ബാംഗ്ലൂർ ഡേയ്സ് റീമേക്ക് ചെയ്ത് നശിപ്പിച്ചു, ഞങ്ങളെ കണ്ടാൽ മധ്യവയസ്‌ക്കരെ പോലെയുണ്ടെന്ന് ആര്യ കളിയാക്കി; റാണ

ബാംഗ്ലൂർ ഡേയ്സ് തമിഴിൽ റീമേക്ക് ചെയ്ത് നശിപ്പിച്ചുവെന്ന് റാണ പറയുന്നു

അഞ്ജലി മേനോന്റെ സംവിധാനത്തിൽ 2014 ൽ തിയേറ്ററിൽ എത്തി ഹിറ്റടിച്ച ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്. സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്ത് തങ്ങൾ നശിപ്പിച്ചുവെന്ന് പറയുകയാണ് റാണ ദഗുബതി. മലയാളത്തിൽ നസ്രിയ, ദുൽഖർ, നിവിൻ പോളി, ഫഹദ് ഫാസിൽ, പാർവതി തിരുവോത്ത് എന്നിവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. തമിഴ് പതിപ്പിൽ ആര്യ, ബോബി സിംഹ, റാണ ദഗുബട്ടി, പാർവതി തിരുവോത്ത്, ലക്ഷ്മി റായ് എന്നിവരായിരുന്നു അഭിനയിച്ചത്.

ഇരു സിനിമയിലെയും അഭിനേതാക്കളെ തമ്മിൽ താരതമ്യം ചെയ്ത് തമിഴിൽ 'നമ്മളെ കണ്ടാൽ റിട്ടയർ ജീവിതം നയിക്കുന്ന മധ്യവയസ്‌ക്കരെ പോലെയുണ്ടെന്ന്' നടൻ ആര്യ കളിയാക്കാറുണ്ടെന്ന് റാണ പറഞ്ഞു. കാന്ത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സുധിർ ശ്രീനിവാസൻ നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞാനും ദുൽഖറും സ്‌കൂൾമേറ്റ്സ് ആണ്, ദുൽഖർ അഭിനയിച്ചതിൽ എനിക്ക് വളരെ ഇഷ്ടം തോന്നിയത് ബാംഗ്ലൂർ ഡേയ്സിലെ കഥാപാത്രത്തോടാണ്. ഞങ്ങൾ ആ സിനിമ തമിഴിലേയ്ക്ക് റീമേക്ക് ചെയ്തു നശിപ്പിച്ച് കളഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നടൻ ആര്യ എന്നോട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു, ‘മച്ചാ നോക്ക് ദുൽഖറിനെയും നിവിനേയും, അവർ ചെറിയ പിള്ളേരാണ്, നമ്മളെ കണ്ടാൽ റിട്ടയർ ജീവിതം നയിക്കുന്ന മധ്യവയസ്‌ക്കരെ പോലെയുണ്ട്,' റാണ പറഞ്ഞു. സിനിമയുടെ ചിത്രീകരണ സമയത്ത് റാണ നിരന്തരം തന്നെ വിളിക്കാറുണ്ടെന്നും എന്തിനാണ് എപ്പോഴും വിളിക്കുന്നതെന്ന് ചോദിച്ചപ്പോൾ നിന്നെയാണ് ഞാൻ ഈ സിനിമയിൽ കണ്ടുകൊണ്ടിരിക്കുന്നത് മിസ് ചെയ്തിട്ടാണെന്ന് റാണ പറയുമായിരുന്നുവെന്ന് ദുൽഖർ പറഞ്ഞു.

അതേസമയം, ഇരുവരുടെയുമായി റീലീസ് കാത്തിരിക്കുന്ന ചിത്രം കാന്തയാണ്. സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമ നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേർന്നാണ്. സിനിമ നവംബർ 14 ന് ആഗോള റിലീസ് ചെയ്യും. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.

Content Highlights: Rana says Bangalore Days was ruined after being remade in Tamil

To advertise here,contact us