മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണം നേടുന്ന സിനിമ ഇതിനകം തിയേറ്ററുകളിൽ നിന്ന് 100 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. ഇപ്പോൾ സിനിമയുടെ അണിയറപ്രവർത്തകർ ഭാഗമായ തുടരും വിജയാഘോഷ പരിപാടിയുടെ വീഡിയോ വൈറലായിരിക്കുകയാണ്.
മോഹൻലാലും തരുൺ മൂർത്തിയും സിനിമയുടെ തിരക്കഥാകൃത്ത് കെ ആർ സുനിലും നിർമാതാവ് എം രഞ്ജിത്തും ചിപ്പിയും ഇവർക്ക് പുറമെ സംവിധായകൻ സത്യൻ അന്തിക്കാട്, നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. സിനിമയുടെ വിജയാഘോഷത്തിനിടയിൽ തരുൺ മൂർത്തി മോഹൻലാലിനോട് 'ലാലേട്ടാ ഒന്ന് ഉമ്മവെച്ചോട്ടെ' എന്ന് ചോദിക്കുന്നതും തുടർന്ന് തരുൺ മോഹൻലാലിന് ചുംബനം നൽകുന്നതും താരം തിരികെ സ്നേഹചുംബനം നൽകുന്നതും വീഡിയോയിൽ കാണാം.
Moments From Sucess Celebration 🤩♥️@Mohanlal #Mohanlal #Empuraan #Thudarum pic.twitter.com/q3xMT1DWqw
അതേസമയം തുടരും ഇപ്പോൾ കേരള ബോക്സ് ഓഫീസിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിടുമ്പോൾ സിനിമ കേരള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി ഗ്രോസാണ് നേടിയിരിക്കുന്നത്. ഇതോടെ അതിവേഗത്തിൽ കേരള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി നേടുന്ന സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് തുടരും. വിജയ് ചിത്രം ലിയോയെ മറികടന്നാണ് സിനിമയുടെ നേട്ടം. ലിയോ 10 ദിവസം കൊണ്ടാണ് കേരളത്തില് നിന്ന് 50 കോടി നേടിയത്. എമ്പുരാന് ആണ് ഈ ലിസ്റ്റില് ഒന്നാമത്. അഞ്ച് ദിവസം കൊണ്ടാണ് എമ്പുരാന് കേരളത്തില് നിന്ന് 50 കോടി നേടിയത്.
ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
Content HIghlights: Thudarum success celebration video viral