ഭവന വായ്പ എടുക്കാന്‍ പോകുകയാണോ? എഗ്രിമെന്റിലെ ഈ 7 ചാർജുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ പോക്കറ്റ് കീറും

കാലാവധി പൂർത്തിയാകുന്നതിന് മുൻപായി വായ്പ ഭാഗികമായോ പൂർണ്ണമായോ തിരിച്ചടയ്ക്കാൻ പലരും ആഗ്രഹിക്കാറുണ്ട്

സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഭവനവായ്പയെടുക്കാൻ ഒരുങ്ങുകയാണോ? ബാങ്കുകൾ നൽകുന്ന ആകർഷകമായ പലിശ നിരക്കുകൾ മാത്രം കണ്ട് വായ്പാ കരാറിൽ ഒപ്പിട്ടാൽ ലക്ഷക്കണക്കിന് രൂപ അധികച്ചെലവായി പോക്കറ്റിൽ നിന്ന് ചോരാൻ സാധ്യതയുണ്ടെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലാലോ. വായ്പ എടുക്കുമ്പോഴും നിലവിലെ വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുമ്പോഴും പലിശ നിരക്കിന് അപ്പുറമുള്ള ഫീസുകളും നിബന്ധനകളും കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. വായ്പാ കരാറുകളിൽ ഇടപാടുകാർ പ്രത്യേകം ശ്രദ്ധിക്കേണ്ട 7 പ്രധാന ചെലവുകൾ താഴെ പറയുന്നവയാണ്.

തുടക്കത്തിലെ ഫീസുകൾ (പ്രോസസിംഗ്, ലീഗൽ, സ്റ്റാറ്റ്യൂട്ടറി ചെലവുകൾ)

വായ്പാ അപേക്ഷ വിലയിരുത്തൽ, രേഖകളുടെ പരിശോധന, ക്രെഡിറ്റ് സ്കോർ പരിശോധന എന്നിവയ്ക്കായി ബാങ്കുകൾ പ്രോസസിംഗ് ഫീസ് ഈടാക്കുന്നു. ഇത് സാധാരണയായി വായ്പാ തുകയുടെ 0.25% മുതൽ 1% വരെയാകാം. പ്രോപ്പർട്ടിയുടെ ഉടമസ്ഥാവകാശവും വിപണി മൂല്യവും ഉറപ്പുവരുത്താൻ ലീഗൽ, ടെക്നിക്കൽ പരിശോധനാ ഫീസായി 5,000 രൂപ മുതൽ 15,000 രൂപ വരെ വരും. ഇതുകൂടാതെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ്, എം.ഒ.ഡി.ടി (MODT) എന്നിവയും തുടക്കത്തിൽ തന്നെ കണ്ടെത്തേണ്ടിവരും. പല ബാങ്കുകളും 'സീറോ പ്രോസസിംഗ് ഫീസ്' വാഗ്ദാനം ചെയ്യുമ്പോൾ മറ്റ് അനുബന്ധ ഫീസുകൾ ചുമത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.

പ്രീ-പേയ്‌മെന്റ് പിഴയും നിബന്ധനകളും

കാലാവധി പൂർത്തിയാകുന്നതിന് മുൻപായി വായ്പ ഭാഗികമായോ പൂർണ്ണമായോ തിരിച്ചടയ്ക്കാൻ പലരും ആഗ്രഹിക്കാറുണ്ട്. റിസർവ് ബാങ്ക് (RBI) നിർദേശപ്രകാരം ഫ്ലോട്ടിംഗ് പലിശ നിരക്കിലുള്ള ഭവനവായ്പകൾക്ക് പ്രീ-പേയ്‌മെന്റ് പിഴ പാടില്ല. എന്നാൽ ഫിക്സഡ്, ഹൈബ്രിഡ് പലിശ നിരക്കുകളിലുള്ള വായ്പകൾക്ക് തിരിച്ചടയ്ക്കാൻ ബാക്കിയുള്ള തുകയുടെ 4% വരെ പിഴ ഈടാക്കാറുണ്ട്. ഭാഗിക തിരിച്ചടവ് നടത്തുമ്പോൾ ഇ.എം.ഐ തുക കുറയ്ക്കണോ അതോ കാലാവധി കുറയ്ക്കണോ എന്ന കാര്യത്തിൽ മുൻകൂട്ടി വ്യക്തത വരുത്തുന്നത് വലിയ തുക ലാഭിക്കാൻ സഹായിക്കും.

പലിശ വ്യവസ്ഥ മാറ്റുമ്പോഴുള്ള ഫീസ് (കൺവേർഷൻ ചാർജ്ജ്)

വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ഫ്ലോട്ടിംഗ് നിരക്കിൽ നിന്ന് ഫിക്സഡ് നിരക്കിലേക്കോ തിരിച്ചോ മാറാൻ ബാങ്കുകൾ സൗകര്യം നൽകാറുണ്ട്. എന്നാൽ, ഇതിനായി ബാക്കിയുള്ള വായ്പാ തുകയുടെ 0.25% മുതൽ 0.50% വരെ കൺവേർഷൻ ഫീസായി നൽകേണ്ടിവരും. ഉദാഹരണത്തിന്, 40 ലക്ഷം രൂപ കുടിശ്ശികയുള്ള ഒരാൾക്ക് 10,000 മുതൽ 20,000 രൂപ വരെ ഇതിനായി ചെലവാകും. ലഭിക്കുന്ന പലിശയിളവ് ഈ ഫീസിനേക്കാൾ ലാഭകരമാണെങ്കിൽ മാത്രമേ ഇത്തരം മാറ്റങ്ങൾക്ക് മുതിരാവൂ.

ബാലൻസ് ട്രാൻസ്ഫർ ചെലവുകൾ

കുറഞ്ഞ പലിശ വാഗ്ദാനം കണ്ട് നിലവിലെ ബാങ്കിൽ നിന്ന് വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുമ്പോൾ പുതിയ ബാങ്കിലും പ്രോസസിംഗ് ഫീസ്, ലീഗൽ ഫീസ്, മൂല്യനിർണ്ണയ ഫീസ് എന്നിവ നൽകേണ്ടിവരും. പഴയ വായ്പ ഫിക്സഡ് നിരക്കിലാണെങ്കിൽ അവിടെ ഫോർക്ലോഷർ ചാർജ്ജും നൽകേണ്ടിവരാം. പുതിയ ബാങ്കിലെ ആകെ ലാഭം ഈ ചെലവുകളേക്കാൾ വളരെ കൂടുതലാണെങ്കിൽ മാത്രമേ ബാലൻസ് ട്രാൻസ്ഫർ ഗുണം ചെയ്യൂ.

തിരിച്ചടവ് വൈകിയാലുള്ള ഭീമമായ പിഴ

ഇ.എം.ഐ അടവ് മുടങ്ങിയാൽ കുടിശ്ശിക തുകയ്ക്ക് പ്രതിമാസം 3% വരെ ലേറ്റ് പേയ്‌മെന്റ് പിഴയും ചെക്ക്/ഇ.സി.എസ് ബൗൺസ് ചാർജ്ജും ബാങ്കുകൾ ഈടാക്കാം. ഭൂരിഭാഗം ബാങ്കുകളും 5 മുതൽ 10 ദിവസം വരെ ഗ്രേസ് പിരീഡ് അനുവദിക്കാറുണ്ട്. തിരിച്ചടവ് മുടങ്ങുന്നത് വലിയ തുക നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല, സിബിൽ (ക്രെഡിറ്റ്) സ്കോറിനെ ദോഷകരമായി ബാധിക്കുകയും ഭാവിയിൽ വായ്പകൾ ലഭിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് ഒഴിവാക്കാൻ ബാങ്ക് അക്കൗണ്ടുകളിൽ ഓട്ടോ-ഡെബിറ്റ് സൗകര്യം ഉറപ്പാക്കുക.

നിർബന്ധിത ഇൻഷുറൻസ് അടിച്ചേൽപ്പിക്കൽ

ഭവനവായ്പ എടുക്കുമ്പോൾ കെട്ടിടത്തിന് വേണ്ടിയുള്ള 'പ്രോപ്പർട്ടി ഇൻഷുറൻസ്' മാത്രമാണ് സാധാരണയായി ബാങ്കുകൾ നിർബന്ധമാക്കുന്നത്. വായ്പയെടുത്തയാൾ മരണപ്പെട്ടാൽ ബാധ്യത തീർക്കാനുള്ള 'ലോൺ പ്രൊട്ടക്ഷൻ ഇൻഷുറൻസ്' (ടേം പ്ലാൻ) ഓപ്ഷണൽ മാത്രമാണ്. പല ബാങ്കുകളും വലിയ തുകയുടെ സിംഗിൾ പ്രീമിയം ഇൻഷുറൻസുകൾ വായ്പയോടൊപ്പം ചേർത്ത് നൽകാറുണ്ട്. വായ്പ നൽകുന്ന ബാങ്കിന്റെ പങ്കാളികളിൽ നിന്ന് തന്നെ ഇൻഷുറൻസ് എടുക്കണമെന്ന് നിർബന്ധമില്ല; വിപണിയിൽ നിന്ന് അനുയോജ്യവും കുറഞ്ഞ നിരക്കിലുള്ളതുമായ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാൻ ഉപഭോക്താവിന് പൂർണ്ണ അവകാശമുണ്ട്.

സെർസായ് (CERSAI) ചാർജ്ജുകൾ

ഒരു വസ്തു കാണിച്ച് ഒന്നിലധികം ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്ന തട്ടിപ്പുകൾ തടയാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള കേന്ദ്രീകൃത രജിസ്ട്രേഷൻ സംവിധാനമാണ് സെർസായ്. 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 50 രൂപയും ജി.എസ്.ടിയും, 5 ലക്ഷത്തിന് മുകളിലുള്ളവയ്ക്ക് 100 രൂപയും ജി.എസ്.ടിയുമാണ് ഇതിന്റെ ഫീസ്. തുക നാമമാത്രമാണെങ്കിലും, വായ്പ പൂർണ്ണമായി തിരിച്ചടച്ച ശേഷം ഈ പോർട്ടലിൽ ബാധ്യത തീർന്നതായി (Satisfied) രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം വസ്തു പിന്നീട് വിൽക്കുന്നതിനോ മറ്റ് വായ്പകൾ എടുക്കുന്നതിനോ തടസ്സമുണ്ടാകും.

പലിശ നിരക്കുകൾ തമ്മിലുള്ള വ്യത്യാസം ലക്ഷങ്ങൾ ലാഭിക്കാൻ സഹായിക്കുമെങ്കിലും, പ്രോസസിംഗ് ഫീസിലെ വിലപേശലുകൾ, വേണ്ടാത്ത ഇൻഷുറൻസുകൾ ഒഴിവാക്കൽ, പ്രീ-പേയ്‌മെന്റ് നിബന്ധനകൾ മനസ്സിലാക്കൽ എന്നിവയിലൂടെയും വലിയൊരു തുക ലാഭിക്കാൻ കഴിയും. വായ്പാ കരാർ ഒപ്പിടുന്നതിന് മുൻപ് അതിലെ ഓരോ നിബന്ധനകളും കൃത്യമായി വായിച്ചു മനസ്സിലാക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം.

Content Highlights: Planning to take a home loan? The interest rate is not the only cost you need to consider. Processing and legal fees, prepayment conditions, conversion charges, balance transfer costs, late payment penalties, insurance expenses and CERSAI charges can add to your overall borrowing cost. Checking these seven charges carefully before signing the loan agreement can help borrowers avoid unexpected expenses and save money.

To advertise here,contact us