ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർ ശ്രദ്ധിക്കേണ്ട നിർണായക മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിലക്കുറവ് അവകാശവാദങ്ങൾ, സ്പോൺസേഡ് ലിസ്റ്റിങ്ങുകൾ, സെർച്ച് റിസൾട്ടുകളുടെ ക്രമീകരണം, ഡാർക്ക് പാറ്റേണുകൾ തുടങ്ങിയവയിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരുന്നതാണ് പുതിയ ഭേദഗതികളുടെ ലക്ഷ്യം.
കൺസ്യുമർ പ്രൊട്ടക്ഷൻ (E-Commerce) റൂൾസ് , 2020 ആണ് കേന്ദ്രം ഭേദഗതി ചെയ്തത്. ഓൺലൈൻ മാർക്കറ്റുകളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യമായ വിവരങ്ങൾ ലഭ്യമാക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന രീതികൾ തടയുകയും ചെയ്യുകയാണ് പുതിയ ചട്ടങ്ങളുടെ പ്രധാന ലക്ഷ്യം. പുതിയ വ്യവസ്ഥകൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
ഓൺലൈൻ ഷോപ്പിങ് സെയിലുകളിൽ ഉൽപ്പന്നത്തിന് വലിയ വിലക്കുറവ് പ്രഖ്യാപിക്കുന്നത് സാധാരണമാണ്. എന്നാൽ യഥാർഥ വില എത്രയായിരുന്നു എന്നതിൽ വ്യക്തതയില്ലാത്ത സാഹചര്യങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാം. പുതിയ ചട്ടപ്രകാരം ഡിസ്കൗണ്ട് നൽകുമ്പോൾ ഉൽപ്പന്നത്തിന്റെ മുൻ വിലയും നിലവിലെ വിലയും വ്യക്തമായി കാണിക്കേണ്ടിവരും. ഇതിലൂടെ കൃത്രിമമായി വില ഉയർത്തിയ ശേഷം വലിയ ഡിസ്കൗണ്ട് നൽകുന്നതായി കാണിക്കുന്ന രീതികൾക്ക് നിയന്ത്രണം വരും.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഒരു ഉൽപ്പന്നം തിരയുമ്പോൾ പണം നൽകി മുകളിലെത്തിക്കുന്ന ഉൽപ്പന്നങ്ങളും സാധാരണ സെർച്ച് ഫലങ്ങളും തമ്മിലുള്ള വ്യത്യാസം ഉപഭോക്താക്കൾക്ക് വ്യക്തമായി മനസ്സിലാകണം. പുതിയ നിയമങ്ങൾ പ്രകാരം സ്പോൺസർ ചെയ്ത ലിസ്റ്റിംഗുകൾ വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ അടയാളപ്പെടുത്തണം. പണം നൽകി മുൻനിരയിൽ എത്തിച്ച ഉൽപ്പന്നത്തെ സാധാരണ സെർച്ച് ഫലമായി ഉപഭോക്താവിന് തോന്നുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
ഉപഭോക്താവിനെ ഒരു പ്രത്യേക തീരുമാനം എടുക്കാൻ സമ്മർദത്തിലാക്കുന്ന വെബ്സൈറ്റ്, ആപ്പ് ഡിസൈൻ രീതികളെയാണ് പൊതുവെ ഡാർക്ക് പാറ്റെൺസ് എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന്, ഒരു ഓപ്ഷൻ മറച്ചുവയ്ക്കുക, അനാവശ്യ സേവനം സ്വമേധയാ തിരഞ്ഞെടുക്കപ്പെട്ട നിലയിൽ നൽകുക, വാങ്ങൽ പ്രക്രിയയിൽ ഉപഭോക്താവിനെ ആശയക്കുഴപ്പത്തിലാക്കുക തുടങ്ങിയ രീതികൾക്കെതിരെ കൂടുതൽ കർശനമായ നിയന്ത്രണങ്ങളാണ് വരുന്നത്.
പുതിയ ചട്ടങ്ങൾ വിലയും പരസ്യവും മാത്രം ലക്ഷ്യമിടുന്നതല്ല. ഉപഭോക്തൃ പരാതികൾ കൈകാര്യം ചെയ്യുന്നതിലും ഇ-കൊമേഴ്സ് കമ്പനികളുടെ ഉത്തരവാദിത്തം വർധിക്കും. ഉപഭോക്തൃ ഡാറ്റയുടെ ഉപയോഗവും സംരക്ഷണവും കൂടുതൽ കർശനമായ മാനദണ്ഡങ്ങൾക്ക് വിധേയമാകും. ഇനി ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ കാണുന്ന ഡിസ്കൗണ്ട് മാത്രം നോക്കി തീരുമാനമെടുക്കുന്നതിനുപകരം ഉൽപ്പന്നത്തിന്റെ മുൻ വില, നിലവിലെ വില, സെർച്ച് ഫലത്തിന്റെ സ്വഭാവം, സ്പോൺസേർഡ് എന്ന അടയാളം എന്നിവ ശ്രദ്ധിക്കേണ്ടിവരും.
വലിയ ഡിസ്കൗണ്ട് എന്ന പേരിൽ ഉപഭോക്താവിനെ ആകർഷിക്കുന്നതിലും പണം നൽകി ഉൽപ്പന്നങ്ങളെ മുകളിലെത്തിക്കുന്നതിലും ഇ-കൊമേഴ്സ് കമ്പനികൾക്ക് ഇനി കൂടുതൽ സുതാര്യത പാലിക്കേണ്ടിവരും എന്നർത്ഥം. പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ വലിയ ഓൺലൈൻ മാർക്കറ്റ്പ്ലേസുകൾ ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് മേഖലയിലെ വില്പനാ രീതികളിലും മാറ്റം പ്രതീക്ഷിക്കാം.
Content Highlights: Big Changes Coming to Online Shopping: New Rules to Regulate Discounts, Search Rankings and Sponsored Products