നമ്മളിൽ പലരും ബസുകളിലും മറ്റും സ്ഥിരം ദൂരയാത്ര ചെയ്യുന്നവരാകും. സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകൾ, അതും വിവിധ സംസ്ഥാനങ്ങളെയും ജില്ലകളെയും ബന്ധിപ്പിച്ച് ഓടുന്ന ബസുകൾ, ഇപ്പോൾ അനവധിയുണ്ട്. ഇവയിൽ ബുക്കിങ് നടത്താൻ തേർഡ് പാർട്ടി അപ്പുകളെയും നമ്മൾ ആശ്രയിക്കാറുണ്ട്. റെഡ്ബസ് പോലുള്ള അപ്പുകളാകും അവ. എന്നാൽ അത്തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് അവസാന നിമിഷം യാത്ര ക്യാൻസൽ ചെയ്യപ്പെട്ട ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ബസ് ഓപ്പറേറ്ററുടെയും റെഡ്ബസിന്റെയും കെടുകാര്യസ്ഥത്തിൽ യാത്ര മുടങ്ങിയ ആൾക്ക് ഉപഭോക്ത്ര കമ്മീഷൻ വലിയ തുക നഷ്ടപരിഹാരം നൽകാൻ പറഞ്ഞിരിക്കുന്നു എന്നതാണ് ആ വാർത്ത.
ഹിമാചൽ പ്രദേശിലെ ജില്ലാ ഉപഭോക്ത്ര കമ്മീഷനാണ് ടിക്കറ്റ് ബുക്ക് ചെയ്ത് വ്യക്തിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ജൂലൈ നാലിനാണ് ഉത്തരവിറക്കിയത്. ജയന്ത് പട്ട്യാൽ എന്ന വ്യക്തി 2023 ഒക്ടോബർ അഞ്ചിന് പലംപൂരിൽ നിന്ന് ഡൽഹിയിലേക്ക് ഭർമാനി ട്രാവൽസിന്റെ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. റെഡ്ബസ് വഴിയാണ് ബുക്ക് ചെയ്തത്. 600 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.
രാത്രി 10.15നായിരുന്നു ബസ് യാത്ര പുറപ്പെടേണ്ടിയിരുന്നത്. അര മണിക്കൂർ മുൻപേ ജയന്ത് ബസ് സ്റ്റേഷനിലെത്തി. പിന്നീട് ബസ് ഓപ്പറേറ്ററെ ബന്ധപ്പെട്ടപ്പോളാണ് അങ്ങനയൊരു സർവീസ് ഇല്ല എന്നറിഞ്ഞത്. അവസാന ബസ് 8 മണിക്ക് പോയി എന്നും അറിഞ്ഞു. അത്യാവശ്യമായി ഡൽഹിയിൽ എത്തേണ്ടതിനാൽ 40 കിലോമീറ്റർ അപ്പുറമുള്ള വിമാനത്താവളത്തിലേക്കെത്തി വിമാനത്തിലാണ് ജയന്ത് യാത്ര ചെയ്തത്.
ബസ് ഇല്ല എന്നറിഞ്ഞയുടനെ ജയന്ത് റെഡ്ബസിന്റെ ഉപഭോക്ത്ര സർവീസ് വിഭാഗവുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ 9.58നാണ് ജയന്തിന് ബസ് സർവീസ് ക്യാൻസൽ ചെയ്തിരിക്കുന്നു എന്ന സന്ദേശം ലഭിക്കുന്നത്. റീഫണ്ട് ലഭിക്കുമെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നു. അതായത് യാത്രയ്ക്ക് വെറും 17 മിനുട്ട് മുൻപാണ് ജയന്ത് യാത്ര മുടങ്ങിയ കാര്യം അറിയുന്നത്!
ഇതിന് പിന്നാലെയാണ് ജയന്ത് ഉപഭോക്ത്ര കമ്മീഷനെ സമീപിച്ചത്. സാമ്പത്തികനഷ്ടം, മാനസിക ബുദ്ധിമുട്ട്, പകരം യാത്രാ ചിലവ് എന്നിവ അദ്ദേഹം പരാതിയിൽ വിവരിച്ചു. എന്നാൽ തങ്ങൾ വെറും ഇടനിലക്കാർ മാത്രമാണെന്നും ബസ് ഷെഡ്യൂളുകൾ തങ്ങളല്ല നിശ്ചയിക്കുന്നത് എന്നുമായിരുന്നു റെഡ്ബസിന്റെ മറുപടി. ജയന്തിന് 585 രൂപ തിരിച്ചുനൽകി എന്നും 60 രൂപ വാലറ്റിലേക്ക് നിക്ഷേപിച്ചുവെന്നും റെഡ്ബസ് അഭിപ്രായപ്പെട്ടു. ടിക്കറ്റിന്റെ രണ്ടിരട്ടി തുക നൽകാമെന്ന് റെഡ്ബസ് ജയന്തിനോട് പറഞ്ഞുവെങ്കിലും അദ്ദേഹം അത് നിഷേധിച്ചു. എന്നാൽ റെഡ്ബസ് വെറും ഇടനിലക്കാർ മാത്രമല്ല എന്നും പണം വാങ്ങുന്ന പ്ലാറ്റ്ഫോം എന്ന നിലയിൽ ഉപഭാക്താവിനോട് അവർക്ക് ബാധ്യത ഉണ്ടെന്നും കമ്മീഷൻ നിരീക്ഷിച്ചു.
പിന്നാലെ ഉപഭോക്ത്ര കമ്മീഷൻ ഭർമാനി ട്രാവൽസിന്റെ നോട്ടീസ് അയക്കുകയായിരുന്നു. എന്നാൽ സിറ്റിങ്ങിന് ട്രാവൽസ് പ്രതിനിധികൾ എത്തിയില്ല. എന്തുകൊണ്ടാണ് അന്ന് രാത്രി ബസ് സർവീസ് നടത്താതിരുന്നത് എന്നും ഭർമാനി ട്രാവൽസ് വ്യക്തമാക്കിയില്ല. ഇതോടെയാണ് കമ്മീഷൻ പിഴ ഈടാക്കിയത്. റെഡ്ബസും ഭർമാനി ട്രാവൽസും ചേർന്ന് ജയന്തിന് 10000 രൂപ നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. 30 ദിവസത്തിനുള്ളിൽ പിഴ നൽകാനാണ് നിർദേശം.
Content Highlights: The Himachal Pradesh District Consumer Commission ordered compensation for a passenger who faced inconvenience after booking a Bharmaani Travels bus ticket through RedBus in October 2023. The commission ruled in favor of the consumer, highlighting the responsibility of travel service providers and online booking platforms in ensuring reliable services.