വിഴിഞ്ഞം: സ്വന്തം വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച ശേഷം പൊലീസിന് പരാതി നല്കിയ വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂര്‍ നീലകേശി മുടിപ്പുരയ്ക്ക് സമീപം ആദിത്യവീട്ടില് മനോജിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴുപവന്‍ സ്വര്‍ണവും 15,000രൂപയുമാണ് ഇയാള്‍ മോഷ്ടിച്ച ശേഷം ഒളിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. മോഷ്ടിച്ച ആഭരണം വീട്ടിലെ തന്നെ അലമാരയിലാണ് ഇയാള്‍ ഒളിപ്പിച്ചുവെച്ചത്.
പണവും സ്വര്‍ണവും മോഷ്ടിച്ച ശേഷം വീടിന്റെ പിന്‍വാതില്‍ ഇയാള്‍ തുറന്നിട്ടു. തുടര്‍ന്ന് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടര്‍ ഉപയോഗിച്ച് ജനാലയുടെ കമ്പികള്‍ മുറിച്ചുമാറ്റി. പിന്നാലെ ഓട്ടാറിക്ഷ ഓടിക്കാന്‍ പോകുകയും ചെയ്തു. കട്ടച്ചല്‍ക്കുഴിക്ക് സമീപം മത്സ്യവില്പന നടത്തുന്ന ഭാര്യയുമായാണ് ഇയാള്‍ മടങ്ങിയെത്തിയത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് ഭാര്യയ്ക്കൊപ്പം ഇയാളും ബഹളംവെച്ചു. തുടര്‍ന്ന് പൊലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് മനോജിന്റെ കള്ളിവെളിച്ചത്തിലായത്. മനോജിനെയും വീട്ടിലുണ്ടായിരുന്ന ബന്ധുവിനെയും ചോദ്യം ചെയ്തതാണ് വഴിത്തിരിവായത്.
ജനല്‍ക്കമ്പി മുറിച്ചപ്പോഴുണ്ടായ പൊടിയും കൈകളിലെ നിസാര പൊള്ളലും കണ്ടെത്തിയതോടെ മോഷണം നടത്തിയത് വീട്ടുടമ തന്നെയെന്ന് ബോധ്യമായി. കുറ്റസമ്മതം നടത്തിയതിന് പിന്നാലെ അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബന്ധുവിനെ കുടുക്കാനായിരുന്നു ഇയാളുടെ മോഷണ നാടകമെന്ന വിവരവും പുറത്തുവരുന്നുണ്ട്. എസ്എച്ച്ഒ വി ഡി റജി രാജ്, എസ്ഐ ആര് എസ് രഞ്ചു, സിപിഒമാരായ വിനയകുമാര്‍, രജിന് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ചോദ്യം ചെയ്യലില്‍ പ്രതിയെ കുടുക്കിയത്.
Content Highlights: Incident reported from Vizhinjam where a man alleged a theft at his own residence.