ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനി പുതിയ വിമാനക്കമ്പനി തുടങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. നിരവധി വിമാനത്താവളങ്ങൾ നടത്തിവരുന്ന അദാനി തന്റെ ബിസിനസ് സാമ്രാജ്യം വിപുലീകരിക്കാനും മറ്റുമാണ് ഇത്തരത്തിൽ പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇൻഡിഗോയും എയർ ഇന്ത്യയും ആധിപത്യം പുലർത്തുന്ന ഇന്ത്യൻ വിപണിയിൽ അദാനി കണ്ണുവെച്ചിട്ടുണ്ടെന്നാണ് 'ബിസിനസ് സ്റ്റാൻഡേർഡ്' റിപ്പോർട്ട് ചെയ്യുന്നത്.
ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നടന്നുവരുന്നു എന്നാണ് അദാനിയുടെ സോഴ്സുകളെ ഉദ്ധരിച്ച് 'ബിസിനസ് സ്റ്റാൻഡേർഡ്' റിപ്പോർട്ട് ചെയ്യുന്നത്. കമ്പനി ഇനിയും ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല. എയർലൈൻ ബിസിനസിലെ റിസ്കുകളും ബുദ്ധിമുട്ടുകളും പരിഗണിച്ച് ഒരുപക്ഷെ തീരുമാനം പുനഃപരിശോധിച്ചേക്കാനും സാധ്യതയുണ്ട്.
ഇൻഡിഗോ പ്രതിസന്ധിയും എയർ ഇന്ത്യയിലെ പരിശോധനയും മൂലമുണ്ടായ സാഹചര്യത്തെ മുതലെടുക്കാനാണ് അദാനി ശ്രമിക്കുന്നത് എന്നാണ് വിവരങ്ങൾ. എയർലൈൻ തുടങ്ങാൻ സർക്കാർ തലത്തിൽനിന്ന് അദാനിക്ക് സമ്മർദ്ദമുണ്ടായതായും വിവരങ്ങളുണ്ട്. ദേശീയ താത്പര്യം മുൻനിർത്തിയാണ് അദാനി ഇത്തരത്തിൽ ഒരു ആലോചന നടത്തുന്നത് എന്നും ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിലെത്തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ഏവിയേഷൻ മാർക്കറ്റാണ് ഇന്ത്യയുടേത്. ഇൻഡിഗോയാണ് ഇന്ത്യൻ ഏവിയേഷൻ വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനക്കമ്പനി. 65.4 ശതമാനമാണ് ഇൻഡിഗോയുടെ മാർക്കറ്റ് ഷെയർ. തൊട്ടുപിന്നിലുള്ള എയർ ഇന്ത്യക്ക് 25 ശതമാനം ഷെയർ മാത്രമാണ് ഉള്ളത്. നേരത്തെ പൈലറ്റുമാരുടെ ലഭ്യതക്കുറവ് കാരണം ഇൻഡിഗോ വിമാന സർവീസുകൾ നിർത്തലാക്കിയിരുന്നു. ദിവസങ്ങളോളം നീണ്ടുനിന്ന ഈ പ്രതിസന്ധി കാരണം നിരവധി പേർക്കാണ് യാത്രകൾ മുടങ്ങിയത്. അഹ്മദാബാദ് ദുരന്തത്തിന് ശേഷമാണ് എയർ ഇന്ത്യ വിമാനങ്ങളും കർശന സുരക്ഷാപരിശോധനയിലൂടെയാണ് കടന്നുപോകുന്നത്. പല വിമാനങ്ങൾക്കും കേടുപാടുകൾ കണ്ടെത്തിയത് കമ്പനിയെയും യാത്രക്കാരെയും ആശങ്കയിൽ ആഴ്ത്തിയിരുന്നു.
Content Highlights: Reports indicate that Indian billionaire Gautam Adani is considering launching a new airline as part of the Adani Group's expansion in the aviation sector. The move is expected to complement the group's growing airport business and strengthen its presence in India's aviation industry. No official confirmation has been made.