ഐഐടി എൻജിനീയർമാരുടെ ആശയം,ഇന്ന് 1,367 കോടിയുടെ സാമ്രാജ്യം; ദി 'പർപ്പിൾ' സ്റ്റോറി

ഉപഭോക്തൃ വിശ്വാസം കെട്ടിപ്പടുത്തുകൊണ്ടാണ് പർപ്പിൾ ഇന്ത്യയിലെ പ്രധാന ബ്യൂട്ടി സ്റ്റാർട്ടപ്പുകളിൽ ഒന്നായി മാറിയത്

1 min read|25 May 2026, 07:54 pm

ഇന്ത്യൻ സൗന്ദര്യ, വ്യക്തിഗത പരിചരണ വിപണി വലിയ മുന്നേറ്റമാണ് പ്രകടമാക്കുന്നത്. 2026 അവസാനത്തോടെ മേഖല 33.88 ബില്യൺ യുഎസ് ഡോളറിന്റെ വരുമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഇന്ത്യയെ ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സൗന്ദര്യ വിപണികളിൽ ഒന്നാക്കി മാറ്റും. വർദ്ധിച്ചുവരുന്ന പ്രതിശീർഷ വരുമാനം, ഡിജിറ്റൽ വികാസം എന്നിയാണ് വളർച്ചയ്ക്ക് സഹായകമാകുന്ന കാരണങ്ങൾ.

2030 സാമ്പത്തിക വർഷത്തോടെ ബ്യൂട്ടി കെയർ മേഖല 39 ബില്യൺ യുഎസ് ഡോളറായി വികസിക്കുകയും 2034 ഓടെ 48 ബില്യൺ യുഎസ് ഡോളറിലേക്ക് കടക്കുകയും ക്റചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ബ്യൂട്ടി ഇ-കൊമേഴ്സ് രംഗത്ത് ഒട്ടനവധി കമ്പനികളാണ് ദിനംപ്രതി കടന്നുവരുന്നത്. ഇതിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ കമ്പനികളിലൊന്നായ പർപ്പിൾ ഇന്ന് 1,367 കോടി വരുമാനമുള്ള സ്ഥാപനമായി വളർച്ച കൈവരിച്ചിട്ടുണ്ട്. ഐഐടി എൻജിനീയർമാരായ മനീഷ് താനേജ,രാഹുൽ ദാഷ്, സുയാഷ് കത്യായനി എന്നിവർ ചേർന്നാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.

2012 ൽ കമ്പനിക്ക് തുടക്കമിടുമ്പോൾ ഇന്ത്യയിൽ ഓൺലൈനായി ബ്യൂട്ടി ഉൽപ്പന്നങ്ങൾ വാങ്ങുന്നത് തന്നെ ഉപഭോക്താക്കൾക്ക് മുന്നിൽ വലിയ വെല്ലുവിളിയായിരുന്നു. പരിമിതമായ ഓപ്‌ഷനുകൾ, വ്യാജ ഉൽപ്പന്നങ്ങൾ, വിശ്വസനീയമായ നിർദേശങ്ങളുടെ അഭാവം എന്നിവയാണ് വിപണിയിലെ പ്രധാന പ്രശ്നങ്ങളായി നിലനിന്നിരുന്നത്.

മെട്രോ നഗരങ്ങൾക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് ഗുണമേൻമയുള്ള ബ്യൂട്ടി ഉൽപ്പന്നങ്ങളിലേക്കുള്ള പ്രവേശനവും വളരെ കുറവായിരുന്നു. ഈ സാഹചര്യം മനസിലാക്കിയാണ് പർപ്പിൾ എന്ന സ്ഥാപനം തന്നെ രൂപം കൊള്ളുന്നത്. ആയതായത് ഉപഭോക്തൃ വിശ്വാസം കെട്ടിപ്പടുത്തുകൊണ്ടാണ് പർപ്പിൾ ഇന്ത്യയിലെ പ്രധാന ബ്യൂട്ടി സ്റ്റാർട്ടപ്പുകളിൽ ഒന്നായി മാറിയത് എന്ന് ചുരുക്കം.

ആദ്യഘട്ടത്തിൽ കമ്പനി നിരവധി വെല്ലുവിളികൾ നേരിട്ടു. ഉപഭോക്താക്കളെ ബോധവൽക്കരിക്കൽ എളുപ്പമല്ലായിരുന്നു. ബ്യൂട്ടി ഉൽപ്പന്നങ്ങളുടെ ലോജിസ്റ്റിക്സ് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടായി. വ്യാജ ഉൽപ്പന്നങ്ങൾ നിറഞ്ഞ വിപണിയിൽ ഉപഭോക്താക്കളുടെ വിശ്വാസം നേടാനും കമ്പനി കഠിനമായി പരിശ്രമിക്കേണ്ടി വന്നു.

നിക്ഷേപകരിൽ നിന്നും ബ്രാൻഡുകളിൽ നിന്നും നിരാകരണങ്ങൾ ഉണ്ടായിരുന്നെങ്കിലും കമ്പനി വേഗത്തിൽ വളരുന്നതിനെക്കാൾ വിശ്വാസ്യതയും ഉപഭോക്തൃബന്ധവും ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഡിസ്‌കൗണ്ടുകൾ, വിശദമായ ഉൽപ്പന്ന വിവരങ്ങൾ, വ്യക്തിഗത സൗന്ദര്യ നിർദേശങ്ങൾ എന്നിവയിലൂടെ ആദ്യഘട്ടത്തിൽ ഉപഭോക്താക്കളെ സ്വന്തമാക്കാൻ കമ്പനിക്ക് സാധിച്ചു.

പിന്നീട് മാർക്കറ്റ്‌പ്ലേസ് മോഡലിൽ മാത്രം ഒതുങ്ങാതെ സ്വന്തം ബ്രാൻഡുകളും കമ്പനി വികസിപ്പിച്ചു. ഇന്ന് ഫേസസ് കാനഡ, ഗുഡ് വൈബ്സ്, ആൽപ്സ് ഗുഡ്നെസ്, കാർമെസി, ഡെർംഡോക് തുടങ്ങിയ ബ്രാൻഡുകൾ കമ്പനിയുടേതായി വിപണിയിലുണ്ട്. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും ബജറ്റിനും അനുയോജ്യമായ രീതിയിലാണ് ഇവ വികസിപ്പിച്ചത് എന്നതും സ്വീകാര്യത വർധിപ്പിച്ചു.

കമ്പനി പ്രതിമാസം 10 മില്യൺത്തിലധികം സജീവ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിന് പുറമെ രാജ്യത്താകെ 20,000ത്തിലധികം ഓഫ്‌ലൈൻ ടച്ച്‌പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങൾ കൂടാതെ ടിയർ-1, ടിയർ-2 നഗരങ്ങളിലേക്കും കമ്പനി ശക്തമായ സാന്നിധ്യം വ്യാപിപ്പിച്ചു.

ഇന്ത്യയിലെ ബ്യൂട്ടി, പേഴ്സണൽ കെയർ മേഖല അടുത്ത വർഷങ്ങളിൽ വേഗത്തിൽ വളരുമെന്നാണ് വിപണി വിലയിരുത്തൽ. ഉയരുന്ന വരുമാനം, ഡിജിറ്റൽ ഉപയോഗത്തിന്റെ വർധന, ചെറിയ നഗരങ്ങളിലെ ഉപഭോക്തൃ പങ്കാളിത്തം, ഗുണമേൻമയുള്ള ഉൽപ്പന്നങ്ങളിലേക്കുള്ള ജനങ്ങളുടെ ശ്രദ്ധ എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ.

അതിവേഗ ഡെലിവറി

ഉപഭോക്തൃ അനുഭവം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വേഗത്തിലുള്ള ഡെലിവറി സംവിധാനവും കമ്പനി നിലവിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ബ്യൂട്ടി ഉൽപ്പന്നങ്ങൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കമ്പനി ''3-Hour Delivery” സേവനവും അവതരിപ്പിച്ചു. ഇതിലൂടെ ആവശ്യമായ സൗന്ദര്യ-പേഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ ഏതാനും മണിക്കൂറുകൾക്കകം തന്നെ ഉപഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ക്വിക്ക് കൊമേഴ്‌സ് മേഖലയിലെ മത്സരം ശക്തമാകുന്ന സാഹചര്യത്തിൽ, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ഇൻസ്റ്റാമാർട്ട് പ്ലാറ്റ്ഫോമുകൾക്ക് സമാനമായി അതിവേഗ ഡെലിവറി മോഡലിലേക്ക് ആണ് കടന്നിട്ടുള്ളത്.ഇന്ത്യയിലെ ബ്യൂട്ടി ഇ-കൊമേഴ്‌സ് മേഖലയിലെ മാറ്റങ്ങൾക്ക് വഴികാട്ടിയായ പർപ്പിൾ ഉപഭോക്തൃ വിശ്വാസവും സാങ്കേതിക നവീകരണവും കൂട്ടിചേർത്ത് ശക്തമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. വിപണിയിലെ മത്സരത്തിന് അനുസരിച്ച് മുന്നേറുന്ന കമ്പനി, ഭാവിയിലും ബ്യൂട്ടി-പേഴ്സണൽ കെയർ രംഗത്ത് കൂടുതൽ വ്യാപനം ലക്ഷ്യമിടുന്നതായാണ് സൂചന.

Content HIghlights: Purplle Success Story: From IIT Startup to ₹1,367 Crore Beauty Brand with 3-Hour Delivery

To advertise here,contact us