പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര എണ്ണക്കപ്പൽ പാതകളെ ബാധിച്ചതോടെ ക്രൂഡ് ഓയിൽ ലഭ്യത ഉറപ്പാക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യ. ഹോർമുസ് കടലിടുക്ക്, ബാബ് എൽ-മന്ദബ് തുടങ്ങിയ പ്രധാന സമുദ്ര പാതകളിലൂടെയുള്ള ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ ദീർഘദൂര പാതകളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഇന്ത്യ തങ്ങളുടെ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നത്.
ഓഗസ്റ്റ് മാസത്തിൽ റഷ്യ, യുഎഇ, തെക്കേ അമേരിക്ക (ബ്രസീൽ, വെനസ്വേല), പശ്ചിമാഫ്രിക്ക (നൈജീരിയ, അംഗോള), യുഎസ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തത്. അമേരിക്കയുടെ നയപരമായ സമ്മർദ്ദങ്ങളും ഉപരോധ ഭീഷണികളും നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി റഷ്യ തന്നെ തുടരുകയാണെന്ന് ആഗോള ഊർജ്ജ നിരീക്ഷണ ഏജൻസിയായ കെപ്ലർ (Kpler) വ്യക്തമാക്കുന്നു.
ആഴ്ചകൾക്ക് മുൻപേ മുൻകൂട്ടി ഓർഡർ നൽകിയാണ് ഇന്ത്യൻ റിഫൈനറികൾ എണ്ണ വാങ്ങുന്നത് എന്നതിനാൽ പുതിയ നയപരമായ മാറ്റങ്ങൾ പെട്ടെന്ന് ഇറക്കുമതിയെ ബാധിക്കില്ലെന്ന് കെപ്ലറിലെ ലീഡ് റിസർച്ച് അനലിസ്റ്റ് സുമിത് റിറ്റോളിയ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ എണ്ണലഭ്യത പരിമിതമായിരിക്കുന്ന ഘട്ടത്തിൽ റഷ്യൻ എണ്ണയ്ക്ക് പകരമായി മറ്റൊരു സ്രോതസ്സ് കണ്ടെത്തുന്നത് സാങ്കേതികമായി സാധ്യമാണെങ്കിലും സാമ്പത്തികമായും രാഷ്ട്രീയമായും വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും യുഎഇയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തടസ്സമില്ലാതെ തുടരുന്നത് ഇന്ത്യയ്ക്ക് ആശ്വാസമാകുന്നുണ്ട്. ഫുജൈറ പൈപ്പ്ലൈൻ ശൃംഖലയും ഹോർമുസ് കടലിടുക്കിന് പുറത്തുള്ള ഷിപ്പ്-ടു-ഷിപ്പ് ലോജിസ്റ്റിക്സ് സംവിധാനങ്ങളും വഴിയാണ് യുഎഇ കയറ്റുമതി നിലനിർത്തുന്നത്.
എങ്കിലും ക്രൂഡ് ഓയിൽ സംഭരണച്ചെലവ് ഉയരുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബില്ലും കറന്റ് അക്കൗണ്ട് കമ്മി(CAD)യും വർധിപ്പിക്കാൻ ഇടയാക്കും. റഷ്യയിൽ നിന്നും വെനസ്വേലയിൽ നിന്നും മുൻപ് ലഭിച്ചിരുന്ന വൻ വിലക്കിഴിവുകൾ ചുരുങ്ങി വരുന്നതും മിഡിൽ ഈസ്റ്റ് ഗൾഫ്, പശ്ചിമാഫ്രിക്കൻ എണ്ണകൾക്ക് ഇൻഷുറൻസ്-റിസ്ക് പ്രീമിയം വർധിച്ചതും തിരിച്ചടിയാണ്.
ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങൾ മൂലം ചൈന മറ്റ് വിപണികളിലേക്ക് തിരിഞ്ഞാൽ ആഗോളതലത്തിൽ മത്സരം മുറുകി വില വീണ്ടും ഉയർന്നേക്കാം. യു.എസ്, ആഫ്രിക്ക തുടങ്ങിയ വിദൂര രാജ്യങ്ങളിൽ നിന്നുള്ള ചരക്കുനീക്കത്തിന് കപ്പൽക്കൂലി (Freight Charges) ഇരട്ടിയാകുന്നുണ്ടെങ്കിലും, ഊർജ്ജ സുരക്ഷയും വിതരണ സുസ്ഥിരതയും ഉറപ്പാക്കാൻ ഇന്ത്യ കൂടുതൽ തുക ചെലവഴിക്കാൻ നിർബന്ധിതരാവുകയാണ്.
Content Highlights: India is diversifying its crude oil sourcing amid disruptions in West Asia. Russia remained India's largest crude supplier in July, while UAE supplies also increased as Indian refiners sought alternatives to disrupted Gulf routes. The UAE's Fujairah and other alternative routes have helped maintain supplies, although higher import costs remain a concern.