വര്‍ക്കലയില്‍ കടലില്‍ ഒഡീഷ സ്വദേശിയായ 19കാരി മുങ്ങി മരിച്ചു; അന്ത്യം സുഹൃത്തുക്കള്‍ക്ക് മുന്നില്‍

ശനിയാഴ്ച വൈകിട്ട് ആറ് മണിയോടേയാണ് സംഭവം

വര്‍ക്കല: ഇടവ ശ്രീയേറ്റില്‍ കടലില്‍ കുളിക്കാനിറങ്ങിയ 19കാരി മുങ്ങിമരിച്ചു. ഒഡീഷ സ്വദേശിയായ പ്രിയങ്ക സാഹോയാണ് മരിച്ചത്. പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ രക്ഷപ്പെടുത്തി. ഒഡീഷ ഖോര്‍ഡ ബലുഗോണ്‍ സുഭാഷ് മാര്‍ഗില്‍ ബിജയകുമാറിന്റെയും മംമ്തയുടെയും മകളാണ് പ്രിയങ്ക. ബെംഗളൂരുവില്‍ എയ്‌റോ ഡൈനാമിക് പൈലറ്റ് കോഴ്‌സ് പഠിക്കുകയായിരുന്നു പെൺകുട്ടി. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടേയാണ് സംഭവം.

മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രിയങ്ക കുളിക്കാനിറങ്ങിയത്. ശക്തമായ തിരയില്‍പ്പെട്ട് മൂന്ന് പേര്‍ മുങ്ങിത്താണു, ഒപ്പമുണ്ടായിരുന്ന ആൾ ബഹളംവച്ചതോടെ നാട്ടുകാരും വിനോദസഞ്ചാരികളും എത്തി രണ്ടുപേരെ രക്ഷപ്പെടുത്തി. പ്രിയങ്കയെ കരയ്‌ക്കെത്തിച്ച് പെട്ടെന്ന് തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബെംഗളുരുവില്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്ന നാല്‍വര്‍ സംഘം അവധി ആഘോഷിക്കാനാണ് വര്‍ക്കലയിൽ എത്തിയത്. ഇടവ മാന്തറയിലെ ഹോംസ്റ്റേയിലായിരുന്നു താമസം. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights:Bihar native drowns at Edava beach near Varkala

To advertise here,contact us