എക്‌സൈസ് വകുപ്പിന്റെ "ഓപ്പറേഷൻ ശുദ്ധി" കള്ളു ഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിന് നിയന്ത്രണം വരുന്നു

കള്ളുഷാപ്പുകളിൽ അനധികൃതമായി ഭക്ഷണം പാകം ചെയ്യുകയും വിൽക്കുകയും ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി പ്രത്യേക ലൈസൻസുകളും അനുമതികളും നിർബന്ധമാക്കാനാണ് തീരുമാനം

കേരളത്തിലെ കള്ളുഷാപ്പുകളിൽ വിൽക്കുന്ന ഭക്ഷണവിഭവങ്ങളുടെ കാര്യത്തിൽ നിയന്ത്രണം ശക്തമാക്കുന്നു. കള്ളുഷാപ്പുകളിൽ അനധികൃതമായി ഭക്ഷണം പാകം ചെയ്യുകയും വിൽക്കുകയും ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി പ്രത്യേക ലൈസൻസുകളും അനുമതികളും നിർബന്ധമാക്കാനാണ് തീരുമാനം. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് നടപടി.

കള്ളുഷാപ്പുകളിൽ കള്ളിനൊപ്പം വിവിധ തരത്തിലുള്ള ‘തൊട്ടുകറികൾ’ വിൽക്കുന്നത് പതിവാണ്. എന്നാൽ, എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ശുദ്ധി’യുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ പല ഷാപ്പുകളിലും ആവശ്യമായ അനുമതികളില്ലാതെയാണ് ഭക്ഷണം പാകം ചെയ്ത് വിൽക്കുന്നതെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭക്ഷണവിൽപ്പനയ്ക്ക് കൃത്യമായ നിയമപരമായ അനുമതികൾ ഉറപ്പാക്കാനുള്ള നീക്കം.

ഇനി കള്ളുഷാപ്പുകളിൽ ഭക്ഷണം പാകം ചെയ്ത് വിൽക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് നിർബന്ധമാക്കും. ഇതിന് പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതികളും ആവശ്യമായി വരും. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ ഭക്ഷണം തയ്യാറാക്കുന്നതെന്നും വിൽപ്പന നടത്തുന്ന സ്ഥലത്ത് ആവശ്യമായ ശുചിത്വ സംവിധാനങ്ങളുണ്ടോയെന്നും പരിശോധിക്കപ്പെടും.

മാംസം, മീൻ തുടങ്ങിയ ഭക്ഷണവിഭവങ്ങൾ ഉൾപ്പെടെയുള്ള തൊട്ടുകറികളാണ് പല കള്ളുഷാപ്പുകളിലും പ്രധാന ആകർഷണം. എന്നാൽ ഭക്ഷണം തയ്യാറാക്കുന്നതിനും സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണവിൽപ്പന കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും അധികൃതർക്ക് സാധിക്കും.

കള്ളുഷാപ്പുകളിലെ ഭക്ഷണവിൽപ്പന നിയന്ത്രിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. പഴകിയ ഭക്ഷണം, ശുചിത്വമില്ലാത്ത പാചകരീതി, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാനും പരിശോധനകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, നിയമാനുസൃതമായി ആവശ്യമായ ലൈസൻസുകളും അനുമതികളും നേടിയ ഷാപ്പുകൾക്ക് ഭക്ഷണവിൽപ്പന തുടരാനാകും.

എക്സൈസ് വകുപ്പിന്റെ പരിശോധനകൾ കൂടുതൽ ശക്തമാകുന്നതോടെ സംസ്ഥാനത്തെ കള്ളുഷാപ്പുകളിൽ ഭക്ഷണവിൽപ്പനയും ഇനി കൃത്യമായ നിയന്ത്രണങ്ങളുടെയും പരിശോധനകളുടെയും പരിധിയിലാകും.

Content Highlights:Kerala Excise has made Food Safety licences mandatory for serving food at toddy shops. The move is part of Operation Shuddhi, aimed at tightening compliance and addressing complaints related to food served at toddy shops. Toddy shops serving food without the required licence will face strict action.

To advertise here,contact us