15 വർഷത്തെ ടിം കുക്ക് യുഗത്തിന് അന്ത്യം; ആപ്പിളിനെ ജനകീയമാക്കിയ സിഇഒ പടിയിറങ്ങുന്നു

ആപ്പിൾ സിഇഒയുടെ ജോലിയെ ലോകത്തെ ഏറ്റവും നല്ല ജോലി എന്നാണ് ടിം കുക്ക് വിശേഷിപ്പിച്ചത്

വാഷിംഗ്ടൺ: ആപ്പിളിലെ 15 വർഷത്തെ ടിം കുക്ക് യുഗത്തിന് അന്ത്യം. ആപ്പിൾ സിഇഒ സ്ഥാനത്തുനിന്ന് പടിയിറങ്ങാൻ ടിം കുക്ക് തീരുമാനിച്ചു. സ്വമേധയാ എടുത്ത തീരുമാനമെന്നാണ് സൂചന. ആപ്പിളിലെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വിഭാഗം തലവൻ ജോൺ ടെർണസ് ആയിരിക്കും പുതിയ സിഇഒ എന്നും ടിം കുക്ക് പ്രഖ്യാപിച്ചു.

ആപ്പിൾ കമ്മ്യൂണിറ്റിയെ അഭിസംബോധന ചെയ്തുള്ള കത്തിലാണ് ടിം കുക്ക് താൻ പടിയിറങ്ങുന്നെന്ന പ്രഖ്യാപനം നടത്തിയത്. ആപ്പിൾ സിഇഒയുടെ ജോലിയെ ലോകത്തെ ഏറ്റവും നല്ല ജോലി എന്നാണ് ടിം കുക്ക് വിശേഷിപ്പിച്ചത്. ആപ്പിൾ ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന നിരവധി ഉപഭോക്താക്കൾ അവരുടെ സന്തോഷം പങ്കിട്ട് തനിക്ക് കത്തയക്കുന്നതടക്കം അദ്ദേഹം ഓർത്തു. വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദിയാണ് തനിക്കുള്ളത്. എങ്ങനെയോ തനിക്ക് നിങ്ങൾ അയക്കുന്ന ഇമെയിലുകളുടെ മറുവശത്തുള്ള വ്യക്തിയാകാൻ കഴിഞ്ഞു. ഭാവനകളെ ജ്വലിപ്പിക്കുന്ന ജീവിതങ്ങളെ സമ്പന്നമാക്കിയ ഒരു കമ്പനിയുടെ നേതാവ് എന്നത് എന്തൊരു ബഹുമതിയും പദവിയുമാണ് എന്നും അദ്ദേഹം കുറിച്ചു.

പുതിയതായി സിഇഒ ആകാൻ പോകുന്ന ജോൺ ടെർണസിനെക്കുറിച്ചും ടിം കുക്ക് തന്റെ കത്തിൽ വിവരിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒന്നിനാണ് ടെർണസ് സിഇഒ പദവി ഏറ്റെടുക്കുക. ഈ ജോലിക്ക് ഏറ്റവും അനുയോജ്യനായ ആൾ എന്നാണ് ജോൺ ടെർണസിനെ കുക്ക് വിശേഷിപ്പിച്ചത്.

ജോൺ ടെർണസ് മികച്ച എഞ്ചിനീയറും ചിന്തകനുമാണ് എന്നും കഴിഞ്ഞ 25 വർഷമായി ഉപയോക്താക്കൾക്ക് വളരെയധികം ഇഷ്ടപ്പെട്ട ആപ്പിൾ ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും ടിം കുക്ക് പറഞ്ഞു. അദ്ദേഹത്ത കൂടുതൽ അറിയാൻ തന്നെപ്പോലെ നിങ്ങളും കാത്തിരിക്കുകയാണ് എന്നറിയാമെന്നും അദ്ദേഹം ആപ്പിൾ കമ്മ്യൂണിറ്റിയെ അഭിസംബോധന ചെയ്തെഴുതിയ കത്തിൽ പറഞ്ഞു.

താൻ കമ്പനിയിൽ നിന്ന് പൂർണമായും പടിയിറങ്ങുകയല്ലെന്നും ഒരു മാറ്റത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും ടിം കുക്ക് പറഞ്ഞു. ആപ്പിളിന്റെ ഡയറക്ടർ ബോർഡിൽ തുടരും. ആപ്പിളിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ പദവിയിലാകും ടിം ഉണ്ടാകുക. ഗ്രാമപ്രദേശത്ത് ജനിച്ച ഒരാൾക്ക് ആപ്പിളിന്റെ സിഇഒ ആകാൻ വരെ കഴിഞ്ഞു. ജനങ്ങൾ തന്നോട് കാണിച്ച ആത്മവിശ്വാസത്തിനും അനുകമ്പയ്ക്കും നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Tim Cook has reportedly decided to step down as Apple CEO after a 15-year tenure, marking the end of a major leadership era at the company. The move is described as voluntary and signals a significant transition in Apple’s top management.

To advertise here,contact us