പരസ്യമില്ലാത്ത ഫേസ്ബുക്ക്, പ്രീമിയം ഇന്‍സ്റ്റ, എഐ ടൂളുള്ള വാട്ട്‌സ്ആപ്പ്; മെറ്റ പ്ലസ് ഒരുങ്ങുന്നു

നിലവില്‍ ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരിക്കുന്ന മെറ്റ വെരിഫൈഡ് സേവനങ്ങളെക്കാള്‍ വിപുലമായ സംവിധാനമായിരിക്കും ഇത്

മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയ്ക്ക് കൂടുതല്‍ പ്രീമിയം സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ മെറ്റ പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനം അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്ക് പ്രത്യേക ഫീച്ചറുകള്‍, മെച്ചപ്പെട്ട സുരക്ഷ, എഐ അടിസ്ഥാനത്തിലുള്ള ടൂളുകള്‍ എന്നിവ പണമടച്ച് ഉപയോഗിക്കാനാകുന്ന രീതിയിലായിരിക്കും പുതിയ സേവനങ്ങള്‍ എത്തുക.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, മെറ്റ പ്ലസ് എന്ന പേരില്‍ വിവിധ തലങ്ങളിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവില്‍ ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരിക്കുന്ന മെറ്റ വെരിഫൈഡ് സേവനങ്ങളെക്കാള്‍ വിപുലമായ സംവിധാനമായിരിക്കും ഇത്. ഉപയോക്താക്കള്‍ക്ക് പരസ്യരഹിത അനുഭവം, പ്രത്യേക എഡിറ്റിങ് ടൂളുകള്‍, എഐ ചാറ്റ് സഹായം, ഉയര്‍ന്ന നിലവാരത്തിലുള്ള സ്വകാര്യതാ നിയന്ത്രണങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കാമെന്നാണ് സൂചന.

മാര്‍ക്ക് സക്കര്‍ബര്‍ഗ് നയിക്കുന്ന മെറ്റ, പരസ്യവരുമാനത്തെ മാത്രം ആശ്രയിക്കുന്ന മോഡലില്‍ നിന്ന് കൂടുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത വരുമാനത്തിലേക്ക് നീങ്ങാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയെ ഒരുമിപ്പിക്കുന്ന തരത്തിലുള്ള പെയ്ഡ് എക്കോസിസ്റ്റം രൂപപ്പെടുത്തുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാട്ട്‌സ്ആപ്പില്‍ ബിസിനസ് ഉപയോക്താക്കള്‍ക്ക് അധിക ക്ലൗഡ് സ്റ്റോറേജ്, എഐ ഓട്ടോമേഷന്‍, കസ്റ്റമര്‍ സര്‍വീസ് ടൂളുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ പ്രത്യേക പെയ്ഡ് ഫീച്ചറുകള്‍ ലഭിക്കാനിടയുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫഷണല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കായി ഉയര്‍ന്ന നിലവാരത്തിലുള്ള വിഡിയോ എഡിറ്റിങ്, റീച്ച് അനലിറ്റിക്‌സ്, എക്‌സ്‌ക്ലൂസീവ് പ്രൊമോഷന്‍ ടൂളുകള്‍ എന്നിവയും അവതരിപ്പിക്കാമെന്നാണ് സൂചന.

വിദേശത്ത് പലയിടത്തും മെറ്റയുടെ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫേസ്ബുക്ക് പ്ലസ് 3.99 ഡോളര്‍ (ഇന്ത്യന്‍ രൂപ ഏകദേശം 387), വാട്‌സ്ആപ്പ് പ്ലസ് 2.99 ഡോളര്‍ (290 രൂപ) എന്നിങ്ങനെയാണ് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ നിരക്കുകളുമായി ബന്ധപ്പെട്ട് മെറ്റ ഔദ്യോഗിക പ്രതികണങ്ങളൊന്നും നടത്തിയിട്ടില്ല. നിലവില്‍ മെറ്റ എഐ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും തയ്യാറാക്കുന്നവര്‍ക്ക് പരിധി ഏര്‍പ്പെടുത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്. അണ്‍ലിമിറ്റഡ് ആക്‌സസ് സബ്‌സ്‌ക്രൈബ് ചെയ്ത ഉപയോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് സൂചന.

അതേസമയം, സാധാരണ ഉപയോക്താക്കള്‍ക്ക് നിലവിലുള്ള അടിസ്ഥാന സേവനങ്ങള്‍ സൗജന്യമായിരിക്കുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ അധിക സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കായി മാത്രമായിരിക്കും. സോഷ്യല്‍ മീഡിയ രംഗത്ത് ടിക്ടോക്, സ്‌നാപ് ചാറ്റ്, എക്‌സ്. തുടങ്ങിയ കമ്പനികളും ഇതിനകം പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ മോഡലുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനാല്‍ മെറ്റയുടെ പുതിയ നീക്കം സോഷ്യല്‍ മീഡിയ മേഖലയിലെ മത്സരം കൂടുതല്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍.

Content Highlights: Meta has introduced paid Plus subscriptions for Instagram, Facebook and WhatsApp, alongside new Meta One plans. The move signals that Meta is no longer relying only on ads for revenue.

To advertise here,contact us