ഗാസയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്കളങ്കരായ കുഞ്ഞുങ്ങൾക്ക് സ്ക്രീനിന്റെ പകുതി പങ്കുവെച്ചു കൊണ്ട് പ്രൈവറ്റ് സിനിമയുടെ 'എലോൺ' എന്ന പേരിലുള്ള 'ഫസ്റ്റ് സിംഗിൾ' പുറത്തിറക്കി. കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യവും ഇന്ദ്രൻസും മീനാക്ഷി അനൂപും പ്രധാനവേഷത്തിലെത്തുന്ന പ്രൈവറ്റിന്റെ 'ഫസ്റ്റ് സിംഗിളി'ൽ അണിയറക്കാർ ഉയർത്തിയിട്ടുണ്ട്. സരിഗമയാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയത്.
ഗാസയിലെ കുഞ്ഞുങ്ങളെ ജീവിക്കാനും അവരായിരിക്കാനും സ്വപ്നം കാണാനും ചിരിക്കാനും അനുവദിക്കണമെന്ന് ഗാസയ്ക്കായി പങ്കുവെച്ച പകുതി സ്ക്രീനിൽ ആവശ്യപ്പെടുന്നുണ്ട്. സിനിമയിലെ ഗാനങ്ങൾ സിനിമയിലെ ദൃശ്യങ്ങളില്ലാതെയാണ് പുറത്ത് വിട്ടിരിക്കുന്നത്. സ്ക്രീനിന്റെ ഒരു പകുതിയിൽ സിനിമയുടെ ടൈറ്റിൽ കാർഡാണ് ഡിസ്പ്ലെ ചെയ്തിരിക്കുന്നത്. ടൈറ്റിൽ കാർഡിന്റെ ഫ്രെയിമിൽ പലസ്തീൻ പതാകയുടെ നിറത്തിലുള്ള ഓഡിയോ വേവും ശ്രദ്ധേയമാണ്. ആദ്യമായാണ് ഒരു മലയാള സിനിമയുടെ അണിയറക്കാർ സിനിമയുമായി ബന്ധപ്പെട്ട റിലീസുകളിൽ ഗാസയിലെ കുഞ്ഞുങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരുന്നത്.
ഇന്ദ്രൻസും മീനാക്ഷിയും ഒന്നിക്കുന്ന പ്രൈവറ്റ് ഒക്ടോബർ 10ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വിട്ടിരുന്നു. ഇന്ദ്രൻസിന്റെയും മീനാക്ഷിയുടെയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത്. 'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്ന ടാഗ്ലൈനോടെയാണ് ചിത്രം എത്തുന്നത്.
നേരത്തെ ആഗസ്റ്റ് 1ന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സെൻസറിംഗുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടർന്ന് റിലീസ് മാറ്റി തീയതി മാറ്റിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് സെൻസർ ലഭിച്ചത്. U/A സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ഒക്ടോബർ 10ന് സിനിമ തിയേറ്ററുകളിലേയ്ക്ക് എത്തുമെന്ന് ചിത്രത്തിന്റെ അണിയറക്കാർ അറിയിച്ചിരിക്കുന്നത്.
ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലൻ മാരാർ എന്ന ഇന്ദ്രൻസിന്റെയും അഷിത ബീഗം എന്ന മീനാക്ഷിയുടെയും കഥാപാത്രങ്ങളുടെ പേരുകൾ മാത്രമാണ് ഇതുവരെ ചിത്രത്തിന്റെ അണിയറക്കാർ പുറത്ത് വിട്ടിരിക്കുന്നത്.
നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സി ഫാക്ടർ ദ എന്റർടെയ്ൻമെന്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീറാണ് ചിത്രത്തിന്റെ നിർമ്മാതാവ്. തജു സജീദാണ് ലൈൻ പ്രൊഡ്യൂസർ, പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രമായ കളങ്കാവൻ അടക്കം നിരവധി ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച ഫൈസൽ അലിയാണ് ഛായാഗ്രാഹകൻ. നവാഗതനായ അശ്വിൻ സത്യയാണ് സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. എഡിറ്റർ ജയകൃഷ്ണൻ, വസ്ത്രാലങ്കാരം സരിത സുഗീത്, മേക്കപ്പ് ജയൻ പൂങ്കുളം, ആർട്ട് മുരളി ബേപ്പൂർ, പ്രൊഡക്ഷൻ ഡിസൈൻ സുരേഷ് ഭാസ്കർ, സൗണ്ട് ഡിസൈൻ അജയൻ അടാട്ട്, സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ, സ്റ്റിൽസ് അജി കൊളോണിയ, പിആർഒ എ എസ് ദിനേശ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിൽ.
Content Highlights: Private movie new song released