യുകെയിൽ നിന്ന് മടങ്ങുന്നവരിൽ മുന്നിൽ ഇന്ത്യക്കാർ; ഒരു വർഷത്തിനിടെ രാജ്യം വിട്ടത് 85,000 പേർ

51,000 പേരുമായി ചൈനീസ് പൗരന്മാരാണ് ബ്രിട്ടൻ വിട്ടവരിൽ രണ്ടാം സ്ഥാനത്തുള്ളത്

uk

2026 ജൂൺ വരെയുള്ള ഒരു വർഷത്തിനിടെ ബ്രിട്ടൻ വിട്ടുപോയ വിദേശികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണെന്ന് ഔദ്യോഗിക കണക്കുകൾ. യുകെയിലെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 12 മാസത്തിനിടെ 85,000 ഇന്ത്യൻ പൗരന്മാരാണ് രാജ്യം വിട്ടത്. ഇതിൽ 55,000 പേർ പഠന വിസയിലും, 28,000 പേർ തൊഴിൽ വിസയിലും, ബാക്കി 2,000 പേർ മറ്റ് വിസകളിലും എത്തിയവരാണ്. 51,000 പേരുമായി ചൈനീസ് പൗരന്മാരാണ് ബ്രിട്ടൻ വിട്ടവരിൽ രണ്ടാം സ്ഥാനത്തുള്ളത്.

രാജ്യം വിടുന്നവരുടെ എണ്ണം ഉയർന്നതോടെ ബ്രിട്ടനിലേക്കുള്ള ആകെ കുടിയേറ്റ നിരക്കിലും വലിയ ഇടിവ് രേഖപ്പെടുത്തി. 2026 ജൂണിൽ അവസാനിച്ച വർഷത്തിൽ ബ്രിട്ടന്റെ നെറ്റ് മൈഗ്രേഷൻ 77,000 ആയി കുറഞ്ഞു. മുൻ ഭരണകാലത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് നെറ്റ് മൈഗ്രേഷൻ 92 ശതമാനം കുറയ്ക്കാൻ സാധിച്ചതായി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് വ്യക്തമാക്കി. പൊതുസേവന മേഖലകളിലും സമ്പദ്‌വ്യവസ്ഥയിലും ഉണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കുന്നതിനായി കുടിയേറ്റം നിയന്ത്രിക്കാൻ സർക്കാർ കർശന നടപടികൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ബ്രിട്ടനിലേക്ക് പുതുതായി എത്തുന്നവരുടെ പട്ടികയിലും ഇന്ത്യക്കാർ തന്നെയാണ് മുന്നിലുള്ളത്. ഈ കാലയളവിൽ 77,000 ഇന്ത്യക്കാർക്ക് പഠന വിസയും 40,000 പേർക്ക് തൊഴിൽ വിസയും ബ്രിട്ടൻ അനുവദിച്ചു. എങ്കിലും, ബ്രിട്ടനിലേക്കുള്ള ആകെ കുടിയേറ്റം മുൻവർഷത്തെ 8,93,000-ത്തിൽ നിന്ന് 7,38,000 ആയി കുറഞ്ഞു.

2026 സെപ്റ്റംബർ വരെയുള്ള ഹോം ഓഫീസ് കണക്കുകൾ പ്രകാരം 31,000 പേർ അനധികൃതമായി ബ്രിട്ടനിലേക്ക് കടക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 86 ശതമാനം പേരും ഇംഗ്ലീഷ് ചാനൽ വഴി ചെറിയ ബോട്ടുകളിലാണ് എത്തിയത്.

Content Highlights: Indians topped the list of foreign nationals leaving the UK, with 85,000 Indian citizens departing in the 12 months ending June 2026.

To advertise here,contact us