പൊതുമേഖല ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ രണ്ടുശതമാനം ഓഹരികള്‍ വില്ക്കാന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഏകദേശം 10,000 കോടി രൂപവരെ ഇതുവഴി സമാഹരിക്കുകയാണ് ലക്ഷ്യം. ജൂണ്‍ അവസാനം അല്ലെങ്കില്‍ ജൂലൈ ആദ്യം വില്‍പ്പന നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും നിക്ഷേപക സ്ഥാപനങ്ങള്‍ക്കാകും ഓഹരികള്‍ കൈമാറുക.
കേന്ദ്ര നിക്ഷേപ-പൊതു ആസ്തി കൈകാര്യ വകുപ്പ് നിക്ഷേപ ഉപദേശക സ്ഥാപനങ്ങളുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഗോള്‍ഡ്മാന്‍ സാക്സ് ഗ്രൂപ്പ്, മോത്തിലാല്‍ ഒസ്വാള് ഇന്‍വെസ്റ്റ്മെന്റ് അസേഴ്സ്, ബിഎന്‍പി പാരിബ എസ്എ, ഐഐഎഫ്എല്‍ കാപിറ്റല്‍ സര്‍വീസസ് എന്നിവയെ ആണ് ഇതിനായി സമീപിച്ചിട്ടുള്ളതെന്നാണ് വിവരം.
2022 മേയില്‍ നടന്ന എല്‍ഐസി ഐപിഒയില്‍ സര്‍ക്കാര്‍ 3.5 ശതമാനം ഓഹരികളായിരുന്നു വിറ്റഴിച്ചത്. അന്ന് രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയിരുന്നു എല്‍ഐസിയുടേത്. ഏകദേശം 21,000 കോടി രൂപയാണ് സമാഹരിച്ചത്. നിലവില്‍ എല്‍ഐസിയുടെ 96.5 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണ്. സെബി നിയമമനുസരിച്ച് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ പൊതുഓഹരി പങ്കാളിത്തം 25 ശതമാനമായി ഉയര്‍ത്തേണ്ടതുണ്ട്. ഇതിനായി 10 വര്‍ഷത്തെ സമയമാണ് എല്‍ഐസിക്ക് അനുവദിച്ചിട്ടുള്ളത്.
ഐപിഒയ്ക്ക് ശേഷം എല്‍ഐസി ഓഹരികള്‍ ഏറെക്കാലം സമ്മര്‍ദ്ദത്തിലായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വില ഉയര്‍ന്നതോടെ വീണ്ടും വില്‍പ്പനയ്ക്ക് അനുകൂല സാഹചര്യമാണെന്നാണ് വിലയിരുത്തല്‍. വിപണിയിലെ അനുകൂല സാഹചര്യവും എല്‍ഐസി ഓഹരികളിലെ നിക്ഷേപകരുടെ താല്പര്യവും പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക കേന്ദ്ര സര്‍ക്കാരിന്റെ ഡിസിന്‍വെസ്റ്റ്മെന്റ് ലക്ഷ്യങ്ങള്‍ക്ക് സഹായകരമാകും.
അതേസമയം, എല്‍ഐസിയുടെ സാമ്പത്തിക പ്രകടനവും അടുത്തിടെ മെച്ചപ്പെട്ടിട്ടുണ്ട്. ഇന്‍ഷുറന്‍സ് പ്രീമിയം വരുമാനം, നിക്ഷേപ ലാഭം, വിപണി മൂല്യവര്‍ധന എന്നിവ കമ്പനിയ്ക്ക് പിന്തുണയായി. രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ എല്‍ഐസി ഇപ്പോഴും ഏറ്റവും വലിയ സ്ഥാപനമായി തുടരുകയാണ്. ഓഹരി വില്‍പ്പനയ്ക്ക് അന്തിമാനുമതി ലഭിച്ചാല്‍ അടുത്ത മാസം തന്നെ ഒഎഫ്എസ് നടപടികള്‍ ആരംഭിക്കാനിടയുണ്ടെന്നാണ് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിക്ഷേപകര്‍ക്ക് ഇതില്‍ വലിയ താല്‍പര്യമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Content Highlights: Govt is likely to begin formal marketing next month for a planned share sale in Life Insurance Corporation of India that could raise as much as ₹10,000 crore, according to people familiar with the matter. The government plans to sell a stake of about 2% in the state-run insurer in late June or early July