മാർവെൽ, ഡ്യൂൺ സിനിമകളെ പോലെ 'ലോക'യെ പ്രതീക്ഷിക്കുമോ എന്ന് പേടിയുണ്ട്: കല്യാണി പ്രിയദർശൻ

'ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ റീച്ച് ആണ് ലോക ടീസറിന് ലഭിച്ചത്'

കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക - ചാപ്റ്റർ വൺ:ചന്ദ്ര. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. സിനിമയുടെ അപ്ഡേറ്റുകൾക്കെല്ലാം വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് നടി കല്യാണി പ്രിയദർശൻ. സിനിമയുടെ ടീസർ റിലീസിന് ശേഷം മാർവെൽ, ഡ്യൂൺ പോലെ ഉള്ള ഒരു സിനിമയുടെ ലെവലിലേക്ക് ലോകയെ പ്രേക്ഷകർ പ്രതീക്ഷിക്കുമോ എന്ന പേടി തങ്ങൾക്ക് ഉണ്ടെന്ന് കല്യാണി പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യം പറഞ്ഞത്.

'ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ റീച്ച് ആണ് ലോക ടീസറിന് ലഭിച്ചത്. ഒരു മാർവെൽ, ഡ്യൂൺ പോലെ ഉള്ള ഒരു സിനിമയുടെ ലെവലിലേക്ക് ഉള്ള ഒരു അനാവശ്യ ഹൈപ്പ് അത് ലോകയ്ക്ക് ഉണ്ടാക്കി കൊടുത്തോ എന്ന് പേടിയുണ്ട്. പക്ഷെ ലോക ഒരു മലയാളം സിനിമയാണെന്ന ബോധ്യം ചിത്രം കാണാൻ വരുന്ന പ്രേക്ഷകർക്ക് ഉണ്ടാകണം. നമ്മുടെ ഇൻഡസ്ട്രിയുടെ സ്റ്റൈലിൽ നിന്ന് തന്നെയാണ് ലോകയുടെ കഥ ഞങ്ങൾ പറയുന്നത്. മലയാളികൾക്ക് പരിചിതമായ സാഹചര്യങ്ങളിൽ നിന്ന് ഒരു സൂപ്പർഹീറോ കഥ പറയാനാണ് ഞങ്ങൾ ശ്രമിക്കുന്നത്', കല്യാണി പ്രിയദർശന്റെ വാക്കുകൾ.

ഓണം റിലീസായി ആഗസ്റ്റ് 28 ന് സിനിമ ആഗോള തലത്തിൽ റിലീസ് ചെയ്യും. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുപാട് ചർച്ചയായിരുന്നു. ടീസറിനും മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്നും ലഭിച്ചിരിക്കുന്നത്. കല്ല്യാണി പ്രിയദർശനും നസ്‌ലെനും പുറമെ, ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും സിനിമയിൽ നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്.

#Lokah teaser got more attention than we thought. We’re a bit worried people may expect it to be like Marvel or Dune.We just want everyone to know it’s a Malayalam film.#KalyaniPriyadarshan pic.twitter.com/kGGPbK12B1

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ് തുടങ്ങിയവരാണ് സിനിമയുടെ അണിയറപ്രവർത്തകർ.

Content Highlights: We’re a bit worried people may expect it to be like Marvel or Dune says Kalyani

To advertise here,contact us