സാമ്പത്തിക ക്രമക്കേട്; ടൊവിനോയുടെ 'എആർഎം' റിലീസ് തടഞ്ഞു

എറണാകുളം പ്രിൻസിപ്പൽ സബ് കോടതിയുടേതാണ് നടപടി.

കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ (എആർഎം) റിലീസ് താത്കാലികമായി തടഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സബ് കോടതിയുടേതാണ് നടപടി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി യുവിആർ മൂവീസ് നൽകിയ പരാതിയിന്മേലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

ടൊവിനോ ട്രിപ്പിൾ റോളിലെത്തുന്ന ചിത്രമാണ് എആർഎം. ഓണം റിലീസായി സിനിമ സെപ്റ്റംബറിൽ റിലീസിനെത്തിക്കാനാണ് നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് പദ്ധതിയിട്ടിരിന്നത്. നവാഗതനായ ജിതിൻ ലാലാണ് അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്.

ബിഗ് ബജറ്റ് ചിത്രമായ 'അജയന്റെ രണ്ടാം മോഷണം' ത്രീഡി ഫോര്‍മാറ്റിൽ അഞ്ച് ഭാഷകളിലായിട്ടാണ് ഒരുങ്ങുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പീരിയോഡിക്കല്‍ എന്റര്‍ടെയ്‌നറാണ് എആർഎം.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സുജിത് നമ്പ്യാരുടേതാണ്. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാരാകുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

To advertise here,contact us