ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടി ഇന്ത്യയുടെ വിദേശനയത്തിന്റെയും സാമ്പത്തിക താൽപര്യങ്ങളുടെയും നിർണായക വേദിയായി മാറുകയാണ്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടി സെപ്റ്റംബർ 12, 13 തീയതികളിലാണ് നടക്കുന്നത്. വ്യാപാരം, നിക്ഷേപം, സപ്ലൈ ചെയിൻ, ടെക്നോളജി, പേയ്മെന്റ് സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതാണ് പ്രധാന ചർച്ചകളിലൊന്ന്.
ഇന്ത്യൻ കമ്പനികൾക്ക് ഏറ്റവും പ്രധാനപ്പെട്ട മാറ്റം ബ്രിക്സ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി അവസരങ്ങൾ വർധിക്കുമോ എന്നതാണ്. അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ കുറയ്ക്കുകയും വിപണികളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും ചെയ്താൽ ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ്, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, കെമിക്കൽസ്, ടെക്നോളജി തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ കമ്പനികൾക്ക് പുതിയ വിപണികൾ ലഭിക്കാം.
അതേസമയം, ഇന്ത്യയ്ക്ക് ബ്രിക്സ് രാജ്യങ്ങളുമായുള്ള വ്യാപാരം വളരുന്നതിനൊപ്പം വ്യാപാരക്കമ്മിയും വലിയ വെല്ലുവിളിയാണ്. 2026 സാമ്പത്തിക വർഷത്തിൽ ബ്രിക്സ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി ഏകദേശം 226.1 ബില്യൺ ഡോളറായി ഉയർന്നതായി ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷിയെറ്റിവ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ചൈന, യുഎഇ, റഷ്യ എന്നിവയാണ് പ്രധാനമായും ഈ കുറവിന് കാരണമാകുന്ന രാജ്യങ്ങൾ. അതിനാൽ ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇറക്കുമതി മാത്രം വർധിപ്പിക്കുന്നതിന് പകരം ഇന്ത്യൻ കയറ്റുമതിക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ്. ചൈനയിൽ നിന്നുള്ള വലിയ ഇറക്കുമതിയും ഇന്ത്യയുടെ കയറ്റുമതിയിലെ അസന്തുലിതാവസ്ഥയും പരിഹരിക്കാനുള്ള ചർച്ചകൾക്കും പ്രാധാന്യമുണ്ട്. ഇന്ത്യ-ചൈന ബന്ധത്തിൽ വ്യാപാരവും വിതരണ ശൃംഖലയിലെ പ്രവചനാതീതതയും പ്രധാന വിഷയങ്ങളാകുമെന്നാണ് പ്രതീക്ഷ.
ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള മൂലധന പ്രവാഹം കൂടുതൽ സുഗമമാകുകയാണെങ്കിൽ ഇന്ത്യൻ കമ്പനികൾക്ക് വിദേശ നിക്ഷേപം ആകർഷിക്കാനുള്ള സാധ്യത വർധിക്കും. സ്റ്റാർട്ടപ്പുകൾ, പുതിയ ടെക്നോളജി കമ്പനികൾ, ഇൻഫ്രാസ്ട്രക്ചർ, നിർമ്മാണ മേഖലകൾ തുടങ്ങിയവയ്ക്ക് ക്രോസ്സ് ബോർഡർ ഇൻവെസ്റ്റ്മെന്റ് ലഭിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തുറക്കുന്നത്. ബ്രിക്സ് തലത്തിൽ സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഫണ്ട്, ഇൻകുബേറ്റർ നെറ്റ്വർക്ക് തുടങ്ങിയ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, ഇൻകുബേറ്ററുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്.
ബ്രിക്സ് ചർച്ചകളിലെ മറ്റൊരു പ്രധാന വിഷയം പ്രാദേശിക കറൻസികളിലുള്ള വ്യാപാരവും അതിർത്തി കടന്നുള്ള പേയ്മെന്റുകളും ആണ്. ഡോളറിനെ പൂർണമായി ഒഴിവാക്കുക എന്നതല്ല ഉടൻ സാധ്യമാകുന്ന ലക്ഷ്യം, പകരം വിവിധ രാജ്യങ്ങളുടെ സ്വന്തം പേയ്മെന്റ് സംവിധാനങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് ഇടപാടുകളുടെ ചെലവും കറൻസി റിസ്കും കുറയ്ക്കുകയാണ് പ്രധാന ആശയം. ഇന്ത്യയുടെ യൂപിഐ പോലുള്ള ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾക്ക് ഇതിലൂടെ കൂടുതൽ അന്താരാഷ്ട്ര സാധ്യതകൾ ലഭിക്കാം. ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള പണമിടപാട് സംവിധാനങ്ങളുടെ പരസ്പര പ്രവർത്തനക്ഷമത യാഥാർഥ്യമായാൽ ഇന്ത്യൻ ഫിൻ ടെക്ക് കമ്പനികൾക്കും പേയ്മെന്റ് സേവനദാതാക്കൾക്കും പുതിയ വിപണികൾ തുറക്കാം.
ആഗോള വ്യാപാരപാതകളിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്താണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും എണ്ണവിലയിലെ കുതിപ്പും ആഗോള വിതരണ ശൃഖലയുടെ പ്രാധാന്യം വീണ്ടും ഉയർത്തിക്കാട്ടുകയാണ്. ബ്രിക്സ് ലോജിസ്റ്റിക് സപ്ലൈ -ചെയിൻ കോപ്പറേഷൻ ഫ്രെയിംവർക് വഴി ഗതാഗതം, ലോജിസ്റ്റിക്സ്, സപ്ലൈ -ചെയിൻ പ്രതിരോധ ശേഷി തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളുണ്ട്.
ഇത് ഇന്ത്യൻ കമ്പനികൾക്ക് ദീർഘകാലത്തിൽ ഗുണകരമാകാം. അസംസ്കൃത വസ്തുക്കളുടെ ലഭ്യത, ഗതാഗത ചെലവ്, കയറ്റുമതി സമയം എന്നിവ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിഞ്ഞാൽ ഇന്ത്യൻ നിർമ്മാണ മേഖലയുടെയും കയറ്റുമതി മേഖലയുടെയും മത്സരശേഷി ഉയരാം.ബ്രിക്സ് ഉച്ചകോടിയിൽ പ്രഖ്യാപിക്കുന്ന ഓരോ പദ്ധതിയും ഉടൻ ഓഹരി വിപണിയിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് കരുതേണ്ടതില്ല. എന്നാൽ കയറ്റുമതി, ഇൻഫ്രാസ്ട്രക്ചർ, പ്രതിരോധം, ഫാർമ, ടെക്നോളജി, ഫിൻടെക്, ലോജിസ്റ്റിക്സ്, ഉൽപ്പാദനം തുടങ്ങിയ മേഖലകളിൽ ദീർഘകാല അവസരങ്ങൾ സൃഷ്ടിക്കാൻ ഇത്തരം കരാറുകൾക്ക് കഴിയും.
അതേസമയം, ബ്രിക്സിന്റെ വലുപ്പം വർധിച്ചതിനൊപ്പം അംഗരാജ്യങ്ങൾക്കിടയിലെ താൽപര്യവ്യത്യാസങ്ങളും വർധിച്ചിട്ടുണ്ട്. ചൈനയുടെ സ്വാധീനം, ഇന്ത്യ-ചൈന വ്യാപാര അസന്തുലിതാവസ്ഥ, റഷ്യ-പാശ്ചാത്യ ബന്ധങ്ങൾ, ഇറാൻ-യുഎഇ പോലുള്ള രാജ്യങ്ങളുടെ വ്യത്യസ്ത നിലപാടുകൾ എന്നിവ കാരണം എല്ലാ വിഷയങ്ങളിലും ഏകകണ്ഠമായ തീരുമാനം എടുക്കുന്നത് എളുപ്പമല്ല.
ഇന്ത്യയ്ക്ക് ഒരു നയതന്ത്ര വേദി മാത്രമല്ല. ഇന്ത്യൻ കമ്പനികൾക്ക് പുതിയ കയറ്റുമതി വിപണികൾ, സ്റ്റാർട്ടപ്പുകൾക്ക് പുതിയ നിക്ഷേപ സാധ്യതകൾ, ഫിൻടെക്ക് കമ്പനികൾക്ക് പുതിയ പേയ്മെന്റ് വിപണികൾ, നിർമ്മാണ മേഖലയ്ക്ക് ശക്തമായ സപ്ലൈ -ചെയിൻ ബന്ധങ്ങൾ എന്നിവ സൃഷ്ടിക്കാനുള്ള അവസരമാണ്. എന്നാൽ ഇന്ത്യയുടെ വലിയ ബ്രിക്സ് വ്യാപാര കമ്മി കുറയ്ക്കാൻ കഴിയുമോ എന്നതായിരിക്കും ഏറ്റവും നിർണായകമായ പരീക്ഷണം.
Content Highlights: BRICS Summit 2026: What It Could Mean For Indian Companies, Investors, Trade and Capital Flows