ഇന്ത്യയിൽ ഫിനാൻസ് വഴിയുള്ള വാങ്ങൽ കുതിക്കുന്നു. രാജ്യത്ത് സ്മാർട്ട്ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും വില ഉയരുന്നതിനിടെ ഉപഭോക്താക്കളിൽ ഭൂരിഭാഭഗവും ഫിനാൻസ് ഓപ്ഷനുകളിലേക്ക് തിരിയുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരുകാലത്ത് വാഹനങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും മാത്രമായി പരിമിതമായിരുന്ന ദീർഘകാല EMI പദ്ധതികൾ ഇപ്പോൾ സ്മാർട്ട്ഫോണുകളിലേക്കും ലാപ്ടോപ്പുകളിലേക്കും വ്യാപകമായി വ്യാപിക്കുന്നു.
ഉപഭോക്തൃ ചെലവിടൽ ശേഷി കുറഞ്ഞ സാഹചര്യത്തിൽ, വിൽപ്പന നിലനിർത്താൻ റീട്ടെയിലർമാരും ധനകാര്യ സ്ഥാപനങ്ങളും 24 മാസത്തിൽ നിന്ന് 36 മാസം വരെ നീളുന്ന EMI പദ്ധതികൾ ശക്തമായി പ്രോത്സാഹിപ്പിക്കുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി പരിശോധിച്ചാൽ ‘പ്രീമിയമൈസേഷൻ’ എന്ന പ്രവണത ശക്തമായിട്ടുണ്ട്. ഉപഭോക്താക്കൾ കൂടുതൽ വിലയുള്ള മോഡലുകളിലേക്ക് മാറുമ്പോൾ, ഒരുമിച്ച് വലിയ തുക ചെലവഴിക്കാൻ കഴിയാത്തവർക്കായി മാസതവണ പദ്ധതികൾ പ്രധാന ആശ്രയമായി മാറുകയാണ്. ഇതോടെ വിലകൂടിയ ഫോണുകളും ലാപ്ടോപ്പുകളും വാങ്ങാൻ ആളുകൾ തയ്യാറാകുന്നു എന്നാണ് വിപണി നിരീക്ഷകർ പറയുന്നത്.
രാജ്യത്ത് വിൽക്കുന്ന ഓരോ മൂന്ന് സ്മാർട്ട്ഫോണുകളിലും ഒരെണ്ണമെങ്കിലും ഇത്തരം ഫിനാൻസ് സംവിധാനം വഴിയാണ് വാങ്ങപ്പെടുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നോ-കോസ്റ്റ് ഇഎംഐ ,കുറഞ്ഞ ഡൗൺ പേയ്മെന്റ്, ഇൻസ്റ്റന്റ് ലോൺ അംഗീകാരം തുടങ്ങിയ പദ്ധതികളാണ് ഉപഭോക്താക്കളെ ഇതിലേയ്ക്ക് ആകർഷിക്കുന്നത്. ബാങ്കുകൾക്ക് പുറമെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപങ്ങളും, ഫിൻടെക് കമ്പനികളും ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ ചിപ്പുകൾ ഉൾപ്പെടെയുള്ള ഘടകങ്ങളുടെ വില വർധിച്ചതോടെ സ്മാർട്ട്ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും നിർമ്മാണ ചെലവ് ഗണ്യമായി ഉയർന്നിട്ടുണ്ട്. ഇതിന്റെ ഫലമായി നിരവധി ബ്രാൻഡുകൾ ഇതിനകം തന്നെ വില വർധിപ്പിച്ചിരിക്കുകയാണ്. 2026-ൽ ശരാശരി സ്മാർട്ട്ഫോൺ വിലകൾ വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി ഗവേഷണ സ്ഥാപനങ്ങളുടെ വിലയിരുത്തൽ.
വില വർധനയും ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയിലെ സമ്മർദവും കണക്കിലെടുത്താണ് റീട്ടെയിലർമാർ 36 മാസ EMI പോലുള്ള ദീർഘകാല വായ്പാ പദ്ധതികൾ മുന്നോട്ടുവയ്ക്കുന്നത്.
മാസതവണ കുറയുന്നതിനാൽ ഉയർന്ന വിലയുള്ള സാധങ്ങൾ പോലും കൂടുതൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുമെന്നാണ് കമ്പനികളുടെ കണക്ക് കൂട്ടൽ. പ്രത്യേകിച്ച് 50,000 മുതൽ 1 ലക്ഷം വരെയുള്ള പ്രീമിയം സ്മാർട്ട്ഫോണുകൾക്കും ഹൈ പെർഫോമൻസ് ലാപ്ടോപ്പുകൾക്കും ഇത്തരം പദ്ധതികൾ വഴി വിൽപ്പന വർധിപ്പിക്കുമെന്ന് കച്ചവടക്കാർ പ്രതീക്ഷിക്കുന്നു. അതേസമയം ഈ ട്രെന്റിനൊപ്പം തന്നെ വായ്പാ തിരിച്ചടവ് മുടങ്ങൽ വർധിക്കുന്നു എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ടെക് ഉപകരണങ്ങളുടെ വില വർധിക്കുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കളുടെ വാങ്ങൽ തീരുമാനങ്ങളിൽ ഇഎംഐ പദ്ധതികൾ നിർണായക ഘടകമായി മാറുകയാണ്. വരും മാസങ്ങളിൽ 36 മാസ ഇഎംഐ പദ്ധതികൾ കൂടുതൽ വ്യാപകമാകുകയും സ്മാർട്ട്ഫോൺ-ലാപ്ടോപ്പ് വിപണിയിലെ വിൽപ്പനയെ നേരിട്ട് സ്വാധീനിക്കുകയും ചെയ്യുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. മാസതവണയുടെ ഭാരം കുറച്ച് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനികളുടെ ശ്രമമെങ്കിലും, എളുപ്പത്തിലുള്ള വായ്പാ സൗകര്യങ്ങൾക്കൊപ്പം തിരിച്ചടവ് ശേഷിയും സാമ്പത്തിക ബാധ്യതകളും കൃത്യമായി വിലയിരുത്തിയ ശേഷമേ ഉപഭോക്താക്കൾ ഇത്തരം പദ്ധതികളിലേക്ക് കടക്കാവൂ എന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
Content Highlights: More Indians finance smartphones, laptops amid rising costs, retailers push for 36-month EMIs to drive sales
.