പ്രതിസന്ധികൾക്കിടയിലും പെട്രോളിന് വില കുറച്ച് പാകിസ്താൻ; ഇനിയും കുറച്ചേക്കുമെന്നും റിപ്പോർട്ട്

യുഎസ് ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം പാകിസ്താൻ നിരന്തരം എണ്ണവില പരിശോധിച്ചുവരുന്നുണ്ട്.

പശ്ചിമേഷ്യൻ യുദ്ധം മൂലമുണ്ടായ പ്രതിസന്ധി ഇന്ത്യയെ ചെറുതായല്ല ബാധിച്ചത്. വിതരണ മേഖലയിൽ ഉണ്ടായ പ്രശ്നങ്ങൾ, ക്രൂഡ് ഓയിലിനുണ്ടായ വിലവർധനവ് തുടങ്ങിയവയെല്ലാം രാജ്യത്ത് പെട്രോൾ, ഡീസൽ വിലവർധനവിനും വിലക്കയറ്റത്തിനും കാരണമായിരിക്കുകയാണ്. പെട്രോൾ, ഡീസൽ വിലവർധനനവാണ് ഇതിൽ ജനത്തെ ഏറ്റവും ദുരിതത്തിലാക്കിയ ഘടകം. നിത്യേന യാത്രകൾ ഉള്ളവർ തുടങ്ങി നിരവധി പേരെയാണ് ഇത് ബാധിച്ചിരിക്കുന്നത്. ഗതാഗത മേഖലയെയും ഇത് ബാധിച്ചിട്ടുണ്ട്.

ഇന്ത്യയെ മാത്രമല്ല, ഇന്ധന ഇറക്കുമതി രാജ്യങ്ങളെ എല്ലാം വിലവർധനവ് ബാധിച്ചിട്ടുണ്ട്. എന്നാൽ ഇതിനിടെ പാകിസ്താനിൽ നിന്ന് ഒരു വാർത്ത വരികയാണ്. പാകിസ്താൻ പെട്രോൾ വില കുറച്ചു എന്നതാണത്. ലിറ്ററിന് 4 രൂപയാണ് പാകിസ്താൻ കുറച്ചത്. ഡീസൽ നിരക്ക് കുറച്ചിട്ടില്ല. ഇനിയും നിരക്ക് കുറച്ചേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും പാക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

പെട്രോളിന്റെ വില 381.78 രൂപയിൽ നിന്ന് 377.79 രൂപയായാണ് കുറച്ചത്. നാലാമത്തെ തവണയാണ് സർക്കാർ പെട്രോൾ വില കുറയ്ക്കുന്നത്. ഇതുവരെയ്ക്കും 37 രൂപയാണ് കുറച്ചത്. കഴിഞ്ഞയാഴ്ച മാത്രം 22 രൂപയാണ് കുറച്ചത്. 125 രൂപയാണ് പെട്രോളിന് മേൽ പാകിസ്താൻ സർക്കാർ ചുമത്തിയിരിക്കുന്ന നികുതി. യുഎസ് ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം പാകിസ്താൻ നിരന്തരം എണ്ണവില പരിശോധിച്ചുവരുന്നുണ്ട്.

പാകിസ്താൻ സർക്കാരും മാധ്യമങ്ങളും പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഹൈ-സ്പീഡ് ഡീസലിന്റെ എക്സ്-ഡിപ്പോ വില അടുത്ത ആഴ്ചത്തേക്ക് ലിറ്ററിന് 380.78 രൂപയായി തുടരും. നേരത്തെ ഏപ്രിൽ മാസത്തിൽ ഈ ഡീസലിന്റെ വില 520 രൂപയായിരുന്നു. 140 രൂപ കുറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ചരക്കുനീക്കത്തിനടക്കം ആളുകൾ ആശ്രയിക്കുന്ന ഇന്ധനമാണ് ഹൈ-സ്പീഡ് ഡീസൽ. കസ്റ്റംസ് ഡ്യൂട്ടി, പെട്രോളിയം ലെവി അടക്കം ഒരുപാട് അധികനിരക്കുകൾ പാകിസ്താൻ സർക്കാർ ചാർജ് ചെയ്യുന്നുണ്ട്.

Content Highlights: Pakistan has reduced petrol prices again, bringing the rate down from 381.78 to 377.79 rupees. This marks the fourth consecutive price cut by the government. Overall, petrol prices have been reduced by 37 rupees so far, with a significant 22-rupee cut implemented just last week.

To advertise here,contact us