ന്യൂഡൽഹി: ഇന്ത്യയിലെ സുരക്ഷിതവും ഉയർന്ന ശമ്പളമുള്ളതുമായ ജോലി ഉപേക്ഷിച്ച്, കൈയിൽ മറ്റൊരു ജോലി പോലുമില്ലാതെ കാനഡയിലേക്ക് വണ്ടി കയറിയത് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ യുവാവ്. ഇൻസ്റ്റാഗ്രാമിലൂടെ വിശാൽ എന്ന യുവാവാണ് കാനഡയിലേക്കുള്ള തന്റെ കുടിയേറ്റവും കഴിഞ്ഞ നാല് വർഷത്തെ ജീവിതാനുഭവങ്ങളും പങ്കുവെച്ചത്. എടുത്ത റിസ്ക് പൂർണ്ണമായും വിജയമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് വിശാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
"ജീവിതത്തിൽ ചില തീരുമാനങ്ങൾ എടുക്കുക വളരെ ബുദ്ധിമുട്ടാണ്. നാല് വർഷം മുമ്പ് ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് മാറാനുള്ള എന്റെ തീരുമാനവും അങ്ങനെ ഒന്നായിരുന്നു. വളരെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നെങ്കിലും, ഒരു പരിധി വരെ അത് അജ്ഞതയിലേക്കുള്ള ഒരു എടുത്തുചാട്ടം കൂടിയായിരുന്നു," വിശാൽ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നു.
സ്ഥിരതയുള്ളതും ഉയർന്ന വരുമാനമുള്ളതുമായ ജോലി ഉപേക്ഷിച്ചാണ് വിശാലും ഭാര്യയും കാനഡയിലെത്തിയത്. ആദ്യഘട്ടത്തിൽ കടുത്ത അനിശ്ചിതത്വങ്ങൾ നേരിട്ടെങ്കിലും ഒരു പുതിയ കുടിയേറ്റക്കാരൻ അനുഭവിക്കുന്ന എല്ലാ പ്രതിസന്ധികളിലൂടെയും കടന്നുപോയ ശേഷമാണ് തങ്ങൾ ഈ നിലയിലെത്തിയതെന്ന് അദ്ദേഹം ഓർക്കുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എടുത്ത തീരുമാനം 100% ശരിയായിരുന്നുവെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുമെന്നും വിശാൽ കൂട്ടിച്ചേർത്തു.
വിദേശത്ത് ഒരു കാറോ വീടോ വാങ്ങുന്നത് അത്ര വലിയ നേട്ടമായി താൻ കരുതുന്നില്ലെന്നും, കാരണം ഇന്ത്യയിൽ തുടർന്നാലും തങ്ങൾക്ക് അത് സാധിക്കുമായിരുന്നുവെന്നും വിശാൽ വ്യക്തമാക്കുന്നു. എന്നാൽ കാനഡയിലെ ജീവിതം തങ്ങൾക്ക് സമ്മാനിച്ച അനുഭവങ്ങളാണ് അതിനേക്കാൾ വിലമതിപ്പുള്ളത്.
"ഇന്ത്യയിലെയും കാനഡയിലെയും ജീവിതസാഹചര്യങ്ങൾ താരതമ്യം ചെയ്യുമ്പോൾ, ഇന്ന് ഞാൻ ജീവിക്കുന്ന ജീവിതത്തോടാണ് എനിക്ക് കൂടുതൽ താല്പര്യം. ഇവിടുത്തെ ശുചിത്വം, മികച്ച ജീവിതനിലവാരം, ശുദ്ധമായ വായു, ജലം എന്നിവയൊക്കെ അതിന് കാരണങ്ങളാകാം," - വിശാൽ പറയുന്നു.
തന്റെ കഥ കാനഡയിലെത്തുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ പ്രതിഫലനമാണെന്ന് വിശാൽ വിശ്വസിക്കുന്നു. പുതിയ അന്തരീക്ഷത്തോട് പൊരുത്തപ്പെടാൻ സാധിക്കുമോ എന്ന് സ്വയം വിലയിരുത്തി പലരും നാട്ടിലേക്ക് മടങ്ങാറുണ്ടെന്നും എന്നാൽ തങ്ങൾ ഇവിടെ പൂർണ്ണ സംതൃപ്തരാണെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യ വിട്ട് പുറത്തേക്ക് വന്നിരുന്നില്ലെങ്കിൽ ഈ ജീവിതാനുഭവങ്ങൾ ഒന്നും തനിക്ക് ലഭിക്കുമായിരുന്നില്ല. നമ്മൾ ശീലിച്ചുപോന്ന കംഫർട്ട് സോണില് നിന്ന് പുറത്തുകടക്കുമ്പോൾ മാത്രമാണ് ജീവിതം പുതിയ പാഠങ്ങൾ നൽകുന്നത്. പുതിയ അവസരങ്ങൾ തേടിപ്പോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമേകുന്നതാണ് ഈ ദമ്പതികളുടെ അനുഭവം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കംഫർട്ട് സോണിന് പുറത്താണ് യഥാർത്ഥ വളർച്ചയെന്നും, എടുത്ത റിസ്ക് ഫലം കണ്ടുവെന്നും നിരവധി പേർ വീഡിയോയ്ക്ക് താഴെ കുറിക്കുന്നു.
Content Hihlights: A young man left a high-paying job in India and moved to Canada in a decision that changed the course of his life. His journey highlights the risks, challenges, and opportunities involved in leaving a stable career behind to pursue new professional prospects and a different life abroad.