ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ യൂണിവേഴ്സിലെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് വാർ 2. തിയേറ്ററിൽ തകർന്നടിഞ്ഞ സിനിമ ഇപ്പോൾ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്.
നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. തിയേറ്ററിൽ വിജയിക്കാതെ പോയ സിനിമയ്ക്ക് ഒടിടിയിലെങ്കിലും രക്ഷയുണ്ടാകുമോ എന്നാണ് ആരാധകർ ഉൾപ്പെടെ ചോദിക്കുന്നത്. 400 കോടി ബജറ്റിൽ എത്തിയ ചിത്രം മുടക്കു മുതൽ പോലും നേടാനാകാതെ തിയേറ്ററിൽ വീണു. സിനിമയുടെ വി എഫ് എക്സ് നിരാശയാണെന്നും എന്നാൽ സിനിമയുടെ ക്ലൈമാക്സ് മികച്ചു നിൽക്കുന്നുണ്ടെന്നും ആരാധകർ പറഞ്ഞിരുന്നു. സിനിമയിലെ ചില സീനുകൾക്ക് ട്രോളും ലഭിച്ചിരുന്നു. സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് ആരാധകർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ ഹൃതിക് റോഷൻ എൻ ടി ആർ ഫൈറ്റ് സീനുകൾക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്.
Ultra Misfire YRF Spy Film #WAR2 Streaming Now On Netflix 🙂 pic.twitter.com/enzA0ry4Kp
ചിത്രത്തിലെ ജൂനിയർ എൻടിആറിന്റെ സിക്സ് പാക്ക് സീനിന് വലിയ തോതിൽ ട്രോളുകൾ ലഭിച്ചിരുന്നു. സിനിമയിലെ ജൂനിയർ എൻടിആറിന്റെ ഇൻട്രോ സീനിൽ നടൻ തന്റെ സിക്സ് പാക്കുമായിട്ടാണ് എത്തുന്നത്. എന്നാൽ ഈ സിക്സ് പാക്ക് വിഎഫ്എക്സ് ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സിനിമാപ്രേമികൾ. നായകന്മാരാകുമ്പോൾ സിക്സ് പാക്ക് വേണമെന്ന് എന്തിനാണ് നിർബന്ധം പിടിക്കുന്നതെന്നും ഇത്തരം സ്റ്റീരിയോടൈപ്പുകളെ എന്തിനാണ് പ്രൊമോട്ട് ചെയ്യുന്നതെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. സ്പൈ യൂണിവേഴ്സിലെ ഏറ്റവും മോശം സിനിമയാണ് ഇതെന്നും രണ്ട് സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും ചിത്രത്തിന് അവരെ വേണ്ടവിധത്തിൽ ഉപയോഗിക്കാനായില്ല എന്നും പലരും റിലീസ് സമയത്ത് കുറിച്ചിരുന്നു.
Content Highlights: War 2 streaming now on Netflix