കുഴിമാടത്തിൽ അസ്ഥി കണ്ടില്ല, ശ്മശാനം ജീവനക്കാർക്ക് മര്‍ദ്ദനമെന്ന് പരാതി; അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു

ബന്ധുക്കള്‍ക്ക് നല്‍കുന്ന ടോക്കണ്‍ പരസ്പരം മാറിയതാണ് പ്രശ്‌നമായത്

കണ്ണൂര്‍: ശ്മശാനത്തില്‍ അസ്ഥി ശേഖരിക്കാന്‍ എത്തിയവര്‍ അസ്ഥി ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. സംസ്‌കാരം നടന്ന് മൂന്നാം നാള്‍ ശ്മശാനത്തില്‍ പരേതയുടെ അസ്ഥി ശേഖരിക്കാന്‍ എത്തിയവരാണ് ജീവനക്കാരെ മര്‍ദ്ദിച്ചതെന്നാണ് പരാതി. കണ്ണൂര്‍ ടൗണ്‍ പോലീസ് ആണ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം.

സംസ്‌കാരം നടന്ന് മൂന്നാം നാള്‍ പരേതയുടെ അസ്ഥി ശേഖരിക്കാന്‍ എത്തിയതാണ് കുടുംബം. എന്നാല്‍ കുഴിമാടത്തില്‍ അസ്ഥി കണ്ടില്ല. തലേന്നാള്‍ മറ്റൊരു വീട്ടുകാരെത്തി അസ്ഥി ശേഖരിച്ച് പോവുകയായിരുന്നു. ബന്ധുക്കള്‍ക്ക് നല്‍കുന്ന ടോക്കണ്‍ പരസ്പരം മാറിയതാണ് പ്രശ്‌നമായത്. ഇതോടെ പ്രകോപിതരായ നാട്ടുകാര്‍ ശ്മശാനം ജീവനക്കാരെ മര്‍ദ്ദിച്ചു എന്നാണ് പരാതി. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റിരുന്നു.

മരണാനന്തരകര്‍മം യഥാവിധി നടത്താനാകാത്തതിനാല്‍ ശ്മശാനത്തിലെത്തിയവര്‍ അസ്വസ്ഥരായെങ്കിലും ശ്മശാനം നടത്തിപ്പുകാരുമായി സംസാരിച്ച് രമ്യതയിലായതോടെ ഇവര്‍ തിരിച്ചുപോയിരുന്നു. ചാല സ്വദേശിയായ പരേതയുടെ ബന്ധുക്കളും നാട്ടുകാരുമായ ഇവര്‍ മടങ്ങിയ ശേഷം കുറച്ചുപേരെത്തി ശ്മശാനത്തില്‍ അതിക്രമം നടത്തുകയായിരുന്നു. വിവരമറിഞ്ഞ് തലേദിവസം അസ്ഥി മാറി ശേഖരിച്ചുപോയവര്‍ സ്ഥലത്തെത്തുകയും യഥാര്‍ഥ കുഴിമാടത്തില്‍നിന്നുള്ള അസ്ഥി ശേഖരിച്ച് കര്‍മങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

Content Highlights: Five people have been booked for allegedly assaulting crematorium employees in Kannur following a mix-up over tokens during the collection of a deceased person’s ashes

To advertise here,contact us