ആമസോൺ വീണ്ടും പിരിച്ചുവിടലിലേക്ക്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ജീവനക്കാർക്ക് ജോലി നഷ്ടമാകും

കമ്പനിയുടെ വാർഷിക ആഗോള ഷോപ്പിംഗ് ഉത്സവമായ 'പ്രൈം ബിഗ് ഡീൽ ഡേയ്സ്' നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്

ആഗോള ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോൺ തങ്ങളുടെ കോർപ്പറേറ്റ് ജീവനക്കാരുടെ എണ്ണം വീണ്ടും വെട്ടിച്ചുരുക്കുന്നു. കമ്പനിയുടെ പ്രധാന റീട്ടെയിൽ ബിസിനസ്സ് കൈകാര്യം ചെയ്യുന്ന 'സ്റ്റോഴ്സ്' വിഭാഗത്തിലെ ആയിരത്തിൽ താഴെ വരുന്ന വൈറ്റ് കോളർ ജീവനക്കാരെയാണ് ഈ ഘട്ടത്തിൽ പിരിച്ചുവിടുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളിലെ ജീവനക്കാരെയാണ് ഈ പുതിയ തൊഴിൽ നഷ്ടം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കമ്പനിയുടെ വാർഷിക ആഗോള ഷോപ്പിംഗ് ഉത്സവമായ 'പ്രൈം ബിഗ് ഡീൽ ഡേയ്സ്' നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ആമസോണിന്റെ പ്രധാന വെബ്‌സൈറ്റും അതിന്റെ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ഡിപ്പാർട്ട്‌മെന്റിലാണ് പുതിയ പുനഃസംഘടന നടക്കുന്നത്. ആമസോൺ സ്റ്റോഴ്സ് വിഭാഗത്തിലെ കസ്റ്റമർ സർവീസ്, സെല്ലിംഗ് പാർട്ണർ സർവീസസ് തുടങ്ങിയ വിവിധ ഉപവിഭാഗങ്ങളിലെ ജീവനക്കാർക്കാണ് ഇന്റേണൽ കമ്മ്യൂണിക്കേഷൻ ചാനലുകൾ വഴി പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ മുൻഗണനാ ലക്ഷ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും നിലവിലെ ബിസിനസ്സ് ഘടനയെ കൂടുതൽ ശക്തമാക്കുന്നതിനുമാണ് ഈ നടപടിയെന്ന് ആമസോൺ വക്താവ് ഔദ്യോഗിക ഇമെയിൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ആരംഭിച്ച് ഈ വർഷം ജനുവരി വരെ നീണ്ടുനിന്ന മുപ്പതിനായിരത്തോളം ജീവനക്കാരുടെ വൻതോതിലുള്ള പിരിച്ചുവിടലിന് പിന്നാലെയാണ് ആമസോൺ വീണ്ടും ചെറുകിട തോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കലുകളിലേക്ക് കടന്നിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ സമയത്ത് ഡിജിറ്റൽ ഷോപ്പിംഗിന് ഉണ്ടായ അഭൂതപൂർവ്വമായ വളർച്ചയെ തുടർന്ന് കമ്പനിയിൽ ആവശ്യത്തിലധികം ജീവനക്കാരെ നിയമിച്ചിരുന്നുവെന്ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഒരു അഭിമുഖത്തിൽ സമ്മതിച്ചു. ആ കാലയളവിൽ അമിതമായി വർദ്ധിച്ച ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കാനും കമ്പനിയുടെ ചിലവുകൾ കുറയ്ക്കാനും ഇത്തരം തിരുത്തൽ നടപടികൾ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights:Amazon is cutting fewer than 1,000 corporate jobs in its Stores division.Employees in the US, India and the UK are among those affected.

To advertise here,contact us