ബിഹാറിലെ പട്നയിൽ നിന്ന് ഒരു ചെറിയ പെട്ടിയും വാനോളം സ്വപ്നവുമായി മുംബൈയിലെത്തിയ ഒരു യുവാവിന്റെ യാത്രയാണ് ഇന്ന് ലോകത്തെ പ്രമുഖ വ്യവസായികളിലൊരാളായ അനിൽ അഗർവാളിന്റെ കഥ. 1970-കളുടെ മധ്യത്തിൽ ജീവിതത്തിൽ എന്തെങ്കിലുമായിത്തീരണമെന്ന് ഉറപ്പിച്ച് മുംബൈയിലെത്തിയപ്പോൾ കയ്യിൽ വലിയ സമ്പത്തോ പിന്തുണയോ ഉണ്ടായിരുന്നില്ല. എന്നാൽ എന്തെങ്കിലും സ്വന്തമായി സൃഷ്ടിക്കണമെന്ന ഉറച്ച ആഗ്രഹം മാത്രമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്.
മുംബൈയുടെ തെരുവുകളാണ് തന്റെ യഥാർത്ഥ ബിസിനസ് പാഠശാലയെന്ന് അനിൽ അഗർവാൾ പലപ്പോഴും പറയാറുണ്ട്. തുടക്കകാലത്ത് നിരവധി വെല്ലുവിളികൾ നേരിട്ടെങ്കിലും പരാജയങ്ങളിൽ നിന്ന് പഠിച്ചാണ് അദ്ദേഹം മുന്നോട്ട് പോയത്. ചെറിയ വ്യാപാരങ്ങളിൽ നിന്ന് ആരംഭിച്ച യാത്ര പിന്നീട് ലോഹം, ഖനനം, അങ്ങനെ ഒരുപാട് മേഖലകളിലേക്ക് വ്യാപിച്ചു.
പട്നയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അനിൽ അഗർവാളിന് തുടക്കത്തിൽ വലിയ സൗകര്യങ്ങളോ വ്യവസായ പശ്ചാത്തലമോ ഉണ്ടായിരുന്നില്ല. ഭാഷാപരമായ ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രതിസന്ധികളും നേരിട്ടെങ്കിലും അവസരങ്ങൾ കണ്ടെത്താനും പഠിക്കാനും അദ്ദേഹം ശ്രമിച്ചു. ഒരുകാലത്ത് ഇടുങ്ങിയ മുറിയിൽ നിരവധി പേരോടൊപ്പം താമസിച്ചിരുന്ന യുവാവാണ് പിന്നീട് രാജ്യത്തെ പ്രമുഖ വ്യവസായികളിലൊരാളായി വളർന്നത്.
ആദ്യകാലത്ത് ലോഹ വ്യാപാര മേഖലയിലായിരുന്നു അനിൽ അഗർവാളിന്റെ തുടക്കം. ചെറിയ ബിസിനസിൽ നിന്ന് ആരംഭിച്ച യാത്ര പിന്നീട് മെറ്റൽ, മൈനിങ്, അലുമിനിയം, സിങ്ക്, എണ്ണ-വാതകം തുടങ്ങിയ മേഖലകളിലേക്ക് വ്യാപിച്ചു. ഈ വളർച്ചയുടെ ഫലമായാണ് ഇന്ന് ലോകമെമ്പാടും പ്രവർത്തിക്കുന്ന വേദാന്ത ഗ്രൂപ്പ് രൂപം കൊണ്ടത്.
2003ൽ വേദാന്ത റിസോഴ്സസ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതോടെ അനിൽ അഗർവാളിന്റെ ബിസിനസ് യാത്രയ്ക്ക് ആഗോള ശ്രദ്ധ ലഭിച്ചു. ഒരു ഇന്ത്യൻ കമ്പനിയെ അന്താരാഷ്ട്ര നിക്ഷേപകരുടെ മുന്നിലെത്തിച്ച വലിയ നേട്ടമായിരുന്നു ഇത്.
വ്യവസായ വിജയത്തിനൊപ്പം സാമൂഹിക ഉത്തരവാദങ്ങളുടെ ഭാഗമായി വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ കമ്പനി നിക്ഷേപങ്ങളും നടത്താറുണ്ട്.
വേദാന്തയുടെ വളർച്ച ഒരു ബിസിനസ് വിജയകഥ മാത്രമല്ലെന്നും, ഇന്ത്യയുടെ വ്യവസായ വികസനവുമായി ബന്ധപ്പെട്ട യാത്രയാണെന്നും അനിൽ അഗർവാൾ പറയുന്നു. ലോഹങ്ങൾ, എണ്ണ-വാതകം, വൈദ്യുതി, അലുമിനിയം തുടങ്ങിയ മേഖലകളിൽ വലിയ പദ്ധതികളാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
അടുത്ത ഘട്ടത്തിൽ വേദാന്തയെ കൂടുതൽ ശക്തമാക്കുന്നതിനായി ഗ്രൂപ്പിനെ അഞ്ച് വ്യത്യസ്ത സ്ഥാപനങ്ങളായി പുനഃസംഘടിപ്പിക്കുന്ന നടപടിയും പൂർത്തിയാക്കിയിരുന്നു. അലുമിനിയം, ഇരുമ്പ്-സ്റ്റീൽ, എണ്ണ-വാതകം, വൈദ്യുതി തുടങ്ങിയ മേഖലകളിലെ ഓരോ സ്ഥാപനത്തിനും വലിയ വളർച്ചാ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഓഹരിവിപണിയിലും വലിയ കയറ്റിറക്കങ്ങൾക്കാണ് നാളിതുവരെ വേദാന്ത സാക്ഷ്യം വഹിച്ചിട്ടുള്ളത്. വേദാന്ത ഗ്രൂപ്പിന്റെ കടബാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ തന്നെയാണയിരുന്നു ഇതിനു പ്രധാന കാരണം, പക്ഷേ അതിനെല്ലാം മറുപടിയായി , കടം കമ്പനിയുടെ വളർച്ചയ്ക്ക് തടസമല്ലെന്നും അത് പൂർണമായും നിയന്ത്രണവിധേയമാണെന്നും അനിൽ അഗർവാൾ ഊന്നിപ്പറയാറുണ്ട്.ഇതുവരെ ഒരു വായ്പയിലും തിരിച്ചടവ് മുടക്കിയിട്ടില്ലെന്നും, കടം ഘട്ടംഘട്ടമായി കുറയ്ക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു, നിക്ഷേപകർക്ക് വിശ്വാസം നൽകി.
വേദാന്തയെ അഞ്ച് പ്രത്യേക കമ്പനികളായി വിഭജിച്ച പദ്ധതി ഓരോ ബിസിനസിന്റെയും മൂല്യം ഉയർത്താനും വായ്പ കൈകാര്യം ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കടമില്ലാത്ത കമ്പനിയാകുക എന്നതല്ല ലക്ഷ്യമെന്നും, സുരക്ഷിതമായി കൈകാര്യം ചെയ്യാനാകുന്ന കടം ഏത് വളർച്ചാ കമ്പനിക്കും സ്വാഭാവികമാണെന്നും അനിൽ അഗർവാൾ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
"ജീവിതത്തിൽ പരാജയങ്ങൾ പലതും ഉണ്ടായി, പക്ഷേ അവയാണ് തന്നെ കൂടുതൽ ശക്തനാക്കിയത്" എന്നതാണ് തന്റെ യാത്രയെക്കുറിച്ച് അനിൽ അഗർവാളിന്റെ നിലപാട്. നിരവധി തിരിച്ചടികൾക്കിടയിലും മുന്നോട്ട് പോകാനുള്ള ധൈര്യവും ലഭിച്ച പിന്തുണയുമാണ് വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഒരു സാധാരണ ബിസിനസ് സ്ഥാപനത്തിനപ്പുറം ഇന്ത്യയിലെ പ്രധാന വ്യവസായ ഗ്രൂപ്പുകളിലൊന്നായി ഇന്ന് വേദാന്ത മാറിയിരിക്കുകയാണ്. അലുമിനിയം ഉൽപാദനത്തിൽ ചെലവ് കുറയ്ക്കുക, സാങ്കേതികവിദ്യ ഉപയോഗിച്ച് ഖനന മേഖല മെച്ചപ്പെടുത്തുക തുടങ്ങിയ പദ്ധതികളാണ്
കമ്പനിയുടെ അടുത്ത വളർച്ചാ ഘട്ടത്തിന്റെ ഭാഗമെന്ന് അനിൽ അഗർവാൾ പറയുന്നു.
ഒരു ചെറിയ തുടക്കത്തിൽ നിന്ന് ആഗോള വ്യവസായ സാമ്രാജ്യത്തിലേക്കുള്ള അനിൽ അഗർവാളിന്റെ യാത്ര, സ്വപ്നം കാണാനും അതിനായി തുടർച്ചയായി പരിശ്രമിക്കാനും കഴിയുന്ന ആർക്കും വലിയ പ്രചോദനമാകുന്നതാണ്. മകൻ അഗ്നിവേഷ് അഗർവാളിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ, തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗം സമൂഹത്തിനായി നൽകുമെന്ന പ്രതിജ്ഞ അദ്ദേഹം വീണ്ടും ഉറപ്പിച്ചു.ഓരോ കുട്ടിക്കും അവസരവും ഓരോ യുവാവിനും തൊഴിൽ സാധ്യതയും ലഭിക്കുന്ന ഒരു ഇന്ത്യയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം പങ്കുവച്ചു.
ഒരു ചെറിയ തുടക്കത്തിൽ നിന്ന് കോടികളുടെ സാമ്രാജ്യം വരെ എത്തിയ അനിൽ അഗർവാളിന്റെ കഥ ബിസിനസ് വിജയത്തിന്റെ മാത്രം കഥയല്ല. പരാജയങ്ങൾക്കിടയിലും മുന്നോട്ട് പോകാനുള്ള ധൈര്യത്തിന്റെയും, നേടിയതിൽ നിന്ന് സമൂഹത്തിന് തിരികെ നൽകാനുള്ള ചിന്തയുടെയും കഥ കൂടിയയാണ് പലരും വിലയിരുത്തുന്നത്.
Content Highlights: from a small baksa to the vedanta empire anil agarwals inspiring journey