പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പട്ടാപ്പകല്‍ ലഹരി ഉപയോഗം. ഇതര സംസ്ഥാന തൊഴിലാളികളായ യുവാക്കളാണ് ലഹരി ഉപയോഗിച്ചത്. സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടി. അസം മൊറിഗാവ് സ്വദേശി അനമുല്‍ ഹഖ്, നാഗോണ്‍ സ്വദേശി അസറുല്‍ ഇസ്ലാം എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചത്. സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് ശരീരത്തിലേക്ക് കുത്തിവെയ്ക്കുന്ന യുവാക്കളായിരുന്നു ദൃശ്യത്തില്‍ ഉണ്ടായിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ റൂറല്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന് പിന്നാലെ പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകം സംഘം രൂപീകരിക്കുകയും യുവാക്കളെ പിടികൂടുകയുമായിരുന്നു. പിടികൂടുമ്പോള്‍ ഇവരുടെ കൈവശം ആറ് ബോട്ടില്‍ ഹെറോയിനും ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി പെരുമ്പാവൂരില്‍ ജോലി ചെയ്തുവരികയായിരുന്നു അനമുല്‍ ഹഖും അസറുല്‍ ഇസ്ലാമും.
Content Highlights- Two migrant workers were reportedly arrested in Perumbavoor after they were found using drugs in a public place during daytime