സ്കൂള്‍ അവധി: ജനുവരി 20ന് ആലപ്പുഴയിലെ 2 താലൂക്കുകളില്‍ അവധി പ്രഖ്യാപിച്ചു, അർത്തുങ്കല്‍ പെരുന്നാള്‍ ആഘോഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി

ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ 2026 വര്‍ഷത്തെ തിരുനാള്‍ ദിനമായ ജനുവരി 20ന് ചൊവ്വാഴ്ച ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലാത്തതാണ്.

ഏറെ പ്രശസ്തമായ അർത്തുങ്കല്‍ പെരുന്നാളിന് കഴിഞ്ഞ ദിവസമാണ് കൊടിയേറിയത്. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 380–ാം മകരം തിരുനാള്‍ ആഘോഷങ്ങളാണ് നടന്ന് വരുന്നത്. ശനി രാവിലെ പാലായിൽനിന്ന്‌ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആഘോഷമായി എത്തിച്ച പതാക ബസിലിക്ക റെക്‌ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിലും സഹവികാരിമാരും പള്ളിക്കമ്മിറ്റി അംഗങ്ങളും ഇടവകജനതയും ചേർന്ന് സ്വീകരിച്ചു. രാത്രി ഏഴി-ന് ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ കൊടിയേറ്റം നടത്തി.

അതേസമയം, തൈപ്പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 6 ജില്ലകളില്‍ ജനുവരി 15 ന് (വ്യാഴം) ആണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്. തമിഴ്നാടിന് പുറമെ തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ്, കേരളത്തിന്‍റെ ഏതാനും ജില്ലകള്‍ എന്നിവിടങ്ങളിലും പൊങ്കല്‍ ആഘോഷിക്കുന്നു.

കേരളത്തിൽ, പ്രത്യേകിച്ച് പാലക്കാട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ തമിഴ് സ്വാധീനമുള്ള പ്രദേശങ്ങളിലും തൈപ്പൊങ്കൽ വളരെ വിപുലമായ രീതിയില്‍ ആഘോഷിക്കാറുണ്ട്. പൊങ്കല്‍ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലായിരുന്നു കഴിഞ്ഞ വർഷം അവധി പ്രഖ്യാപിച്ചിരുന്നത്. ഇത്തവണയും ഇതേ ജില്ലകളിലാണ് പ്രാദേശിക അവധി. സർക്കാർ ഒഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് അവധി ബാധകമാകുക.

content highlights: Alappuzha has declared January 20 as a public holiday in connection with the Arthungal church festival

To advertise here,contact us