ഇനി ഇന്റർനെറ്റ് വേണ്ട; ടാപ്പ് ചെയ്താൽ മതി, ഓഫ്‌ലൈൻ UPIയുമായി എൻ‌പി‌സി‌ഐ

കാർഡുകളുടെ ടാപ്പ് പേയ്‌മെന്റ് അനുഭവത്തിന് സമാനമായ രീതിയിലായിരിക്കും പ്രവർത്തനം

ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോഴും യുപിഐ വഴി പണമിടപാട് നടത്താൻ കഴിയുന്ന പുതിയ സംവിധാനവുമായി നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) രംഗത്ത്. നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഡിജിറ്റൽ പേയ്‌മെന്റ് സാധ്യമാക്കുകയാണ് പുതിയ ഓഫ്‌ലൈൻ UPI സംവിധാനത്തിന്റെ ലക്ഷ്യം.

നിലവിൽ യുപിഐ പേയ്‌മെന്റുകൾക്ക് സാധാരണയായി ഇന്റർനെറ്റ് ആവശ്യമാണ്. എന്നാൽ NPCI വികസിപ്പിക്കുന്ന പുതിയ സംവിധാനത്തിലൂടെ ഉപഭോക്താവിന്റെ മൊബൈലിലും വ്യാപാരിയുടെ പേയ്‌മെന്റ് ടെർമിനലിലും ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യത്തിലും ഇടപാട് നടത്താൻ സാധിക്കും. ഇതിനായി എൻ‌എഫ്‌സി (Near Field Communication) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള “ടാപ്പ് ആൻഡ് പേ” സംവിധാനമാണ് പരിഗണിക്കുന്നത്.

പുതിയ സംവിധാനത്തിൽ ഉപഭോക്താക്കൾ ആദ്യം ഇന്റർനെറ്റ് ലഭിക്കുന്ന സമയത്ത് യുപിഐ ലൈറ്റ് ബാലൻസ് മൊബൈലിൽ ലോഡ് ചെയ്യണം. തുടർന്ന് നെറ്റ്‌വർക്ക് ഇല്ലാത്ത സമയത്ത് എൻഎഫ്‍സി സൗകര്യമുള്ള ഫോൺ അംഗീകൃത പേയ്‌മെന്റ് ടെർമിനലിൽ ടാപ്പ് ചെയ്താൽ പണമിടപാട് പൂർത്തിയാക്കാനാകും. ചെറിയ തുകകളുടെ വേഗത്തിലുള്ള പേയ്‌മെന്റുകൾക്കാണ് ഈ സംവിധാനം പ്രധാനമായും ലക്ഷ്യമിടുന്നത്.

ഒറ്റ ഇടപാടിന് 2,000 വരെ പരിധിയിലായിരിക്കും പുതിയ ഓഫ്‌ലൈൻ യുപിഐ സേവനം ലഭ്യമാകുകയെന്നാണ് റിപ്പോർട്ടുകൾ. കാർഡുകളുടെ ടാപ്പ് പേയ്‌മെന്റ് അനുഭവത്തിന് സമാനമായ രീതിയിലായിരിക്കും പ്രവർത്തനം. വിമാനത്തിനുള്ളിൽ, ഭൂഗർഭ മെട്രോ സ്റ്റേഷനുകളിൽ, നെറ്റ്‌വർക്ക് ദുർബലമായ ഗ്രാമപ്രദേശങ്ങളിൽ തുടങ്ങിയ ഇടങ്ങളിൽ ഈ സംവിധാനം ഏറെ പ്രയോജനപ്പെടും. ഇന്റർനെറ്റ് ആശ്രയം കുറച്ച് ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ വ്യാപകമാക്കുകയാണ് എൻ‌പി‌സി‌ഐയുടെ ലക്ഷ്യം.

ഇതിനായി വ്യാപാരി പേയ്‌മെന്റ് ടെർമിനൽ നിർമാതാക്കൾക്കുള്ള സർട്ടിഫിക്കേഷൻ നടപടികൾ എൻ‌പി‌സി‌ഐ ആരംഭിക്കാനാണ് സാധ്യത. പുതിയ സംവിധാനം നിലവിൽ വന്നാൽ, ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് യുപിഐ യുടെ അടുത്ത വലിയ മുന്നേറ്റമായി ഇത് മാറിയേക്കും.

Content Highlights: UPI without internet: NPCI reportedly developing tap-to-pay up to Rs 2,000 for flights, underground trains

To advertise here,contact us