ചെറിയ നഗരങ്ങളിൽ കുതിപ്പ്; മെട്രോകളിലും വൻ വിപുലീകരണത്തിന് ഭാരത് ടാക്സി

ഡ്രൈവർമാരെ വെറും സേവനദാതാക്കളായി കാണാതെ സഹകരണ സ്ഥാപനത്തിന്റെ ഉടമകളാക്കുന്നതാണ് ഭാരത് ടാക്സിയുടെ പ്രധാന പ്രത്യേകത

സ്വകാര്യ ഓൺലൈൻ ടാക്സി സേവനങ്ങൾക്ക് ബദലായി കേന്ദ്രസർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന സഹകരണ റൈഡ്-ഹെയിലിംഗ് പ്ലാറ്റ്‌ഫോമായ ഭാരത് ടാക്സിക്ക് മെട്രോ നഗരങ്ങളേക്കാൾ ചെറിയ നഗരങ്ങളിൽ മികച്ച പ്രതികരണം ലഭിക്കുന്നതായി റിപ്പോർട്ട്. പൂനെ, ഗുജറാത്തിലെ വിവിധ നഗരങ്ങൾ എന്നിവിടങ്ങളിലാണ് സേവനത്തിന് ശക്തമായ സ്വീകാര്യത ലഭിക്കുന്നത്. അതേസമയം, ഡൽഹി, മുംബൈ തുടങ്ങിയ വൻ നഗരങ്ങളിൽ സ്വകാര്യ ടാക്സി അഗ്രിഗേറ്റർമാരിൽ നിന്നുള്ള കടുത്ത മത്സരമാണ് വളർച്ചയെ ബാധിക്കുന്നത്.

ഗുജറാത്തിൽ ലഭിക്കുന്ന യാത്രാ അഭ്യർഥനകളിൽ ഏകദേശം 70 ശതമാനവും ഡ്രൈവർമാർ സ്വീകരിക്കുമ്പോൾ ഡൽഹി-എൻസിആറിൽ ഇത് 25–30 ശതമാനം മാത്രമാണെന്നാണ് കമ്പനി അധികൃതർ പറയുന്നത്. മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ടയർ-2 നഗരങ്ങളിൽ ഭാരത് ടാക്സിക്ക് വേഗത്തിൽ വളരാൻ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

നിലവിൽ ഭാരത് ടാക്സി 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഗുവാഹത്തി, ഷില്ലോങ്, ഹൈദരാബാദ്, ഭോപ്പാൽ, നാഗ്പൂർ, നാസിക്, വാരണാസി, കാൺപൂർ, ആഗ്ര, പ്രയാഗ്‌രാജ് എന്നിവിടങ്ങളിൽ പൈലറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കും.

ഡ്രൈവർമാരെ വെറും സേവനദാതാക്കളായി കാണാതെ സഹകരണ സ്ഥാപനത്തിന്റെ ഉടമകളാക്കുന്നതാണ് ഭാരത് ടാക്സിയുടെ പ്രധാന പ്രത്യേകത. കമ്മീഷൻ രഹിത മാതൃകയിലൂടെ ഡ്രൈവർമാർക്ക് കൂടുതൽ വരുമാനവും ഭാവിയിൽ ലാഭവിഹിതവും ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ 9 ലക്ഷത്തിലധികം ഡ്രൈവർമാരും 48 ലക്ഷത്തോളം യാത്രക്കാരും പ്ലാറ്റ്‌ഫോമിൽ ചേർന്നതായി കമ്പനി അറിയിച്ചു.

കൂടാതെ, മുൻകൂട്ടി ടാക്സി ബുക്ക് ചെയ്യാനുള്ള ഷെഡ്യൂൾഡ് റൈഡ് സംവിധാനവും കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഡൽഹി–ആഗ്ര, ഡൽഹി–ഡെറാഡൂൺ, മുംബൈ–പൂനെ തുടങ്ങിയ അന്തർനഗര റൂട്ടുകളിലും സേവനം ആരംഭിച്ചിട്ടുണ്ട്.

Content Highlights:Bharat Taxi is gaining stronger traction in smaller cities than major metros. The cooperative ride-hailing platform is emerging as a potential challenger to Ola and Uber.

To advertise here,contact us