പുതുവർഷവും ക്രിസ്മസും ആഘോഷിക്കാൻ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് തിരിച്ചടിയാകുന്ന നീക്കവുമായി വിമാനക്കമ്പനികൾ. അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് വർധിക്കാനിരിക്കെ നവംബർ, ഡിസംബർ മാസങ്ങളിലെ ആഭ്യന്തര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുകയാണ് കമ്പനികൾ.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 7,154 സർവീസുകളാണ് കുറയുന്നത്. പ്രതിദിനം ശരാശരി 117 സർവീസുകളുടെ കുറവാണിത്. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിന്റെ കണക്കുകൾ പ്രകാരം ആകെ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര സർവീസുകൾ 1,95,774 ആയി ചുരുങ്ങും.
2022-ന് ശേഷം ആദ്യമായാണ് ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണത്തിൽ ഇത്രയും വലിയ വാർഷിക ഇടിവ് രേഖപ്പെടുത്തുന്നത്. യാത്രക്കാരുടെ ആവശ്യകത ഉയരുന്ന ഉത്സവ-അവധിക്കാലത്ത് സർവീസുകൾ കുറയുന്നത് ടിക്കറ്റ് നിരക്കിൽ പ്രതിഫലിക്കുമെന്ന ആശങ്കയും ശക്തമാണ്.
വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിലെ വർധനയും വിമാനങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് സർവീസുകൾ കുറയ്ക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ. ഇന്ധനവിലയിലെ വർധനയും രൂപയുടെ മൂല്യത്തകർച്ചയും കമ്പനികളുടെ സാമ്പത്തിക സമ്മർദം വർധിപ്പിക്കുന്നുണ്ട്. സ്പൈസ് ജെറ്റിന്റെ സർവീസുകളിൽ 25.3 ശതമാനവും എയർ ഇന്ത്യയുടേതിൽ 15.9 ശതമാനവും കുറവുണ്ടാകുമ്പോൾ ഇൻഡിഗോയുടെ സർവീസുകളിൽ 1.7 ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ആകാശ എയർ 46.9 ശതമാനം വളർച്ചയോടെ സർവീസുകൾ വർധിപ്പിക്കുന്നുണ്ട്. സർവീസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വലിയ വിമാനങ്ങൾ ഉപയോഗിക്കുന്നതിനാൽ മൊത്തം സീറ്റുകളുടെ ലഭ്യതയിൽ 0.5 ശതമാനം മാത്രമാണ് ഇടിവ്. എങ്കിലും യാത്രക്കാർക്ക് ഇഷ്ടപ്പെട്ട സമയങ്ങളിൽ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത കുറയാം.
പ്രത്യേകിച്ച് കേരളത്തിൽനിന്ന് ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്കും തിരിച്ചുമുള്ള അവധിക്കാല യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ട സാഹചര്യമാണുള്ളത്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൂടുതൽ നിരക്ക് നൽകേണ്ടിവരാനും സാധ്യതയുണ്ട്. അതിനാൽ ക്രിസ്മസ്-പുതുവത്സര യാത്രകൾക്ക് ടിക്കറ്റ് ബുക്കിങ് നേരത്തേ പൂർത്തിയാക്കുന്നതാണ് ഉചിതം.
Content Highlights: India Flight Cuts: Airlines Reduce 7,154 Domestic Flights Ahead of Christmas and New Year