടെ വിവാഹനിശ്ചയം വരെ കഴിഞ്ഞുവെന്നുമുള്ള അഭ്യൂഹങ്ങൾ ഉയർന്നിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് രശ്മികയുടെ വാക്കുകൾ ശ്രദ്ധ നേടിയിരിക്കുന്നത്.

'വിജു, ഈ സിനിമയുടെ തുടക്കം മുതൽ നിങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രത്തിന്റെ വിജയത്തിലും നിങ്ങൾ ഇവിടെ ഉണ്ടാകണം. നിങ്ങൾ ഈ സിനിമാ യാത്രയിൽ അത്രമാത്രം ഒപ്പം നിന്നിട്ടുണ്ട്. എല്ലാവരുടെ ജീവിതത്തിൽ ഒരു 'വിജയ് ദേവരകൊണ്ട' ഉണ്ടാകട്ടെ എന്ന് ആശംസിക്കാനാണ് എനിക്ക് തോന്നുന്നത്. അതൊരു അനുഗ്രഹമാണ്' രശ്മിക മന്ദാന പറഞ്ഞു. നടി സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

#Rashmika:“I hope everyone has #VijayDeverakonda in their life, because that’s a blessing.” pic.twitter.com/4IFpd6FcIf

അതേസമയം, രശ്മിക കേന്ദ്ര കഥാപാത്രമായി എത്തിയ ദ ഗേൾഫ്രണ്ട് മികച്ച പ്രതികരണമാണ് നേടുന്നത്. രാഹുൽ രവീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ടോക്‌സിക് റിലേഷൻഷിപ്പിനെ കുറിച്ചാണ് സംസാരിക്കുന്നത്. സ്ത്രീപക്ഷത്ത് നിന്ന് കഥ പറയുന്ന ചിത്രം അർജുൻ റെഡ്ഡി പോലുള്ള പാട്രിയാർക്കിയെ ഊട്ടിയുറപ്പിക്കുന്ന ചിത്രങ്ങൾക്കുള്ള മറുപടി കൂടിയാണെന്നും അഭിപ്രായങ്ങളുണ്ട്.

ദീക്ഷിത് ഷെട്ടി, അനു ഇമ്മാനുവേൽ, രാഹുൽ രവീന്ദ്രൻ, റാവോ രമേഷ്, രോഹിണി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ തിയേറ്ററിൽ തുടർന്നും മികച്ച നേട്ടം കൈവരിക്കുമെന്നാണ് കരുതുന്നത്.

Content Highlights: Rashmika Mandanna says Vijay Devarakonda is a blessing - video goes viral

To advertise here,contact us